ad
Deshabhimani

ലോർഡ്‌സ് ചരിത്രത്തിലെ ആദ്യ വനിതാ ടെസ്റ്റ് മത്സരം; ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്ത് ഇന്ത്യൻ വനിതകൾ

ind w wins lords

Photo Credit:ICC

വെബ് ഡെസ്ക്

Published on Jul 13, 2026, 05:27 PM | 1 min read

ലണ്ടൻ: ഇംഗ്ലണ്ട് മണ്ണിൽ ചരിത്രവിജയം കുറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ലോർഡ്സിൽ നടന്ന ചരിത്രത്തിലെ ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 270 റൺസിനാണ് ഹർമൻപ്രീത് കൗറും സംഘവും തകർത്തത്. ഇന്ത്യ ഉയർത്തിയ 457 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 186 റൺസിന് പുറത്തായി.


ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ സ്മൃതി മന്ദാന (83), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (58), ദീപ്തി ശർമ (57) എന്നിവരുടെ അർധസെഞ്ചുറി മികവിൽ 285 റൺസെടുത്തു.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 5 വിക്കറ്റ് വീഴ്ത്തിയ ക്രാന്തി ഗൗഡിന്റെ തകർപ്പൻ ബൗളിങ് പ്രകടനമാണ് 170 റൺസിൽ ഒതുക്കിയത്. ക്യാപ്റ്റൻ നാറ്റ് സിവർ ബ്രണ്ട് (44) ആമി ജോൺസ് (52) എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.


115 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 341 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു.


യാസ്തിക ഭാട്ടിയ (113) തകർപ്പൻ സെഞ്ചുറി നേടിയപ്പോൾ, ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറർ സ്മൃതി മന്ദാന (70), റിച്ചാ ഘോഷ് (50*) എന്നിവർ അർധസെഞ്ചുറി തികച്ചു. ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റൺ 5 വിക്കറ്റ് വീഴ്ത്തി.


457 റൺസിന്റെ കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യൻ ബൗളിങ് നിരയ്ക്ക് മുന്നിൽ മറുപടിയില്ലായിരുന്നു. രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണയും 2 വിക്കറ്റ് വീതം വീഴ്ത്തിയ സയാലി സത്ഗരെ, ക്രാന്തി ഗൗഡ്, ദീപ്തി ശർമ എന്നിവരും ചേർന്ന് ഇംഗ്ലണ്ടിനെ തകർത്തു.


50 റൺസെടുത്ത സോഫി എക്ലസ്റ്റണും 54 റൺസെടുത്ത ആമി ജോൺസും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഇതോടെ നാലാം ദിവസം ലോർഡിലെ ആദ്യ വനിതാ ടെസ്റ്റിൽ ചരിത്ര വിജയം ഇന്ത്യ സ്വന്തമാക്കിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home