ലഡാക്കിലെ ലേ വിമാനത്താവളത്തിൽ ഹെറോയിനുമായി ഇൻഡിഗോ എൻജിനീയർ പിടിയിൽ

പ്രതീകാത്മക ചിത്രം
ലേ: ലഡാക്കിലെ ലേ വിമാനത്താവളത്തിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി ഇൻഡിഗോ എയർലൈൻസിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറെ ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശ് മാണ്ഡി സ്വദേശിയായ അജയ് ഠാക്കൂർ (22) ആണ് പിടിയിലായത്.
നഗരത്തിൽ എഎൻടിഎഫ് സംഘം നടത്തിയ പതിവ് പട്രോളിങ്ങിനിടയിൽ ഇയാൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കൈവശം സൂക്ഷിച്ചിരുന്ന 2.27 ഗ്രാം ഹെറോയിൻ കണ്ടെടുത്തത്. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലഡാക്കിലെ യുവാക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെയും വിമാനത്താവള ജീവനക്കാരെയും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ഒറ്റയ്ക്കായിരുന്നോ അതോ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ കണ്ണിയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ഈ വർഷം ഇതുവരെ കേന്ദ്രഭരണ പ്രദേശത്തുടനീളം 33 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 27 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിവധ റെയ്ഡുകളിലായി 3.523 കിലോഗ്രാം ചരസ്, 4.9 കിലോഗ്രാം കഞ്ചാവ്, 40.39 ഗ്രാം ഹെറോയിൻ, 1.709 കിലോഗ്രാം ബ്രൗൺ ഷുഗർ, 289 മില്ലിഗ്രാം കൊക്കെയ്ൻ എന്നിവ സുരക്ഷാ ഏജൻസികൾ പിടിച്ചെടുത്തു.
ലേ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. യുവാക്കൾ മയക്കുമരുന്നിന് ഇരയാകുന്നത് തടയാൻ പൊതുജനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.











0 comments