അന്വേഷണത്തിന്റെ പേരിൽ യുവതിയുടെ കിടപ്പുമുറിയിൽ കയറി, പൊലീസിന് പിഴയിട്ട് ഹൈക്കോടതി

നാഗ്പൂർ: നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ യുവതിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് നടപടി സ്വകാര്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനമാണെന്ന് ബോംബെ ഹൈക്കോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ് സ്വകാര്യതയെന്ന് കോടതി ഓർമ്മിപ്പിച്ചു.
സംഭവത്തിൽ ഇരയായ 26-കാരിക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് കോടതി ഉത്തരവിട്ടു. ഈ തുക വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനിൽ നിന്ന് നേരിട്ട് ഈടാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഊർമിള ജോഷി ഫാൽക്കെ, നിവേദിത മേത്ത എന്നിവരടങ്ങിയ നാഗ്പൂർ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.
നാഗ്പൂരിലെ സാവോനർ സ്വദേശിനിയായ യുവതിയാണ് പൊലീസ് അതിക്രമം ചൂണ്ടികാട്ടി ഹർജി നൽകിയത്. കാർ അപകടവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന് അവകാശപ്പെട്ട് നോട്ടീസ് പോലും നൽകാതെ യുവതിയുടെ വീട്ടിലും കിടപ്പുമുറിയിലും അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത പ്രകാരമുള്ള യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ യുവതിയുടെ മൊബൈൽ ഫോൺ രണ്ട് ദിവസത്തേക്ക് പൊലീസ് കൈവശപ്പെടുത്തുകയും ചെയ്തു.
യുവതിയോ ഭർത്താവോ ഈ കേസിൽ പ്രതികളല്ലെന്നിരിക്കെ തങ്ങളെ നിരന്തരം സന്ദർശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഹർജിയിൽ പരാതിപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ നിയമലംഘനം ഉണ്ടായതായി കോടതി പറഞ്ഞു.
കേസ് അന്വേഷണമായാലും
നിയമം പാലിക്കണം
ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത് എന്ന പൊലീസ് വാദം കോടതി പൂർണ്ണമായി തള്ളി. കുറ്റകൃത്യം അന്വേഷിക്കുന്നു എന്നത് നിയമം അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കാനുള്ള ലൈസൻസല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പണം നൽകുന്നത് വഴി ഒരു വ്യക്തിയുടെ അന്തസ്സിനുണ്ടായ മുറിവ് പൂർണ്ണമായി ഉണക്കാനാവില്ല. എങ്കിലും, ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടവർക്ക് ഇത് ആശ്വാസമേകും. കൂടാതെ, അന്വേഷണ അധികാരം നിയമപരമായി മാത്രമേ വിനിയോഗിക്കാവൂ എന്നും അത് ആരുടെയും തന്നിഷ്ടപ്രകാരം ആകരുതെന്നുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പിഴയെന്ന് കോടതി വ്യക്തമാക്കി.











0 comments