ഹണിമൂൺ കോച്ചിന് പിന്നാലെ ഓടുന്ന ട്രെയിനിൽ 'രുദ്രാഭിഷേകം'; ന്യായീകരണവുമായി റെയിൽവേ

കോച്ചിനുള്ളില്‍ പൂജ നടത്തുന്നു
ന്യൂഡൽഹി: ഹണിമൂൺ കോച്ചിന് പിന്നാലെ ഓടുന്ന ട്രെയിനിൽ പൂജ നടത്തുന്ന വീഡിയോ പുറത്ത്. എക്സിൽ പ്രചരിച്ച വീഡിയോയിൽ ട്രെയിനിൽ കോച്ചിന്റെ തറയിൽ ഇരുന്നു പൂജാരി പൂജ നടത്തുന്നതും വെള്ള വസ്ത്രം ധരിച്ച നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുക്കുന്നതും കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഓടുന്ന ട്രെയിൻ കോച്ചുകൾക്കുള്ളിൽ അത്തരം ആചാരങ്ങൾ അനുവദനീയമാണോ എന്ന ചോദ്യവും ഉയർന്നു. ഇതോടെ ന്യായീകരണവുമായി ഇന്ത്യൻ റെയിൽവേയും രംഗത്തെത്തി.
സാധാരണ പാസഞ്ചർ കോച്ചിനുള്ളിലല്ല, ഐആർസിടിസി വഴി കൊമേഴ്സ്യൽ ബുക്കിങ് നടത്തി അനുവദിച്ച സ്വകാര്യ സലൂൺ കാറിനുള്ളിലാണു മതപരമായ ചടങ്ങുകൾ നടന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. നേരത്തെ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കാബിൻ 'ഹണിമൂൺ സ്യൂട്ട്' രൂപത്തിലാക്കിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ നടപടി കൈകൊണ്ടിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറെ റെയിൽവേ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. കോച്ച് അലങ്കരിച്ച ഡെക്കറേറ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
റെയിൽവേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അനുമതിയില്ലാതെ റെയിൽവേ കോച്ചിനുള്ളിൽ കയറി ഇത്തരം പ്രവൃത്തികൾ ചെയ്തത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും റെയിൽവേ നിലപാട് അറിയിച്ചിരുന്നു. ഈ വിഷയത്തിൽ ശരവേഗത്തിൽ നടപടി എടുത്ത റെയിൽവേ എന്തുകൊണ്ട് ഓടുന്ന ട്രെയിനിൽ പൂജ നടത്തിയതിൽ നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യവും ഇതിനോടകം ഉയർന്നു കഴിഞ്ഞു. സംഭവത്തിൽ നടപടി കൈകൊള്ളമെന്ന ആവശ്യം ശക്തമാവുകയാണ്.











0 comments