മതത്തിന്റെ പേരിൽ നദികൾ മലിനമാക്കാൻ ആർക്കും അവകാശമില്ല: കർമങ്ങൾക്ക് ശേഷം അവശിഷ്ടങ്ങൾ തള്ളുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

ചെന്നൈ: മരണാനന്തര ചടങ്ങുകൾക്കും പിതൃതർപ്പണങ്ങൾക്കും ശേഷം ഭക്തർ വസ്ത്രങ്ങളും ചെരിപ്പുകളും മറ്റ് പൂജാസാധനങ്ങളും താമിരഭരണി നദിയിലേക്ക് എറിയുന്ന രീതിക്ക് തടയിടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മതത്തിന്റെ പേരിൽപ്പോലും ഒരു ജലാശയം മലിനമാക്കാൻ ആർക്കും അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
തിരുനെൽവേലി ജില്ലയിലെ പാപനാശത്തിന് സമീപമുള്ള ആനന്ദ വിലാസ് മണ്ഡപം കൈവശം വെച്ചതുമായി ബന്ധപ്പെട്ട നടപടികളെ ചോദ്യം ചെയ്ത് ശിവാനുപാണ്ട്യൻ എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, ബി പുകഴേന്തി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഒരു ഒഴിപ്പിക്കൽ തർക്കത്തിൽ നിന്നാണ് കേസ് ഉണ്ടായതെങ്കിലും, നദിക്കരയിൽ ആചാരങ്ങളുടെ ഭാഗമായി നടക്കുന്ന വ്യാപകമായ മലിനീകരണം കോടതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തമിഴ്‌നാട്ടിലെ വറ്റാത്ത ചുരുക്കം ചില നദികളിലൊന്നും പ്രധാന കുടിവെള്ള സ്രോതസ്സുമാണ് താമിരഭരണി. എല്ലാ വർഷവും, പ്രത്യേകിച്ച് ആടി അമാവാസി പോലുള്ള അവസരങ്ങളിൽ, പതിനായിരക്കണക്കിന് ഭക്തരാണ് ചടങ്ങുകൾക്കായി ഒത്തുകൂടുന്നത്. ഭക്തർ തങ്ങളുടെ വസ്ത്രങ്ങൾ, തോർത്തുകൾ, ചെരിപ്പുകൾ, മറ്റ് പൂജാസാധനങ്ങൾ എന്നിവ നദിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. മെയ് 7 നും മെയ് 28 നും ഇടയിൽ മാത്രം 86 മുതൽ 90 ടൺവരെ വസ്ത്രങ്ങൾ, 2.2 ടൺ ഭസ്മം, 1,385 കിലോഗ്രാം പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, 374 കിലോഗ്രാം സാനിറ്ററി മാലിന്യങ്ങൾ, വൻതോതിൽ ഗ്ലാസുകൾ, ചെരിപ്പുകൾ എന്നിവ നദിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
"വിശ്വാസികൾക്ക് അവർക്ക് ആത്മീയമായി ഗുണം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാം, എന്നാൽ അത് പരിസ്ഥിതിക്ക് ദോഷകരമാകരുത്, സമൂഹത്തിലെ മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കുന്നതുമാകരുത്." കോടതി നിരീക്ഷിച്ചു. പൊതുജന ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കാൻ സർക്കാരിന് നിർദേശം നൽകിയ കോടതി, നദികളും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പൗരന്മാരുടെ മൗലിക കടമയെക്കുറിച്ചും ഓർമിപ്പിച്ചു.
കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ 16ലേക്ക് മാറ്റി. പ്രശ്നം പരിഹരിക്കുന്നതിനുള്ള സമഗ്രമായ നിർദേശം സമർപ്പിക്കാൻ തിരുനെൽവേലി ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.










0 comments