ad
Deshabhimani

പ്രതിസന്ധി അവസരമാക്കി മിഡിൽമെൻ കോർപ്പറേറ്റുകൾ; അസംസ്കൃത എണ്ണ വില 78 ഡോളറിലേക്ക്

crudeoil
വെബ് ഡെസ്ക്

Published on Jul 13, 2026, 03:02 PM | 2 min read

ജനീവ: പശ്ചിമേഷ്യയിൽ യു എസ് ഇറാൻ സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന പാതയായ ഹോർമുസ് കടലിടുക്ക് യുദ്ധഭീതിയിലായി. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 78 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു.


പ്രതിസന്ധി നേരിടാൻ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ വൻതോതിൽ കൂട്ടി. ജൂലൈയിൽ പ്രതിദിനം 27 ലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത്. എന്നാൽ ഈ വഴിയും യുദ്ധത്തിന്റെ നിഴലിലായിരിക്കയാണ്. പ്രതിദിനം 50 ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ആവശ്യത്തിന്റെ 90 ശതമാനവും വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നു.


സ്വകാര്യ കുത്തകകളുമായി കരാര്‍


വിപണിയിലെ അന്നത്തെ സാഹചര്യത്തിനനുസരിച്ച് കപ്പലുകളിൽ തയാറായിരിക്കുന്ന എണ്ണ പെട്ടെന്ന് വാങ്ങുന്ന 'സ്പോട്ട് മാർക്കറ്റ്' രീതിയിലേക്ക് മാറിയാണ് ഇന്ത്യ ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്. വൈറ്റോൾ, ട്രഫീഗുര തുടങ്ങിയ വൻകിട ആഗോള എണ്ണ വ്യാപാര കമ്പനികളുമായി കരാറിലേർപ്പെട്ട് എണ്ണ വാങ്ങുന്നതിനും തുടക്കമിട്ടു. ദശാബ്ദങ്ങളായി സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളുമായി ദീർഘകാല കരാറുകളിലേർപ്പെട്ടാണ് എണ്ണ വാങ്ങിയിരുന്നത്.


വൈറ്റോൾ, ട്രഫീഗുര തുടങ്ങിയ കോർപ്പറേറ്റുകൾ അമേരിക്ക, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിങ്ങനെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് എണ്ണ വൻതോതിൽ വാങ്ങി സംഭരിച്ച് സ്വന്തം കപ്പലുകളിൽ മറ്റ് രാജ്യങ്ങൾക്ക് എത്തിച്ചുകൊടുക്കുന്ന 'മിഡിൽമെൻ' കോർപ്പറേറ്റുകളാണ്. ഗ്ലോബൽ കമ്മോഡിറ്റി ട്രേഡിങ് കോർപ്പറേഷനുകൾ എന്നാണ് ഇവ വിളിക്കപ്പെടുന്നത്. അതിഭീമമായ തുകകളുടെ കമ്മീഷൻ, ബ്രോക്കറേജ് ഇടനിലകൾ വഴിയാണ് ഇവരുടെ ഇടപാടുകൾ. ദിവസവും ലക്ഷക്കണക്കിന് ബാരൽ എണ്ണയാണ് ഈ കമ്പനികൾ കൈകാര്യം ചെയ്യുന്നത്.


സ്വിസ് കണക്ഷൻ


വൈറ്റോൾ, ട്രഫീഗുര എന്നീ രണ്ട് ആഗോള കോർപ്പറേറ്റ് ഭീമന്മാരും സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. വൈറ്റോൾ ഗ്രൂപ്പ് 1966-ൽ നെതർലൻഡ്‌സിലാണ് സ്ഥാപിതമായതെങ്കിലും, നിലവിൽ ഇതിന്റെ ആഗോള ആസ്ഥാനം സ്വിറ്റ്‌സർലൻഡിലെ ജനീവയാണ്.


1993-ൽ സ്ഥാപിതമായ ട്രഫീഗുര ഗ്രൂപ്പ് കമ്പനിയുടെയും പ്രധാന പ്രവർത്തന ആസ്ഥാനം സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ തന്നെയാണ്. നിയമപരമായ ആവശ്യങ്ങൾക്കായി ഇതിന്റെ രജിസ്റ്റേർഡ് ഓഫീസ് സിംഗപ്പൂരിലാണെങ്കിലും, കമ്പനിയുടെ നിയന്ത്രണവും പ്രധാന ബിസിനസ്സ് ഇടപാടുകളും നടക്കുന്നത് സ്വിറ്റ്‌സർലൻഡിൽ നിന്നാണ്.


ശതകോടികളുടെ അന്താരാഷ്ട്ര എണ്ണ ഇടപാടുകൾക്ക് ആവശ്യമായ വൻകിട വായ്പകളും സാമ്പത്തിക സഹായങ്ങളും നൽകാൻ ശേഷിയുള്ള ലോകോത്തര ബാങ്കുകൾ സ്വിറ്റ്‌സർലൻഡിലുണ്ട്. ഇടപാടുകളുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കാൻ സഹായിക്കുന്ന നിയമപരമായ അന്തരീക്ഷവും നൽകുന്നു. ലോകത്തെ എണ്ണ വിപണിയെ നിയന്ത്രിക്കുന്ന ഭൂരിഭാഗം ഇടനില ഇടപാടുകളും നടക്കുന്നത് സ്വിറ്റ്‌സർലൻഡിലെ ജനീവയിലാണ്.


ട്രഫീഗുരയുമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും വൈറ്റോളുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമാണ് കരാറിൽ ഏര്‍പ്പെട്ടിട്ടുള്ളത്. എതിര്‍പ്പുകൾ ഇല്ലെന്നായാതോടെ ഈ കോര്‍പ്പറേറ്റുകളുമായി എണ്ണയുടെയും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരത്തിനായി സിംഗപ്പൂർ ആസ്ഥാനമാക്കി 'ജോയിന്റ് വെഞ്ച്വർ ട്രേഡിങ് ഡെസ്ക്' ആരംഭിക്കാനും നീക്കമുണ്ട്.


ഉക്രെയ്ൻ റഷ്യ സംഘര്‍ഷം വര്‍ധിച്ചത് റഷ്യൻ എണ്ണയെ മാത്രം ആശ്രയിക്കുന്നതിൽ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. വെനിസ്വേല, ബ്രസീൽ, ഗയാന, യു.എസ് എന്നിവിടങ്ങളിൽ നിന്നും എണ്ണ എത്തുന്നുണ്ട്. വെനിസ്വേലയിൽ നിന്ന് മാത്രം കഴിഞ്ഞ ഏപ്രിലിൽ 1.25 കോടി ബാരൽ എണ്ണയാണ് ഇന്ത്യയിലെത്തിയത്.


പാചകവാതകത്തിന് മറുവഴിയില്ല


എൽ പി ജി, എൽ എൻ ജി (ദ്രവീകൃത പ്രകൃതി വാതകം) എന്നിവയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും ഹോർമുസ് കടലിടുക്കിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതിയുടെ 90 ശതമാനവും ഈ വഴിയിലൂടെയാണ് വരുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home