ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റിനെ ഉലച്ച് "അവിഹിത" വിവാദം; തുടക്കം ഇന്ത്യൻ പര്യടനത്തിനിടെ

ഓസ്ട്രേലിയൻ ക്രിക്കറ്റിൽ വിവാദമായി പ്രമുഖ ഓൾറൗണ്ടറും ദേശീയ വനിതാ ടീം വൈസ് ക്യാപ്റ്റനുമായ ആഷ്‌ലി ഗാർഡ്‌നർക്കെതിരെ പരബന്ധ ആരോപണം. ഇവരുടെ വനിതാ ജീവിത പങ്കാളി മോണിക്ക റൈറ്റ് ആണ് പുതിയ ബന്ധം സംബന്ധിച്ച വിവരം പരസ്യപ്പെടുത്തിയത്.
വനിതാ ടീമിലെ സഹതാരവും ഓസ്ട്രേലിയൻ ബാറ്ററുമായ ജോർജിയ വോളുമായി ആഷ്‌ലിക്ക് അവിഹിതബന്ധമുണ്ടെന്ന് മോണിക്ക ചിത്ര സഹിതം പരസ്യപ്പെടുത്തി.
ആഷ്‌ലിയുടെ ബന്ധം തകർന്നതായും ടീമിലെ മറ്റൊരു താരമാണ് ഇതിന് പിന്നിലെന്നും ബ്രിട്ടീഷ് മാധ്യമമായ 'ഡെയ്‌ലി മെയിൽ' റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വാർത്തയിൽ പ്രണയത്തിലായ താരത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെ മാധ്യമ റിപ്പോർട്ട് വളരെ അസ്പഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി മോണിക്ക തന്നെ നേരിട്ട് ജോർജിയ വോളിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തന്റെ കുടുംബം തകർത്തത് ഈ താരമാണെന്ന് പരസ്യമാക്കി. ഇതോടെ ക്രിക്കറ്റ് ലോകത്ത് വിഷയം വലിയ ചർച്ചയായി. വനിതാ ടീമിനകത്തെ രണ്ട് വ്യക്തികളാണ് ആരോപണത്തിന്റെ കേന്ദ്രമായത്.
ക്രിക്കറ്റ് താരമായ ആഷ്‌ലി ഗാർഡ്നറും മോണിക്ക റൈറ്റും തമ്മിൽ വിവാഹിതരായത് 2025-ലാണ്. ഈ വർഷം ഇന്ത്യയിൽ നടന്ന വനിതാ ഏകദിന ലോകകപ്പിനിടെയാണ് ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീണതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടൂർണമെന്റിനിടെ മോണിക്ക ഇന്ത്യയിൽ എത്തിയിരുന്നു. എന്നാൽ ഇതിനിടയിൽ ആഷ്‌ലിയുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ വന്നതായി സഹതാരങ്ങൾ ചൂണ്ടികാട്ടി. തുടർന്ന് സിഡ്നിയിൽ തിരിച്ചെത്തിയ ശേഷം ആഷ്‌ലി ബന്ധത്തിൽ നിന്നും പിന്മാറി. വിവാഹമോതിരങ്ങൾ മാത്രം വീട്ടിൽ ഉപേക്ഷിച്ച് ഒന്നിച്ച് താമസിച്ചിരുന്ന വീട്ടിൽ നിന്നും മാറിത്താമസിച്ചു.

ഇന്ത്യയിലെ ലോകകപ്പ് മത്സരങ്ങൾക്കിടയിൽ ഇൻഡോറിൽ വെച്ച് ഓസ്ട്രേലിയൻ താരങ്ങൾക്ക് നേരെ ഉണ്ടായ അതിക്രമവും തുടർന്ന് ടീമിന് കനത്ത പോലീസ് സുരക്ഷയും എസ്‌കോർട്ടും ഏർപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. അന്ന് പോലീസ് സുരക്ഷയുടെ ചിത്രം ആഷ്‌ലിയും മോണിക്കയും സോഷ്യൽ മീഡിയയിൽ ഒരുമിച്ച് പങ്കുവെച്ചിരുന്നു. സുരക്ഷാ ഭീഷണികൾക്കിടയിലൂടെ ടീം കടന്നുപോയ അതേ ടൂർണമെന്റിൽ തന്നെയാണ് ഇവരുടെ വ്യക്തിജീവിതവും തകർച്ചയിലേക്ക് നീങ്ങിയത്.
ഐസിസിയുടെ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ട ആഷ്‌ലി ഗാർഡ്‌നറോ, ആരോപണവിധേയയായ ജോർജിയ വോളോ, ക്രിക്കറ്റ് ഓസ്ട്രേലിയയോ ഇതുവരെ ഈ വിവാദത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.











0 comments