കൗമാരക്കാർ പ്രണയിച്ച് ഒരുമിച്ച് ജീവിച്ചാൽ പോക്സോ ആകുമോ; പ്രതികാര നടപടികളിൽ വീണ്ടും ഇടപെട്ട് സുപ്രീംകോടതി

ന്യൂഡൽഹി: പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് വീണ്ടും ഓർമിപ്പിച്ച് സുപ്രീംകോടതി. കൗമാരക്കാർ തമ്മിലുള്ള പ്രണയവും ലെെംഗികതയിലേർപ്പെടുന്നതും കരുതിക്കൂട്ടി പോക്സോ കേസുകളാക്കുകയാണെന്ന് സുപ്രീകോടതി വിമർശിച്ചു. ബി വി നാഗരത്ന ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്. കൗമാരക്കാരായ പെൺകുട്ടികൾ പങ്കാളിക്കൊപ്പം പോകുന്ന സന്ദർഭങ്ങളിൽ അഭിമാന സംരക്ഷണത്തിനായി പെൺകുട്ടിയുടെ മാതാപിതാക്കൾ ക്രിമിനൽ കേസ് നൽകുന്ന പ്രവണതയാണുള്ളതെന്ന്കോടതി നിരീക്ഷണം.
"ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒളിച്ചോടുന്നത് ഭരണകൂടം എങ്ങനെയാണ് തടയുക? കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമവും ചൂഷണവുമാണ് പോക്സോ . 15-18 എന്നത് ദുർബലമായ പ്രായമാണ്, പരീക്ഷണങ്ങളുടെ പ്രായമാണ്. എന്നാൽ ചോദ്യം ഇതാണ്, ഇത്തരം പ്രവണത യഥാർഥത്തിൽ ഒരു പോക്സോ കേസ് ആയി മാറുമോ?" - സുപ്രീം കോടതി നിരീക്ഷിച്ചു.
കൗമാരക്കാരുടെ സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ( കേസ് പരിഗണിക്കുകയായിരുന്നു കോടതി. കൗമാരക്കാരായ പെൺകുട്ടികൾ ബന്ധങ്ങളിൽ ചെന്നുപെട്ട് "രണ്ട് മിനിറ്റ് നേരത്തെ സുഖത്തിന് കീഴടങ്ങുന്നതിന്" പകരം തങ്ങളുടെ ലൈംഗിക വികാരങ്ങളെ "നിയന്ത്രിക്കണം" എന്ന കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ വിധിയുടെ പശ്ചാത്തലത്തിലാണ് കേസ് നടപടികൾ തുടങ്ങിയത്. കൊൽക്കത്ത ഹെെക്കോടതി വിധി പിന്നീട് സുപ്രീംകോടതി തള്ളുകയായിരുന്നു.
കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ വിധിക്ക് കാരണമായ കേസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് മുതിർന്ന അഭിഭാഷക മാധവി ദിവാൻ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. "പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി 25 വയസ്സുള്ള യുവാവിനൊപ്പം ഒളിച്ചോടിയതുമായി ബന്ധപ്പെട്ടതായിരുന്നു ഇത്. വ്യക്തിപരമായ ആ വിഷയം പരിഹരിക്കപ്പെട്ടു. വിശാലമായി പറഞ്ഞാൽ ആ കേസ് അവസാനിച്ചു. കോടതി നിയോഗിച്ച ഒരു കമ്മിറ്റി ഉണ്ടായിരുന്നു. പെൺകുട്ടിയുമായി ആശയവിനിമയം നടത്തിയ സാമൂഹിക പ്രവർത്തകരും ഉണ്ടായിരുന്നു. പോക്സോയിൽ സിസ്റ്റത്തിനുണ്ടായ പരാജയത്തെക്കുറിച്ച് ശക്തമായ ഒരു റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്," മുതിർന്ന അഭിഭാഷക പറഞ്ഞു.
പോക്സോ നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് ചില പുനരധിവാസ നടപടികൾക്ക് അർഹതയുണ്ടെന്ന് ദിവാൻ കൂട്ടിച്ചേർത്തു. ഇത് ഒളിച്ചോടിയ കേസാണോ അതോ തട്ടിക്കൊണ്ടുപോയതാണോ എന്ന് സുപ്രീം കോടതി ചോദിച്ചപ്പോൾ, പെൺകുട്ടിക്ക് ആ പുരുഷനോടൊപ്പം ജീവിക്കാനായിരുന്നു താല്പര്യമെന്നും അവർക്ക് ഒരു കുട്ടിയുണ്ടെന്നും ദിവാൻ പറഞ്ഞു.
തുടർന്ന് പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് കോടതി പൊതു നിരീക്ഷണം നടത്തി. "16-18 പ്രായത്തിൽ അവർ ഒരു ബന്ധം സ്ഥാപിക്കുകയും ഒപ്പം പോവുകയും ചെയ്യുന്നു. മാതാപിതാക്കൾ തങ്ങളുടെ മാനം കാക്കാൻ കുറ്റകൃത്യത്തിന്റെ ബാധ്യത മറുവശത്തുള്ളയാളുടെ മേൽ ചുമത്തുന്നു. ഞങ്ങൾക്ക് അവരെ വെറുതെ വിടേണ്ടി വരുന്നു," സുപ്രീം കോടതി പറഞ്ഞു.
ഇത്തരം പ്രശ്നങ്ങൾ തടയാൻ ഒരു സംവിധാനം ആവശ്യമാണ്. "പെൺകുട്ടി ഇതിനകം തന്നെ ഭർത്താവിനൊപ്പം താമസിച്ച് സന്തോഷത്തോടെ കഴിയുകയാണ്. കൗമാരക്കാരുടെ ക്ഷേമത്തിനും കുട്ടികളുടെ സംരക്ഷണത്തിനുമായി നടപടികൾ സ്വീകരിക്കുക എന്നതാണ് ഇതിലെ കൂടുതൽ വിപുലമായ വിഷയം," അവർ വ്യക്തമാക്കി
പോക്‌സോ നിയമപ്രകാരമുള്ള കേസുകൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒരു 'ഡാഷ്‌ബോർഡ്' സംവിധാനം ഒരുക്കണമെന്ന നിർദേശം കോടതിക്ക് മുന്നിലെത്തി. എന്നാൽ നിലവിൽ ഓരോ ഹൈക്കോടതിക്കും കീഴിലുള്ള ശിശു അവകാശ കമ്മിറ്റികൾ വഴി കേസുകൾ നിരീക്ഷിക്കാവുന്നതാണെന്നും ഇത്തരം നിരീക്ഷണ ചുമതലകൾ സംസ്ഥാന സർക്കാരുകൾക്കും ഏറ്റെടുക്കാമെന്നും ഈ നിരീക്ഷണം കേന്ദ്രസർക്കാർ നടത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.










0 comments