നോളന്റെ 'ഒഡീസി' വരുന്നു: ഹോമറിന്റെ ഇതിഹാസ ഭൂമികൾ കണ്ടെത്താൻ വീണ്ടും ലോകം !

ലഫ്ബറോ: ഹോളിവുഡ് മാന്ത്രികൻ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമായ 'ഒഡീസി' റിലീസിന് ഒരുങ്ങവെ കഥയുടെ പശ്ചാത്തലമായ ഹോമറിന്റെ വിഖ്യാത ഇതിഹാസ കാവ്യത്തിലെ ഭൂമിശാസ്ത്രത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. ഒഡീസിയസ് രാജാവിന്റെ പത്ത് വർഷം നീണ്ട യാത്രാപഥങ്ങൾ പുരാണമല്ല മറിച്ച് യഥാർഥ്യമാണെന്ന വാദവുമായി ഒരു പറ്റം ഭൂപട ഗവേഷകർ അവതരിച്ചു. ഇതിഹാസങ്ങളെയും പുരാണങ്ങളെയും ചരിത്രമായി തെറ്റിദ്ധരിപ്പിച്ച് അധികാരം ഉറപ്പിക്കുന്നവരുടെ കൗടില്യ മാതൃകകളുടെ കാലമാണ്. അധികാരത്തിന് പകരം ഇവിടെ ബോക്സ് ഓഫീസ് വിജയം ലക്ഷ്യമാക്കുന്നു എന്നുമാത്രം.
നോളൻ സിനിമകളിലെപോലെ തന്നെ ദുരൂഹതകളും കാല-സ്ഥല വിഭ്രമങ്ങളും നിറഞ്ഞതാണ് ഹോമറിന്റെ യഥാർത്ഥ ഒഡീസിയും. ഈ പശ്ചാത്തലത്തിൽ കഥയിലെ പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകൾ ഉയര്‍ത്തിയാണ് പ്രചാരണം. കലാ ആസ്വാദക ലോകം ഇതിനെ കാഴ്ചയുടെ പുതുപൂരമായി വരവേൽക്കാൻ തയാറായി നിൽക്കുന്നു.
ഭാവനയുടെയും യാഥാര്‍ഥ്യത്തിന്റെയും
അതിര്‍വരമ്പിലെ വിസ്മയങ്ങൾ
16-ാം നൂറ്റാണ്ടിൽ ഒർട്ടീലിയസ് എന്ന ഭൂപട നിർമ്മാതാവ് കഥയിലെ ഒഡീസിയസിന്റെ യാത്രാവഴികൾ പൂർണ്ണമായി വരച്ചുകാട്ടാൻ സങ്കൽപത്തിൽ ഒരു ദ്വീപ് തന്നെ സൃഷ്ടിച്ചിരുന്നു. നോളൻ തന്റെ സിനിമകളിൽ കൊണ്ടുവരാറുള്ള 'റിയാലിറ്റിയും ഭാവനയും തമ്മിലുള്ള നേർത്ത അതിർവരമ്പ്' നൂറ്റാണ്ടുകൾക്ക് മുൻപേ ഈ ഭൂപടത്തിൽ ഭാവന ചെയ്യപ്പെട്ടിരുന്നു.
ഇതിഹാസം പ്രമേയമായ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സിനിമാ ആസ്വാദകരും ചരിത്രകാരന്മാരും ഒരുപോലെ ചർച്ച ചെയ്യുന്നത് ഒഡീസിയസിന്റെ ജന്മനാടായ 'ഇത്താക്ക'യെക്കുറിച്ചാണ്. കേംബ്രിഡ്ജ്, ആബർഡീൻ സർവ്വകലാശാലകളിലെ ഗവേഷകരുടെ പുതിയ പഠനങ്ങൾ പ്രകാരം ഹോമർ വിവരിക്കുന്ന ഇത്താക്ക ഒരു ഒറ്റപ്പെട്ട ദ്വീപല്ല. അത് കെഫലോണിയയുടെ പടിഞ്ഞാറൻ തീരത്തുള്ള പാലികി എന്ന വെങ്കലയുഗ ചരിത്രപ്രദേശമാകാനാണ് സാധ്യത എന്നു പറയുന്നു. കാലവും സ്ഥലവും മാറിമറിയുന്ന നോളൻ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ഹോമർ തന്റെ കാവ്യത്തിൽ വരച്ചിട്ട യാത്രാവഴികൾക്ക് പിന്നാലെ ഇപ്പോഴും ഗവേഷകര്‍ സഞ്ചരിക്കുകയാണ്.
ഇതൊരു ശാസ്ത്രീയ പര്യവേക്ഷണമല്ല, മറിച്ച് നൂറ്റാണ്ടുകളായി മനുഷ്യൻ ഭാവനയും യാഥാർത്ഥ്യവും തമ്മിൽ കൂട്ടിക്കലർത്തിയതിന്റെ രസകരമായ ചരിത്രമാണ്. ഒഡീസിയസിന്റെ ജന്മനാടായ 'ഇത്താക്ക' എവിടെയെന്ന ചോദ്യം ഇന്നും ഒരൊറ്റ ഉത്തരത്തിൽ എത്തിയിട്ടില്ല.

ഹോമറിന്റെ ഒഡീസിയിലെ സ്ഥലങ്ങൾ യഥാർത്ഥ മാപ്പിൽ തിരയുന്നത് വെറുതെയാണെന്ന് വിശ്വസിച്ചവരായിരുന്നു പുരാതന ഗ്രീക്ക് പണ്ഡിതന്മാർ. "കാറ്റിനെ സഞ്ചിയിലാക്കി തുന്നിക്കെട്ടിയ ആ ചെരിപ്പുകുത്തിയെ കണ്ടെത്തുമ്പോൾ ഒഡീസിയസിന്റെ യാത്രാവഴികളും നിങ്ങൾക്ക് ഭൂപടത്തിൽ കിട്ടും" എന്നായിരുന്നു അക്കാലത്തെ പ്രശസ്ത ചിന്തകൻ ഇറാറ്റോസ്തനീസിന്റെ പരിഹാസം.
പരിഹാസം സഹിച്ചും കഥയിലെ 'ലോട്ടസ് ഈറ്റേഴ്സിന്റെ' നാടും സൈറണുകളുടെ ദ്വീപുമെല്ലാം ടുണീഷ്യയുടെയോ ആഫ്രിക്കയുടെയോ തീരങ്ങളാകാമെന്ന് പിൽക്കാലത്ത് ചില സഞ്ചാരികൾ ഊഹിച്ചെടുത്തു. അത് ഭൂമിശാസ്ത്രപരമായ തെളിവുകളേക്കാൾ, മനുഷ്യൻ തന്റെ ഭാവനയെ ഭൂമിയിലേക്ക് പറിച്ചുനടാൻ നടത്തിയ ശ്രമങ്ങളായിരുന്നു.
ഇത്താക്ക എന്ന ആഗ്രഹം
ഒഡീസിയസിന്റെ ജന്മനാടായ 'ഇത്താക്ക' എവിടെയെന്ന ചോദ്യം ഇന്നും ഭാവനയെ ത്രസിപ്പിക്കുന്നു. മാപ്പുകൾ എപ്പോഴും കൃത്യമായ അതിരുകൾ മാത്രമല്ല കാണിക്കുന്നത്, അവ മനുഷ്യന്റെ കഥകൾ കൂടിയാണ്. ഹോമർ ഒഡീസിയിലൂടെ ഒരു ലോകം നിർമ്മിക്കുകയായിരുന്നു. ക്രിസ്റ്റഫർ നോളനും തന്റെ സിനിമകളിലൂടെ ചെയ്യാൻ ശ്രമിക്കുന്നത് ഭാവനയുടെ ഇത്തരം സങ്കീർണ്ണമായ ലോകങ്ങൾ സൃഷ്ടിക്കുക എന്നതാണ്. നോളന്റെ സിനിമ തിയേറ്ററുകളിൽ എത്തുന്ന ഈ വേളയിൽ, റിയാലിറ്റിയും മിത്തും തമ്മിലുള്ള ഈ പഴയ കളികൾക്ക് വീണ്ടും ജീവൻ വെയ്ക്കുകയാണ്.
ക്രിസ്റ്റഫർ നോളൻ
എന്ന പരീക്ഷണം
സമകാലിക ഹോളിവുഡ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ളതും ജനപ്രിയനുമായ സംവിധായകരിൽ ഒരാളാണ് ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്രകാരനായ ക്രിസ്റ്റഫർ നോളൻ. സിനിമയുടെ പരമ്പരാഗതമായ കഥപറച്ചിൽ ശൈലികളെ പൊളിച്ചെഴുതുന്നതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഡിജിറ്റൽ ക്യാമറകൾക്ക് പകരം വലിയ ഐമാക്സ് ഫിലിം ക്യാമറകൾ ഉപയോഗിക്കുന്നതിലും, കമ്പ്യൂട്ടർ ഗ്രാഫിക്സിന് പകരം യഥാർത്ഥ സെറ്റുകളും സ്പെഷ്യൽ ഇഫക്റ്റുകളും ഉപയോഗിച്ച് ദൃശ്യങ്ങൾ ഒരുക്കുന്നതിലും അദ്ദേഹം നിർബന്ധബുദ്ധിക്കാരനാണ്.
മനുഷ്യന്റെ ഓർമ്മകൾ, സ്വപ്നങ്ങൾ, അതിജീവനം, വ്യക്തിത്വം എന്നിവയിലൂടെയുള്ള സങ്കീർണ്ണമായ യാത്രകളാണ് അദ്ദേഹത്തിന്റെ സിനിമകൾ. ക്രിസ്റ്റഫർ നോളന്റെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ഏറ്റവും അവസാനത്തെ ചിത്രം 2023-ൽ പുറത്തിറങ്ങിയ 'ഓപ്പൺഹൈമർ' ആണ്. അണുബോംബിന്റെ പിതാവായ ജെ റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതം പറഞ്ഞ ഈ ചിത്രം വലിയ ജനപ്രീതി നേടുകയും നോളന് മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരം നേടിക്കൊടുക്കുകയും ചെയ്തു.
മനുഷ്യന്റെ സ്വപ്നങ്ങളിലേക്ക് കടന്നുകയറി ചിന്തകളെ മോഷ്ടിക്കുന്ന ശാസ്ത്ര ഭാവന ചിത്രമായ ഇൻസെപ്ഷൻ, മനുഷ്യരാശിയുടെ അതിജീവനത്തിനായി സ്ഥലകാലങ്ങൾ ഭേദിച്ച് പ്രപഞ്ചത്തിലെ വാസയോഗ്യമായ ഗ്രഹം തേടി പോകുന്ന ബഹിരാകാശ യാത്രയുടെ കഥ പറയുന്ന ഇന്റര്‍സ്റ്റെല്ലാര്‍, ബാറ്റ്മാൻ സിനിമകൾക്ക് യഥാർത്ഥ ലോകത്തിന്റെ പശ്ചാത്തലത്തിൽ ഗൗരവമേറിയ മുഖം നൽകിയ സൂപ്പർഹിറ്റ് പരമ്പരയായ ദി ഡാർക്ക് നൈറ്റ് ട്രൈലോജി എന്നവയെല്ലാം നോളൻ തീര്‍ത്ത ചലച്ചിത്ര വിസ്മയങ്ങളാണ്.
എപ്പോഴാവും ഒഡീസി എത്തുക
ക്രിസ്റ്റഫർ നോളന് ജൂലൈ പകുതിയോടെ, പ്രത്യേകിച്ച് ജൂലൈ 17-നോ അതിനടുത്തോ തന്റെ സിനിമകൾ റിലീസ് ചെയ്യുന്ന രീതിയുണ്ട്. The Dark Knight, Inception, The Dark Knight Rises, Dunkirk, എന്നിവയും അദ്ദേഹത്തിന്റെ ഒടുവിലത്തെ ചിത്രമായ Oppenheimer വരെയും റിലീസ് ചെയ്തത് ജൂലൈ മാസത്തിലെ ഇതേ ആഴ്ചകളിലാണ്.
മാറ്റ ഡാമൺ (Matt Damon) ആണ് ഒഡീസിയസ് ആയി വേഷമിടുന്നത്. ടോം ഹോളണ്ട് (ടെലിമാക്കസ്), ആനി ഹാത്‌വേ (പെനലോപ്പി), സെൻഡയ (അഥീന), റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
പൂർണ്ണമായും ഐമാക്സ് (IMAX) ഫിലിം ക്യാമറകളിൽ ചിത്രീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫീച്ചർ ഫിലിം ആണിത്. ഏകദേശം 250 മില്യൺ ഡോളർ ബഡ്ജറ്റിലാണ് നോളൻ ഈ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് സംവിധായകൻ ക്രിസ്റ്റഫർ നോളൻ, മാറ്റ ഡാമൺ, ടോം ഹോളണ്ട് എന്നിവർ മുംബൈയിൽ നടന്ന പ്രത്യേക പ്രീമിയർ ഷോകളിൽ പങ്കെടുത്തിരുന്നു.
അത് ആരാധകര്‍ നിര്‍മ്മിച്ചത്
യൂട്യൂബിൽ ഇപ്പോൾ ദശലക്ഷക്കണക്കിന് ആളുകൾ കാണുന്ന "Nolan's Odyssey" വീഡിയോകൾ യഥാർത്ഥത്തിൽ ആരാധകർ മറ്റ് സിനിമകളിലെ ദൃശ്യങ്ങളും AI സാങ്കേതികവിദ്യയും ഉപയോഗിച്ച് നിർമ്മിച്ച 'കോൺസെപ്റ്റ് ട്രെയിലറുകൾ' (Concept/Fan-made Trailers) ആണ്.










0 comments