ആംബുലൻസ് എത്തിയില്ല: മൃതദേഹം റോഡരികിൽ കിടന്നത് അരമണിക്കൂർ

രഞ്ജിത്ത്
നാദാപുരം: കോഴിക്കോട് വിഷ്ണുമംഗലം പുഴയിൽ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം അധികൃതരുടെ അനാസ്ഥയെ തുടർന്ന് റോഡരികിൽ കിടന്നത് അരമണിക്കൂറിലേറെ. രാവിലെ പത്തോടെയാണ് പുഴയിൽനിന്നും വളയം ചെക്യാട് റോഡിലെ ഇടിക്കുന്നുമ്മൽ രഞ്ജിത്തിന്റെ (43) മൃതദേഹം അഗ്നിരക്ഷാസേന സംഘം പുറത്തെടുത്തത്.
ആംബുലൻസ് ഇല്ലാത്തതിനാൽ മൃതദേഹം സമീപത്തായി ചെക്യാട് പഞ്ചായത്ത് പുതുതായി നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്കിൽ കിടത്തുകയായിരുന്നു. അരമണിക്കൂറിലേറെ കാത്തിരുന്നതിനുശേഷമാണ് ആംബുലൻസ് എത്തിയത്. അധികൃതരുടെ വീഴ്ചയാണ് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
തിങ്കൾ പുലർച്ചെ കളിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ് രഞ്ജിത്ത്. പിന്നീട് കാണാനില്ലെന്നുകാട്ടി ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചിരുന്നു. രാവിലെ വിഷ്ണുമംഗലം പാലത്തിന് സമീപം റോഡരികിലായി രഞ്ജിത്ത് സഞ്ചരിച്ച സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സ്കൂട്ടറിൽ കുടയും രഞ്ജിത്തിന്റെ ചെരുപ്പും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് യുവാവ് പുഴയിൽ ഒഴുക്കിൽപ്പെട്ടതാകാം എന്ന സംശയത്തിലാണ് നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചിൽ ആരംഭിച്ചത്. രണ്ടുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. വടകര ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.










0 comments