ad
Deshabhimani

കാർഷിക കടം എഴുതിത്തള്ളുന്നതിനുള്ള നിബന്ധനകൾ നീക്കി

വീണ്ടും കരുത്ത് തെളിയിച്ച് കിസാൻ സഭ: മുട്ടുമടക്കി മഹാരാഷ്ട്ര സർക്കാർ

Kisan Sabha
വെബ് ഡെസ്ക്

Published on Jul 13, 2026, 06:24 PM | 2 min read

മുംബൈ: കാർഷിക കടം എഴുതിത്തള്ളുന്നതിനുള്ള നിബന്ധനകൾ നീക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിന് മുമ്പിൽ മുട്ടുമടക്കി മഹാരാഷ്ട്ര സർക്കാർ. കർഷക ദ്രോഹ വ്യവസ്ഥകൾക്കെതിരെ കിസാൻ സഭയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സമരം നടന്നുവരികയായിരുന്നു. ഇതോടെ ദേവേന്ദ്ര ഫട്നാവിസ് സർക്കാരിന് മേൽ സമ്മർദ്ദം ഏറുകയും കാർഷിക കടം എഴുതിത്തള്ളുന്നതിനുള്ള നിബന്ധകൾ നീക്കം ചെയ്യുകയായിരുന്നു. എഐകെഎസ് അഖിലേന്ത്യ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, സംസ്ഥാന പ്രസിഡന്റ് ഉമേഷ് ദേശ്മുഖ്, സംസ്ഥാന സെക്രട്ടറി ഡോ. അജിത് നവ്‌ളെ, എന്നിവരടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.


മഹാരാഷ്ട്ര നിയമസഭാ മന്ദിരത്തിന് മുന്നിൽ സിപിഐ എം എംഎൽഎ വിനോദ് നിക്കോളയുടെ നേതൃത്വത്തിൽ ബാനർ ഉയർത്തി പ്രതിഷേധിച്ചതും കർഷക സമരത്തിന്റെ മാറ്റു കൂട്ടി. കർഷകർക്ക് പൂർണ്ണമായ കടം എഴുതിത്തള്ളൽ ഉറപ്പാക്കുക. എന്നെഴുതിയ ബാനർ ഉയർത്തിയായിരുന്നു എംഎൽഎയുടെ പ്രതിഷേധം. കാർഷിക കടം എഴുതിത്തള്ളുന്നതിനുള്ള നിബന്ധനകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയുടെ വിവിധ ജില്ലകളിലാണ് പ്രതിഷേധ പ്രകട‌നങ്ങൾ നടത്തിയത്.


മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനത്തിലാണ് ബാനർ ഉയർത്തി എംഎൽഎ വിനോദ് നിക്കോള പ്രതിഷേധ പ്രകടനം നടത്തിയത്. കർഷക കടാശ്വാസവുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ നിബന്ധനകളും റദ്ദാക്കുക. കഴിഞ്ഞ ഏതാനും മാസങ്ങളായി എഐകെഎസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന തുടർച്ചയായ കർഷക പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിൽ, ജൂൺ 2-ന് പ്രഖ്യാപിച്ച കടാശ്വാസ പദ്ധതിയിലെ രണ്ട് പ്രധാന നിബന്ധനകൾ പിൻവലിക്കാൻ ബിജെപി സർക്കാർ ഒടുവിൽ നിർബന്ധിതരായി. ഇത് കർഷകരുടെ നിരന്തരമായ പോരാട്ടത്തിന്റെ വിജയം കൂടിയാണ്.


മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ കർഷക കടാശ്വാസ പദ്ധതിയാണിത്. ഇതിനുമുമ്പ് 2017-ലും (ഫഡ്‌നാവിസ് ഭരണകാലം), 2019-ലും (താക്കറെ ഭരണകാലം) പ്രഖ്യാപിച്ച കടാശ്വാസങ്ങളും എഐകെഎസ് മുന്നിൽ നിന്ന് നയിച്ച സംയുക്ത കർഷക സമരങ്ങളുടെ നേരിട്ടുള്ള ഫലം കൂടിയായിരുന്നു. ഈ രണ്ട് പദ്ധതികളിലൂടെ 90.83 ലക്ഷം കർഷകർക്കായി ആകെ 44,508 കോടി രൂപയുടെ കടം എഴുതി തള്ളി. 2026-ലെ മൂന്നാമത്തെ കടാശ്വാസ പദ്ധതിയിലൂടെ 56.40 ലക്ഷം കർഷകർക്കായി 36,000 കോടി രൂപ നൽകുമെന്നാണ് ഫഡ്‌നാവിസ് പ്രഖ്യാപിച്ചത്. എന്നാൽ മൂന്നാമത്തെ കടാശ്വാസ പ്രഖ്യാപനവും അതിലെ കടുത്ത നിബന്ധനകളും കർഷകർക്ക് മേലുള്ള മറ്റൊരു പ്രഹരം കൂടിയായിരുന്നു. ഒടുവിൽ കർഷകരുടെ സമരത്തെ തുടർന്ന് നിബന്ധനങ്ങൾ നീക്കം ചെയ്തത് കർഷക പോരാട്ടത്തിന്റെ വിജയമായി മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home