അഭിമുഖം
കവിത മുതല്‍ കവിത വരെ

സച്ചിദാനന്ദൻ / അമ്മുദീപ
Published on Jul 13, 2026, 04:02 PM | 16 min read
നമ്മുടെ ഭാഷയെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് കെ സച്ചിദാനന്ദന്‍-. മലയാള കവിതയിൽനിന്ന് ലോകകവി എന്നു വിളിക്കാവുന്ന ഒരേ ഒരാൾ. ലോക കവിതയിലേക്കുള്ള വലിയൊരു വാതിലാണ് മാഷിന്റെ കാവ്യപ്രപഞ്ചം. പരിഭാഷകളിലൂടെ അപരിചിതമായ ജീവിതപരിസരങ്ങളെ മാഷ് മലയാളികളുടെ വായനയിലെത്തിച്ചു. എന്റെ എഴുത്തു ജീവിതത്തെയും വായനയെയും ഏറെ സ്വാധീനിക്കുകയും പുതുക്കുകയും ചെയ്‌ത കവികൂടിയാണ് അദ്ദേഹം.
എഴുതിത്തുടങ്ങിയ കാലത്ത് കവിതയുടെ പാരമ്പര്യ ശൈലിയായിരുന്നു ഞാൻ പിന്തുടർന്നിരുന്നത്. പല തരത്തിലുള്ള കവിതകൾ വായിക്കാൻ അക്കാലത്ത് ശ്രമിച്ചിരുന്നെങ്കിലും പദ്യരൂപത്തിലുള്ള എഴുത്തുരീതിയാണ് വഴങ്ങിയിരുന്നത്. മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ സച്ചിമാഷിന്റെയും കെജിഎസ്സിന്റെയും കവിതകൾ നിരന്തരം വന്നിരുന്ന കാലത്താണ് മറ്റൊരു തരത്തിലുള്ള രചനാശൈലി ശ്രദ്ധിക്കുന്നത്. ഗദ്യരൂപത്തിൽ ആദ്യം വായിച്ചനുഭവിച്ചാസ്വദിച്ച കവിത സച്ചിമാഷിന്റെതാണ്. പലതവണ വായിച്ചപ്പോൾ കവിതയിൽപ്പെട്ടുപോവുകയായിരുന്നു. കോളേജു കാലത്ത് മാഷിന്റെ കവിത തേടിപ്പിടിച്ച് വായിച്ചു. സാമൂഹികമോ രാഷ്ട്രീയമോ ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾപ്പോലും അതിനകത്ത് മാഷ് കൊണ്ടു വരാറുള്ള വൈകാരികതയും ഇന്ദ്രിയവേദ്യതയുമെല്ലാം ഭാഷയെ ജീവനുള്ളതാക്കുന്നതായി തോന്നി. ജീവിതം പറ്റിപ്പിടിച്ച വാക്കുകളാണ് മാഷ് തെരഞ്ഞെടുത്തിരുന്നത്. ഗദ്യഭാഷയുടെ സ്വാതന്ത്ര്യം മാഷിന്റെ കവിതകളിലൂടെ മനസ്സിലാക്കിയതോടെ എന്റെ എഴുത്തും ഗദ്യരൂപത്തിലേക്ക് മാറ്റി.
‘‘വൃശ്‌ചികക്കുളിരിന്റെ
പുലരിയിൽ ഞാൻ
കിളിവാതിലൂടൊന്നൊളിഞ്ഞു നോക്കേ
നിറമുള്ളൊരായിരം
കാഴ്‌ചകൾ തൻ
നിറതാലമെങ്ങും നിറഞ്ഞുനിന്നു’’
എന്നൊക്കെ കൗമാരകാലത്ത് എഴുതിയിരുന്നു. മാഷെ വായിച്ചോടെ, കവിതയുടെ പുതിയൊരു വഴിയിലൂടെ യാത്ര തുടങ്ങി. കൂടുതലറിയുംതോറും വിസ്‌മയപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ് ആ കാവ്യലോകം. ഏറെ സന്തോഷത്തോടുകൂടിയാണ് മാഷിന്റെ മുന്നിൽ അഭിമുഖത്തിനായിരിക്കുന്നത്.
സച്ചിദാനന്ദൻ
ഫോട്ടോ: കെ ആർ വിനയൻ
അമ്മു ദീപ: മാഷുടെ കവിതയെഴുത്തിന്റെ ആരംഭം ഓര്‍ത്തെടുക്കാമോ? ബാല്യത്തില്‍ എഴുതിയിരുന്നോ? പിന്നെ?
സച്ചിദാനന്ദന്‍: അമ്മൂ, നവമാധ്യമങ്ങളുടെ വരവിനു മുമ്പുള്ള എല്ലാ കവികളെയും പോലെ ഞാനും ഒറ്റക്കടലാസുകളിലും നോട്ടുബുക്കുകളിലും എഴുതിയിട്ട പൂർണവും അപൂര്‍ണവുമായ രചനകളിലാണ് ആരംഭിച്ചത്. ചിലപ്പോള്‍ ചില വരികള്‍. ചിലപ്പോള്‍ കൊച്ചു കവിതകള്‍. എല്ലാം വൃത്തത്തില്‍. എന്റെ നാട്ടിന്‍പുറമായ കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് രണ്ട് വായനശാലകള്‍ ഉണ്ടായിരുന്നു, എന്റെ വീടിനു തൊട്ടു മുന്നില്‍ ‘കലാകുസുമം’ , എന്റെ ആദ്യത്തെ – പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് അടുത്ത് ‘ആശാന്‍ സ്മാരക വായനശാല.’ ആദ്യത്തേത് ഞാന്‍ മുതിര്‍ന്നപ്പോഴേക്കും നിന്നുപോയി, ആ ഇഷ്ടികക്കെട്ടിടം തന്നെ തകര്‍ന്നു. കലാകുസുമം ലൈബ്രറി ഒരു കയ്യെഴുത്തുമാസിക നടത്തിയിരുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് അത് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞെന്നു വരില്ല-. മനോഹരമായ കയ്യക്ഷരമുള്ളവര്‍ പേനകൊണ്ട് എഴുതി, വരയ്‌ക്കാന്‍ കഴിവുള്ളവര്‍ ജലച്ചായത്തിലും മറ്റും ചിത്രങ്ങള്‍ വരച്ച്, മിക്കപ്പോഴും കടലാസിന്റെ എ4 സൈസില്‍, തുന്നിക്കെട്ടി ഇറക്കിയിരുന്ന, ഗ്രാമ പ്രതിഭകളുടെ രചനകള്‍ വഹിക്കുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു ‘കലാകുസുമം’ മാസിക. അതിലാണ് എന്റെ കവിത ആദ്യമായി വെളിച്ചം കാണുന്നത്, അഥവാ വെളിച്ചം എന്റെ കവിതയെ കാണുന്നത്. കവിതയുടെ പേര് ‘ഇയ്യാംപാറ്റകള്‍.’ പതിനൊന്നുകാരന്റെ കവിതയുടെ പ്രമേയം: നശ്വരത. (അപ്പോള്‍ ഇരുപത്തിനാലാം വയസ്സില്‍ ‘ആസന്നമരണചിന്തകള്‍’ എഴുതിയതില്‍ വല്ല അത്ഭുതവും ഉണ്ടോ?) ആലോചിച്ചാല്‍ ആശ്ചര്യം തോന്നും, എന്റെ വീട്ടില്‍ കവികളൊന്നുമുണ്ടായിരുന്നില്ല, ചെറിയമ്മാവന്‍ ചിത്രം വരയ്‌ക്കുമായിരുന്നു. പക്ഷെ കുട്ടിക്കാലംമുതല്‍ കവിത ഉണര്‍ത്തിയിരിക്കാവുന്ന രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു: ഒന്ന് പ്രകൃതിയുമായുള്ള അടുത്ത സഹവാസം- (കുളത്തില്‍ കുളി, കിണറ്റില്‍ നിന്ന് വെള്ളം കോരല്‍, തോട്ടില്‍ നീന്തല്‍, മരം കയറല്‍, കൃഷിപ്പണിയില്‍ അച്ഛനെ സഹായിക്കല്‍, വയലിലെ സ്‌ത്രീകളും -അമ്മയും ആ ജോലിയില്‍ കൂടും, ഞാന്‍ കറ്റ ചുമക്കാനും.- പുള്ളുവരും പാണരും മറ്റും പാടുന്ന മനോഹരമായ നാടന്‍പാട്ടുകള്‍ കേള്‍ക്കല്‍); രണ്ട് അമ്മയ്‌ക്ക് ‘പാടില്ലാത്ത’ ദിവസങ്ങളിലെ വരികളിലും വാക്കുകളിലും ശ്രദ്ധയോടെയുള്ള അദ്ധ്യാത്മരാമായണം വായന. അതിന്റെ കൂടെ ലൈബ്രറികളില്‍ നിന്ന് കുമാരനാശാന്‍ ഉള്‍പ്പെടെയുള്ള കവികളുടെയും ആനുകാലികങ്ങളിലെ കവിതകളുടെയും വായന, കവിതാ മത്സരങ്ങളിലെ പങ്കാളിത്തം, വൃത്തങ്ങളും അലങ്കാരങ്ങളും ഭാഷയും വ്യാകരണവും മറ്റും നന്നായി പഠിപ്പിച്ച, എഴുത്ത് പ്രോത്സാഹിപ്പിച്ച, ചില അധ്യാപകര്‍ (ഇതൊക്കെ ആത്മകഥയില്‍ ഞാന്‍ വിസ്‌തരിച്ചു പറയുന്നുണ്ട്). പിന്നെ ഇടയ്‌ക്കിടയ്‌ക്ക് സ്‌കൂള്‍ മാസികകളില്‍, -അവയും അച്ചടിച്ചവ ആയിരുന്നില്ല-, കവിതകള്‍ പ്രസിദ്ധീകരിച്ചുവന്നു, ഭാവഗീതങ്ങളും ആഖ്യാനകവിതകളും. ആദ്യം എഴുതിയവ അധികവും സംസ്‌കൃത വൃത്തങ്ങളില്‍ ആയിരുന്നു-‐ സ്രഗ്ധരയും മറ്റും. ആശാന്റെ സ്വാധീനം ആകണം. ഹൈ സ്‌കൂളിൽവച്ച് ഒമര്‍ ഖയ്യാമിന്റെ ചില റൂബായികള്‍ വിവര്‍ത്തനം ചെയ്‌തതും സംസ്‌കൃതവൃത്തങ്ങളില്‍ തന്നെ.
പാബ്ലോ പിക്കാസോ വരച്ച ലോകപ്രശസ്‌ത ചിത്രം ‘ഗൂർണിക്ക’
? ഏത് ആനുകാലികങ്ങളിലാണ്, സ്‌കൂള്‍‐കോളേജ് മാസികകള്‍ ഒഴിച്ചാല്‍ മാഷുടെ കവിതകള്‍ ആദ്യം വന്നതും എഴുത്തു തുടര്‍ന്നതും. അവ മാഷുടെ സർഗ ജീവിതത്തിന് സംഭാവന ചെയ്‌തിട്ടുണ്ടോ.
= ആദ്യം കവിതകള്‍ അച്ചടിച്ചു കാണുന്നത് മദിരാശിയില്‍നിന്ന് ഇറങ്ങിയിരുന്ന ‘ജയകേരളം’, കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന ‘ജനയുഗം’ എന്നീ ആനുകാലികങ്ങളിലാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബിരുദ പഠനകാലത്താണ് ‘ജയകേരള’ ത്തില്‍ ‘ആദ്യത്തെ പ്രണയകവിത’എന്ന കവിതയും, ശ്രീനഗറിലെ ഹസ്രത് ബാല്‍ പള്ളിയില്‍നിന്ന് (പിന്നെ അമ്പതു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ അവിടെ പോകുന്നത്) നബിയുടേത് എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരു മുടിനാര് നഷ്ടപ്പെട്ടതിനെപ്പറ്റിയുള്ള മറ്റൊന്നും (ഒരു കവിതാമത്സരത്തിനു കിട്ടിയ വിഷയം ആയിരുന്നു അത്, സമ്മാനം കിട്ടിയ കവിത) വന്നത്. മഹാരാജാസിലെ ബിരുദാനന്തരപഠന കാലത്ത് ‘ജനയുഗ’ത്തില്‍ ‘ശക്തിഗീതം’ എന്ന മറ്റൊരു രചനയും വന്നു. അച്ചടിച്ച കോളേജ് മാസികകളില്‍ പ്രീ-ഡിഗ്രി കാലം മുതല്‍ കവിതകള്‍ ‐ മലയാളത്തിലും ഇംഗ്ലീഷിലും ‐ വരാനും ആരംഭിച്ചു. പിന്നെ അനേകം ചെറുമാസികകളില്‍ എഴുതി. സമീക്ഷ, അന്വേഷണം, ജ്വാല, കേരളകവിത, യുഗരശ്‌മി, അക്ഷരം, രസന, സുഹൃത്ത്, നിയോഗം, സംക്രമണം, സരോവരം, പ്രേരണ, പ്രസക്തി, വിചിന്തനം, സ്ട്രീറ്റ്, യെനാന്‍ അങ്ങനെ. അഞ്ചുസൂര്യന്‍, ഒരു തുള്ളി, രണ്ടാം കണ്ണ്, സത്യവാങ്‌മൂലം, പനി, ആത്മഗീത- ആദ്യഭാഗം തുടങ്ങിയ രചനകള്‍ ‘കേരളകവിത’യിലാണ് വന്നത്. പിന്നെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പത്രാധിപരായിരുന്ന ‘ചിത്രകാര്‍ത്തിക’യില്‍ ഹോ ചിമിന്‍, സര്‍ക്കസ് തുടങ്ങി എത്രയോ കവിതകള്‍, ഒപ്പം മറാഠി ദളിത് കവിതകളുടെ പരിഭാഷകളും. 1971-‐ലാണെന്നാണ് ഓർമ, -അന്ന് എനിക്ക് 25 വയസ്സ്-, ‘മാതൃഭൂമി’ വാരികയില്‍ ‘എഴുത്തച്ഛനെഴുതുമ്പോള്‍’ എന്ന കവിത അച്ചടിച്ചു വന്നു. താമസിയാതെ ‘രൂപാന്തരം’ എന്ന കവിതയും. അക്കാലത്ത് എന്‍ വി കൃഷ്‌ണവാരിയര്‍ ആയിരുന്നു പത്രാധിപര്‍. തുടര്‍ന്ന് പല പത്രാധിപന്മാരും വന്നു. പിന്നെ ഇന്നോളം ആ വാരികയില്‍- വിശേഷാല്‍പ്രതികളില്‍ അടക്കം- കവിതകളും ലേഖനങ്ങളും എഴുതുന്നു. എഴുപതുകളില്‍ തന്നെയാണ് ‘ദേശാഭിമാനി’ വാരികയിലും എഴുതാന്‍ തുടങ്ങുന്നത്. ആദ്യം വന്നത് എം എന്‍ കുറുപ്പ് പത്രാധിപരായിരുന്ന കാലത്താണ്, ‘ഇന്ത്യന്‍ സ്‌കെച്ചുകള്‍’ എന്ന പരമ്പര. തുടര്‍ന്ന് ഇന്നോളം പല പത്രാധിപന്മാരുടെയും കാലത്ത് എഴുത്ത് തുടരുന്നു. വിശേഷാല്‍ പതിപ്പുകളില്‍ ഉള്‍പ്പെടെ. പഴയ, എസ് ജയചന്ദ്രന്‍ നായര്‍ എഡിറ്റ് ചെയ്‌തിരുന്ന, ‘കലാകൗമുദി’ യിലാണ് ‘ആശുപത്രി’ ഉള്‍പ്പെടെ ഒരുപാട് കവിതകള്‍ വന്നത്.
മലയാളം, മാധ്യമം, ചന്ദ്രിക തുടങ്ങിയ കുറെയൊക്കെ പ്രചാരമുള്ള ആനുകാലികങ്ങളിലും എഴുത്ത്, പ്രസാധകന്‍, പ്രഭാതരശ്മി... അങ്ങനെ അനേകം ചെറുമാസികകളിലും ‘മലയാള മനോരമ’ ഉള്‍പ്പെടെയുള്ള ഓണപ്പതിപ്പുകളിലും ഇപ്പോഴും എഴുതുന്നു. കവിസദസ്സുകളിലെ പരിമിതരായ കേൾവിക്കാരില്‍നിന്ന് എന്റെ കവിതകള്‍ കൂടുതല്‍ വായനക്കാരിലേക്കെത്തിച്ചത് ആദ്യം ഈ ആനുകാലികങ്ങളും പിന്നെ എന്റെ പുസ്‌തകങ്ങള്‍ പ്രകാശിപ്പിച്ച പ്രസാധന ഗൃഹങ്ങളും ആണെന്നു പറയാം. ആര്‍ രാമചന്ദ്രന്‍ ഉപദേശകനായിരുന്ന പൂർണ ബുക്‌സ് ആണ് ആദ്യസമാഹാരമായ ‘അഞ്ചുസൂര്യന്‍’ ഇറക്കിയത്. തുടര്‍ന്ന് ‘എഴുത്തച്ഛനെഴുതുമ്പോള്‍’, ‘ആത്മഗീത’ എന്നിവ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചു.
പിന്നെ ഡി സിയും മാതൃഭൂമിയും ഉള്‍പ്പെടെ വലിയ പ്രസാധന സ്ഥാപനങ്ങള്‍; ഒപ്പം ഗൗതമ, നവംബര്‍, നയന, വിദ്യാർഥിമിത്രം, ബോധി, പുസ്‌തകപ്രസാധകസംഘം, വെള്ളായ്‌ക്കല്‍ ബുക്‌സ്, മുദ്ര, ഇന്ത്യന്‍ അത്തെയിസ്റ്റ്, ലീഡ്, ബുക്ക് സ്റ്റാഗ്, ഓറോവില്‍, സംസാര, പ്രസക്തി, ബാഷോ, പ്രതീക്ഷ, സൈകതം, മാധ്യമം, ലാ ബെല്ലാ, മലയാളം, ഐവറി, ഫീനിക്‌സ്, മോഡേണ്‍ ബുക്‌സ്, ശിഖ, ലിപി, മള്‍ബറി, ഹരിതം ബുക്‌സ്, ഗ്രീന്‍ ബുക്‌സ്, ലോഗോസ്, ചിന്ത, കാര്‍നെ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പെന്‍ഗ്വിന്‍, ഹാര്‍പ്പര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ്, സാഹിത്യ അക്കാദമി എന്നിവ ഉള്‍പ്പെടെ 15 ഇംഗ്ലീഷ് പ്രസാധകര്‍, വിദേശങ്ങളിലുള്ള അനേകം ഫ്രഞ്ച്-, ജർമന്‍, ഇറ്റാലിയന്‍,- ഐറിഷ്, സ്‌പാനിഷ്, -ചൈനീസ്, ജാപ്പനീസ്-, അറബിക് പ്രസാധകര്‍... വേറെയും പൊതുവും സ്വകാര്യവും വലുതും ചെറുതും ആയ പലരും. (ഇതില്‍ കാവ്യപരിഭാഷകളും ഇതര പുസ്‌തകങ്ങളും കൂടി പെടും.- പ്രതിഫലക്കാര്യം ചോദിക്കരുത്: എനിക്ക് പ്രധാനം വായനക്കാരില്‍ എത്തുകയായിരുന്നു.) ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആറു ഭൂഖണ്ഡങ്ങളിലെ വിദേശരാജ്യങ്ങളിലും കവിത വായിക്കാന്‍ ക്ഷണിക്കപ്പെടുകയും മറ്റു ഭാഷകളില്‍ എന്റെ കവിതകളുടെ പരിഭാഷകളുടെ സമാഹാരങ്ങളും- എട്ട് വിദേശ ഭാഷകളിലും 13 ഇന്ത്യന്‍ ഭാഷകളിലുമായി 50 സമാഹാരങ്ങള്‍ വരാന്‍ തുടങ്ങുകയും, ദേശത്തും വിദേശത്തുമായി 76 പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്‌തതോടെ ആ വൃത്തം പിന്നെയും വലുതായി. സമാന്തരമായി എന്റെ അക്കാദമിക് ലോകവും പഠനവിഷയങ്ങളും വളര്‍ന്നുകൊണ്ടിരുന്നു. ആ കഥ നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല.
സച്ചിദാനന്ദൻ
ഫോട്ടോ: വിജേഷ് വള്ളിക്കുന്ന്
? പദ്യകവിതകള്‍ മാത്രം പരിചയമുണ്ടായിരുന്ന കൗമാരത്തില്‍ ആദ്യം വായിച്ചനുഭവിച്ച ഗദ്യകവിതകള്‍ സച്ചിമാഷുടേതാണ്. മാഷുടെ കവിതകള്‍ വായിച്ചുവായിച്ചാണ് പദ്യത്തില്‍ എഴുത്താരംഭിച്ചിരുന്ന ഞാന്‍ ഗദ്യത്തിലേക്ക് ചുവടുമാറിയത്. ഗദ്യത്തിലെ എന്റെ ആദ്യഗുരു എന്ന് നിസ്സംശയം പറയാം. വിഷയം രാഷ്‌ട്രീയമായപ്പോഴും ആ കവിതകള്‍ എന്നെ വളരെ ആഴത്തില്‍ സ്‌പര്‍ശിച്ചിരുന്നു. ഹൃദയത്തെ സ്‌പര്‍ശിക്കാനുള്ള കഴിവാണ് കവിതയുടെ ആദ്യഗുണമെന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. പിന്നെ കോളേജ് കാലഘട്ടത്തില്‍ മാഷിനെ കൂടുതല്‍ വായിക്കാന്‍ തുടങ്ങി. കവിതകളിലെ ഗണവൈവിധ്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
= അമ്മു പറഞ്ഞത് പല വായനക്കാരും എന്നോട് പറഞ്ഞിട്ടുണ്ട്. പണ്ട് നമുക്ക് ‘ഗദ്യകവിത’ എന്ന ഒരു രൂപം ഉണ്ടായിരുന്നു. വി വി കെ വാലത്ത്, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരൊക്കെ അത് പരീക്ഷിച്ചിട്ടുണ്ട്. അത് സ്വാഭാവികമായും മരിച്ചു-. കാരണം, അത് ഒരുതരം മുഴങ്ങുന്ന പ്രഭാഷണമായിരുന്നു. അയ്യപ്പപ്പണിക്കര്‍ ആണ്, എന്റെ അറിവില്‍, ആധുനികകവിതയുടെ ഗദ്യരീതി കവിതയില്‍ കൊണ്ടുവരുന്നത്. ‘ചരമക്കുറിപ്പി’ല്‍ തുടങ്ങി അത് ‘പകലുകള്‍ രാത്രിക’ളിലെ ഗദ്യഖണ്ഡങ്ങള്‍, പാസേജ് ടു അമേരിക്ക തുടങ്ങിയ ആനുപൂർവി (സീക്വെന്‍സ്) കളിലൂടെ തുടര്‍ന്നു. ഞാന്‍ ആദ്യഘട്ടത്തിലെ പദ്യരചനകള്‍ കടന്ന കാലത്താണ് ഇതൊക്കെ വരുന്നത്. പണിക്കരുമായി സ്ഥിരം കത്തിടപാടും ഉണ്ടായിരുന്നു-. അദ്ദേഹവും ഞാനും കേരളത്തിലായിരുന്നപ്പോള്‍ ആരംഭിച്ച അത് അദ്ദേഹം അമേരിക്കയില്‍ പോസ്റ്റ്- ഡോക്ടറല്‍ പഠനത്തിനും അധ്യാപനത്തിനും പോയപ്പോഴും ഞാന്‍ ഡല്‍ഹിയില്‍ പോയപ്പോഴും തുടര്‍ന്നു. അനേകം തവണ നേരിട്ടുള്ള സംഭാഷണങ്ങളിലും ഒന്നിച്ചുള്ള യാത്രകളിലും ഏര്‍പ്പെടുകയും ചെയ്‌തു. പണ്ഡിതനും ചിന്തകനും ഒക്കെയായിരുന്നിട്ടും തന്റെ കവിതയെ അദ്ദേഹം വെറും ധൈഷണികാഭ്യാസം ആക്കിയില്ല. ആ നിഷ്ഠ ഞാനും പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് എന്നേ പറയാന്‍ കഴിയൂ. അത് അമ്മുവിനും തോന്നിയതില്‍ സന്തോഷം. പിന്നെ ഗണങ്ങളുടെ കാര്യം; ശരിയാകാം. അതൊന്നും ഉദ്ദേശിച്ചു ചെയ്യുന്നതല്ല. പല യാത്രാ കവിതകള്‍ക്കും പണിക്കര്‍ ചെയ്‌തപോലെ ആനുപൂർവി ചേരും എന്ന് തോന്നി-. അതില്‍ ഒരേ സാമാന്യാനുഭവത്തിന്റെ, അഥവാ ആഖ്യാനത്തിന്റെ, അധ്യായങ്ങളായ പല സംഭവങ്ങളും അവസ്ഥകളും കഥാപാത്രങ്ങളും ഒക്കെ ആണല്ലോ. യാത്രാനുഭവം അല്ലാത്ത ചില രചനകള്‍ക്കും ഞാന്‍ ആ രൂപം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ‘ആശുപത്രി’ മുതല്‍ ‘അഭ്യാസചികിത്സ’വരെ. പിന്നെ വികാരം കലര്‍ന്ന ചില വിചാരങ്ങളും വിചാരം കലര്‍ന്ന ചില വികാരങ്ങളും. ഭാവഗീതം പോലെ ചിലത്. കഥകള്‍ പോലെ ചിലത്. ദീര്‍ഘവും ഹ്രസ്വവും. പല വൃത്തങ്ങള്‍, മുക്തഛന്ദസ്സുകള്‍, ഗസലുകള്‍, ബിബ്ലിക്കല്‍ ഉള്‍പ്പെടെ പല സ്വരങ്ങളിലുള്ള ഗദ്യം, കാവ്യനാടകം എന്നോ നാടകീയ കാവ്യം എന്നോ പറയാവുന്ന ‘മുക്ത’ പോലുള്ളവ, കുട്ടിക്കവിതകള്‍... ഇപ്പോള്‍ ഒരു ആട്ടക്കഥയെക്കുറിച്ച് ആലോചിക്കുന്നു. ഇവയൊന്നും വെറും രൂപവൈവിധ്യത്തിനുവേണ്ടി എഴുതിയവയല്ല, അവ തന്നെ ആവശ്യപ്പെട്ടതാണ്. അതും പോരാഞ്ഞാണ് നാടകത്തിലും കഥയിലും ഒക്കെ കടന്നത്. സൂക്ഷിച്ചുവായിച്ചാല്‍ അവയുടെയും തുടക്കം കവിയുടെ ഭാവനയില്‍ തന്നെ എന്ന് കാണാം.
അമ്മു ദീപയും സച്ചിദാനന്ദനും അഭിമുഖത്തിനിടെ ഫോട്ടോ: ഡിവിറ്റ് പോൾ
? ഇത്രയേറെ കൃതികളും പരിഭാഷകളും എല്ലാം ഉണ്ടായിട്ടും സർഗാത്മകതയുടെ രഹസ്യം കണ്ടെത്തി എന്ന് മാഷ് അവകാശപ്പെടുന്നില്ലല്ലോ. കവിത സൃഷ്ടിയോ നിർമിതിയോ എന്ന് ഒരു തര്‍ക്കം നടക്കുന്നുണ്ടല്ലോ.
= സർഗാത്മകത പ്രകൃതിയില്‍തന്നെ ഉള്ളതും പ്രകൃതിയെപ്പോലെ തന്നെ നിഗൂഢവുമാണെന്ന് ഞാന്‍ വിചാരിക്കുന്നു. അതിന്റെ ചില ഉറവകള്‍, ചില പ്രചോദനങ്ങള്‍, ചില സ്വാധീനങ്ങള്‍, ചില ദിശകള്‍, നമുക്ക് ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞേക്കും. ജനിതക ഘടകങ്ങള്‍മുതല്‍ കണ്ട ജീവിതവും പോയ യാത്രകളും വായിച്ച കൃതികളും അനുഭവിച്ച ജീവിതവും മായാത്ത ഓര്‍മകളുംവരെ അവയിലുണ്ടാകാം. പക്ഷെ കൃത്യമായി നിർവചിക്കാന്‍ കഴിയുകയില്ല. എന്റെ മിക്ക കവിതകളും രാത്രി ഉറക്കത്തിനിടയില്‍ ഒരു മണിക്കോ രണ്ടു മണിക്കോ എണീറ്റ് കുറിച്ചുവയ്‌ക്കുന്ന ഒന്നുരണ്ടു വരിയിലോ, ഒരു ഇമേജിലോ നിന്നാണ് ആരംഭിച്ചിട്ടുള്ളത്. ഒറ്റയടിക്ക് എഴുതിയത് ‘അഞ്ചുസൂര്യ’നോ ‘കോഴിപ്പങ്കോ’ പോലെ ചില കവിതകള്‍ മാത്രം. അപ്പോഴും ചില മിനുക്കുപണികള്‍ പിന്നെ ചെയ്യും. പല ദിവസമെടുത്ത് എഴുതിയ ‘ആത്മഗീത’, ‘ആസന്നമരണചിന്തകള്‍’, ‘ബോധവതി’, ‘മുക്ത’ തുടങ്ങിയ അല്‍പ്പം നീണ്ട കവിതകളും ഉണ്ട്. എനിക്ക് കവിത ആദ്യം സൃഷ്ടി തന്നെ. പിന്നെ നിർമാണത്തിന്റെ കാഴ്‌ചപ്പാടില്‍ അതിനെ നോക്കുന്നു-. അപ്പോള്‍ ക്രാഫ്റ്റിന്റെ പ്രശ്നങ്ങള്‍ കാണും-. അനാവശ്യമായ വാക്കുകള്‍, വരികള്‍, ആവര്‍ത്തനങ്ങള്‍, വിവരണങ്ങള്‍ -അങ്ങനെ. പറ്റും പോലെ പരിഹരിക്കും. കവിതയ്‌ക്ക് സാർവജനീനവും സർവസമ്മതവുമായ എഴുത്തുരീതിയോ വായനാരീതിയോ ഒന്നുമില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ.

? 1971-ല്‍ പുറത്തിറങ്ങിയ ‘അഞ്ചുസൂര്യന്‍’ ആണ് മാഷുടെ ആദ്യസമാഹാരം. സൂര്യബിംബം പല നിറങ്ങളില്‍ കവിതയില്‍ ആവര്‍ത്തിക്കുന്നു. സൂര്യപ്രകാശം ആ ഭാഷയ്‌ക്കുമുണ്ട്. അങ്ങയെ രാഷ്‌ട്രീയകവിയായി വായിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട സർവകലാശാലാപഠന കാലത്തും ഞാന്‍ കണ്ടത് ആ കവിതകളിലെ ‘കോസ്മിക്’ ആയ ഭാവുകത്വമാണ്. “സൂര്യയോലയില്‍ സൂര്യ നാരായം- കാവ്യസൂര്യകം/ സൂര്യമഷികളില്‍ സൂര്യതൂലിക- ചിത്രസൂര്യകം...” ആരാണ് കവിതയിലെ ഈ സൂര്യന്‍.
= ഭൂമിക്ക് ഊർജം പകരുന്ന നിതാന്തപ്രഭവം. അതുതന്നെ കവിതയിലേയും വൈദ്യുതിയുടെയും പ്രഭവം. ‘അഞ്ചുസൂര്യ’നില്‍ മാത്രമല്ല, ‘ആത്മഗീത’യിലുമുണ്ട് ഒരു സൂര്യസ്‌തവം. പിന്നെ ആ വെളിച്ചം പ്രകൃതിയിലേക്കും പ്രപഞ്ചത്തിലേക്കും മുഴുവന്‍ പടര്‍ന്നു. ഇപ്പോള്‍ ആ സൂര്യന്‍ ചൂടുകൂടി ഉരുകിത്തീരുമോ എന്നുപോലും ഭയക്കുന്നു. ആലോചിക്കുമ്പോള്‍ ശരിയാണ്, കോസ്മിക് എന്ന് പറയാവുന്ന ഒരു മാനം എന്റെ പല രചനകള്‍ക്കും ഉണ്ട്-. അതില്‍ ഗ്രഹയൂഥങ്ങള്‍ തന്നെ കടന്നുവരുന്നു, ആകാശവും നക്ഷത്രങ്ങളും പരസ്‌പരം കൊന്നു മരിക്കുന്ന, ഒന്നു മിന്നി മറയുന്ന, അല്‍പ്പപ്രാണിയായ മനുഷ്യനും. ഇപ്പോള്‍ ഞാന്‍ കരുണയെ മനസ്സിലാക്കുന്നതുപോലും മനുഷ്യരോട് മാത്രം കാണിക്കേണ്ട ഒന്നായല്ല, ജീവനുള്ള സകലതിനോടും പുലര്‍ത്തേണ്ട ഒരു മനോഭാവമാണ് അത്. അവയെല്ലാം നമ്മോട് കരുണ കാണിക്കുന്നതുകൊണ്ടാണ് നാം ജീവിച്ചിരിക്കുന്നത്. നാം അവയ്‌ക്കുശേഷം വന്നവരാണ്; അവയോ, ഒരു പക്ഷെ നമുക്കുശേഷവും അതിജീവിക്കാവുന്നവയും. നമ്മുടെ ആത്മഹത്യാപരമായ യുദ്ധങ്ങളെയും പ്രകൃതിനശീകരണത്തെയും, അസമത്വവും ദാരിദ്ര്യവും സൃഷ്ടിക്കുന്ന ചൂഷണങ്ങളെയുമെല്ലാം അവ പരിഹാസത്തോടും വേദനയോടുംകൂടി കാണുന്നുണ്ടാവും. അടുത്ത കാലത്തെ ‘ചരിത്രം’ തുടങ്ങിയ കവിതകളില്‍ ഈ സൂചന ഉണ്ട്.
? മാഷുടെ കാവ്യഭാഷ, അഥവാ ഭാഷകള്‍, ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിലായാലും മറ്റു രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ ആയാലും, യുദ്ധങ്ങളുടെ വര്‍ത്തമാനകാലത്തായാലും മാഷ് ഏതു വിഷയത്തെയും കവിതയാക്കി മാറ്റുന്നുണ്ട്. ‘രാഷ്‌ട്രീയ കവികള്‍’ എന്ന് കൊണ്ടാടപ്പെടുന്നവര്‍ പലപ്പോഴും കവിതയെ രാഷ്‌ട്രീയമാക്കുമ്പോള്‍, മാഷ് രാഷ്‌ട്രീയത്തെ കവിതയാക്കി മാറ്റുന്നു, അതില്‍ അനുഭവം, പ്രകൃതി, ഓർമ ഇവയുടെ അനേകം മാനങ്ങള്‍ കൊണ്ടു വരുന്നു. രൂപകങ്ങളും ബിംബങ്ങളുംകൊണ്ട് എന്നും സമകാലീനമാണ് ആ ഭാഷ. അതുതന്നെയാണ് മാഷിന്് എല്ലാ തലമുറയിലും എന്നും വായനക്കാര്‍ ഉള്ളതും.
= കാവ്യഭാഷയെ ഞാന്‍ പ്രത്യേകമായി നിർമിക്കുന്നില്ല. അത് പ്രമേയത്തിലും ഭാവത്തിലുംനിന്ന് താനേ ഉരുവംകൊള്ളുന്നതാണ്. അതിനെ കവിതയില്‍നിന്ന് അടര്‍ത്തിമാറ്റി അപഗ്രഥിക്കാനോ ചര്‍ച്ച ചെയ്യാനോ ആവില്ല. സംക്ഷിപ്തത, ധ്വന്യാത്മകത, ബിംബപരത, സ്വയംഭൂവായി ഉയര്‍ന്നു വരുന്ന പ്രാക്തനസ്മൃതികള്‍, സ്വാനുഭവത്തിന്റെ അനുരണനങ്ങള്‍-... കവിതയെ കവിതയാക്കുന്ന ചില ഘടകങ്ങള്‍ ഇവയെല്ലാമാണ്.
വൃത്തംപോലും കൃത്രിമമായി ഉണ്ടാക്കുന്നതല്ല. ചില ഭാവങ്ങള്‍ നിവേദനം ചെയ്യാന്‍ അത് ആവശ്യമായി വരാം. ‘നാവുമരം’ ആ വടക്കന്‍ പാട്ടുരീതിയിലേ എഴുതാന്‍ കഴിയൂ, ‘ഇവനെക്കൂടി’ അതില്‍ ഉപയോഗിച്ചതരം കേകയിലും ‘പനി’ അതിന്റെ നാടകീയഗദ്യത്തിലും. ‘പ്രതികവിത’യും മറ്റും പരീക്ഷണങ്ങള്‍ എന്ന നിലയില്‍ സ്വാഗതാര്‍ഹം ആയിരിക്കെത്തന്നെ, വികാരത്തെ സ്‌പര്‍ശിക്കുകയില്ല. വിചാരം മാത്രം കവിതയാക്കുന്നവര്‍ ഇല്ലെന്നല്ല, അതിവികാരത്തിന്റെ ‘മെലോഡ്രാമ’ കൊണ്ട് ആഘാതം സൃഷ്ടിക്കാം എന്ന് കരുതുന്നവരും ഉണ്ട്. നല്ല ആസ്വാദകര്‍ ഈ കള്ളങ്ങള്‍ അതിവേഗം മനസ്സിലാക്കുന്നു, മറ്റുള്ളവര്‍ സാവധാനവും. മലയാളത്തിലും ‘ആശയകവികള്‍’ ഉണ്ടാകാം, രാഷ്‌ട്രീയനിരൂപകര്‍ അവരെ ‘രാഷ്‌ട്രീയകവികള്‍’ എന്ന് കൊണ്ടാടുന്നുമുണ്ടാകാം-. പക്ഷെ അവര്‍ അപ്പപ്പോള്‍ തന്നെ വിസ്മരിക്കപ്പെടും. അവരുടെ കവിതകള്‍ അത്രമേല്‍ താൽക്കാലികരാഷ്‌ട്രീയത്തില്‍ മാത്രം ഊന്നുന്നവയാണ്. വേണമെങ്കില്‍ അവയെ ‘പ്രതികരണകവിതകള്‍’ എന്ന് വിളിക്കാം. ഞാനും അങ്ങനെ അല്‍പ്പം ചിലത് പെട്ടെന്നുള്ള വികാരത്തില്‍ എഴുതിപ്പോയിട്ടുണ്ട്. എങ്കിലും അവയില്‍ പിന്നോട്ടും മുന്നോട്ടുമുള്ള വഴികളുണ്ട്.
എന്നാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന രാഷ്‌ട്രീയകവിത, രാഷ്‌ട്രീയത്തെ മനുഷ്യാവസ്ഥയുടെ ഒരു മാനമാക്കി മാറ്റുന്നു. അത് ചരിത്രത്തിലും ജീവിതത്തിലും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. നോക്കൂ, നാം അറിയുന്ന വലിയ രാഷ്‌ട്രീയകവികളില്‍ ഒരാള്‍ ആണ് പാബ്ലോ നെരൂദ, ഒപ്പം മഹാനായ പ്രണയകവിയും. അദ്ദേഹത്തിന്റെ രാഷ്‌ട്രീയകവിതകളില്‍ തന്നെ ‘യുണൈറ്റഡ് ഫ്രൂട്ട് കമ്പനി’ പോലെ ഹ്രസ്വകാല രചനകള്‍ ഉണ്ട്, ‘മാക്കുപ്പിക്കുവിന്റെ ഉയരങ്ങള്‍’ പോലെ ദീര്‍ഘകാലരചനകളും ഉണ്ട്. ഈ കാലസങ്കല്‍പ്പങ്ങള്‍ എന്റെയല്ല, മാർക്‌സിസ്റ്റ് കലാനിരൂപകനായിരുന്ന ജോണ്‍ ബെര്‍ഗെര്‍ സൃഷ്ടിച്ചതാണ്. രണ്ടുതരം കലയെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഷോര്‍ട്ട് ടേം, ലോങ് ടേം. ആദ്യത്തേത് താൽക്കാലികമായ ഒരാവശ്യത്തിന് സൃഷ്ടിച്ചത്, രണ്ടാമത്തേത് മനുഷ്യാവസ്ഥയുടെ സങ്കീർണമാനങ്ങള്‍ തിരിച്ചറിഞ്ഞ് എക്കാലത്തെയും സഹൃദയരോട് സംവദിക്കുന്നത്. നാം പലപ്പോഴും രാഷ്‌ട്രീയകല, രാഷ്‌ട്രീയ കവിത എന്നെല്ലാം വിളിക്കുന്നത് അടിയന്തരാവശ്യത്തിന്നു നിർമിച്ച ആദ്യത്തെ തരം കലയെയും കവിതയെയുമാണ്. കാള്‍ മാർക്‌സിന് ഇത് നന്നായി അറിയാമായിരുന്നു. എംഗല്‍സ് ഏഷന്‍ സൂവിന് എഴുതിയ കത്തിലും ഇത് വ്യക്തമാക്കുന്നുണ്ട്-. അവര്‍ വിചാരിച്ചത് താന്‍ പുരോഗമനപരമായ ഒരു രാഷ്‌ട്രീയനോവല്‍ എഴുതി എന്നാണ്; പക്ഷെ അത് ചവറാണെന്ന് മാത്രമല്ല, പ്രതിലോമകരവും ആണെന്ന് എംഗല്‍സ് വാദിച്ചു സ്ഥാപിച്ചു. എംഗല്‍സ് നമ്മുടെ ആദ്യത്തെ പരിസ്ഥിതിവാദികളില്‍ ഒരാളാണെന്നുകൂടി ഓര്‍ക്കുന്നത് ഇന്ന് പ്രസക്തമാണ്.
സച്ചിദാനന്ദൻ ഭാര്യ ബിന്ദുവിനൊപ്പം ഫോട്ടോ: വിജേഷ് വള്ളിക്കുന്ന്
? മാഷിന്റെ ഭക്തി-സൂഫി കവികളെക്കുറിച്ചുള്ള രചനകള്‍ എനിക്ക് ഇഷ്ടമാണ്. ആത്മീയതയുടെ ആ ആറാമത്തെ സൂര്യന്‍ ഉദിച്ചത് എപ്പോഴാണ്.
= അമ്മുവിന് അറിയാമല്ലോ, എന്റെ ‘എഴുത്തച്ഛന്‍’ കവിതയും ‘രൂപാന്തരവും’ ‘ആസന്നമരണചിന്തക’ളും മുതല്‍ തന്നെ അങ്ങനെ എന്തോ ഒന്ന് എന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. ഉപനിഷത്തുകളും ഒരുപാട് തത്വചിന്താപുസ്‌തകങ്ങളും നന്നേ ചെറുപ്പത്തിലേ വായിച്ചതുകൊണ്ട് മാത്രമല്ല, മനുഷ്യനില്‍ ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും അർഥവും രഹസ്യവും അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഉണ്ടെന്നും അതില്‍നിന്നാണ് തത്വചിന്തയും ശാസ്‌ത്രങ്ങളും സാഹിത്യവും എല്ലാം ഉറവയെടുക്കുന്നതെന്നും എനിക്ക് എന്നും തോന്നിയിട്ടുണ്ട്. ഞാന്‍ ഒരു കാലത്തും മതവിശ്വാസി ആയിരുന്നിട്ടില്ല, ആകാന്‍ ഇടയുമില്ല, ഗീതയും ഖുര്‍ -ആനും ബൈബിളും ധർമപദയും (ധർമപഥം) എല്ലാം വായിച്ചിട്ടുണ്ടെങ്കിലും ആചാരനിഷ്ഠമായ മതം എന്റെ വഴിയല്ല. എന്റെ കുടുംബത്തില്‍ തന്നെ പല ‘ജാതി’കളിലും നാല് മതങ്ങളിലും പെട്ടവര്‍ ഉണ്ട്. ഒരു സാധാരണ കര്‍ഷകനും വിത്തു മുളച്ച് ചെടിയോ മരമോ ആകുമ്പോള്‍ ഞാന്‍ സൂചിപ്പിച്ച നിഗൂഢത അനുഭവിക്കുന്നുണ്ട്. ഒന്ന് ആകാശത്തേക്ക് നോക്കിയാല്‍ മതി പ്രപഞ്ചവിശാലതയെയും നമ്മുടെ നിസ്സാരതയെയും തിരിച്ചറിയാന്‍. അപ്പോള്‍ ഉണ്ടാകുന്ന വിനയം ആണ് എനിക്ക് ‘ഭക്തി.’ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ നമസ്‌കരിക്കുമ്പോള്‍ മാത്രം ഉണ്ടാകുന്നതല്ല. അവരെ ഞാന്‍ ഒരിക്കലും പരിഹസിക്കുകയില്ലെങ്കിലും. യുക്തിവാദത്തിന്റെ പരിമിതി മനുഷ്യന്റെ പരിമിതയുക്തിയിലൂടെ പ്രപഞ്ചത്തെ അറിയാം എന്ന് കരുതുന്നതിലാണ്.
ഭക്തി-സൂഫി കവിത എന്നെ ആകര്‍ഷിക്കുന്നത് നമ്മുടെ മുഖ്യപാരമ്പര്യത്തിന്റെ ഒരു എതിര്‍-പാരമ്പര്യം എന്ന നിലയിലാണ്. അയോധ്യ തിളച്ചുമറിയുമ്പോഴാണ്- ബാബറി മസ്ജിദ് മനുഷ്യ വിദ്വേഷികള്‍ തകര്‍ക്കുംമുമ്പ് ഞാന്‍ ‘പറയുന്നു കബീര്‍’ എഴുതിയത്. ആ സംഭവത്തെക്കുറിച്ച് പറയാന്‍ ഏറ്റവും അര്‍ഹത ജന്മംകൊണ്ട് ഹിന്ദുവോ മുസ്ലിമോ എന്ന് തീര്‍ച്ചയില്ലാത്ത, മതാതീതമായ പ്രപഞ്ചാനുഭവം കവിതയിലാക്കിയ, കബീറിന് ആണെന്ന് തോന്നി. അപ്പോള്‍ കബീര്‍ നമ്മുടെ സമകാലീനന്‍ ആണെന്നും തിരിച്ചറിഞ്ഞു (പിന്നീടാണ് ‘കബീര്‍: എന്റെ സമകാലീനന്‍’ എന്ന ഇംഗ്ലീഷ് ലേഖനം ഞാന്‍ എഴുതുന്നത്). തുടര്‍ന്ന് രാജാധികാരവും പുരുഷാധികാരവും ഒന്നിച്ച് ചോദ്യംചെയ്‌ത് കൊട്ടാരംവിട്ട് തെരുവിലിറങ്ങി നൃത്തം ചെയ്‌ത മീരാബായിയെക്കുറിച്ചുള്ള കവിതയെഴുതി. -അത് പിന്നെ അനേകംപേര്‍ പാടുകയും നൃത്തവിഷയമാക്കുകയും ചെയ്‌തു. ഇവ രണ്ടും കേരളത്തില്‍ വെച്ചുതന്നെയാണ് രചിച്ചത്. ഡല്‍ഹിയില്‍ ചെന്നപ്പോള്‍ അക്കാദമിയുടെ വലിയ ഗ്രന്ഥശാലയില്‍നിന്ന് അനേകം ഭക്തി-സൂഫി കവികളുടെ രചനകള്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പരിഭാഷകളിലൂടെ പരിചയപ്പെട്ടു. അവയുടെ പല വിവര്‍ത്തകരും എന്റെ സുഹൃത്തുക്കള്‍ ആയിരുന്നു. ദിലീപ് ചിത്രേ, അരവിന്ദ് കൃഷ്‌ണ മല്‍ഹോത്ര, കര്‍ത്താര്‍ സിങ് ദുഗ്ഗല്‍... പിന്നെ ആബിദാ പർവീണ്‍, മമതാ ജോഷി, നുസ്രത് ഫത്തേ ആലി ഖാന്‍ തുടങ്ങിയവരും ഖവ്വാലി ഗായകരും ഉള്‍പ്പെടെ എത്രയോ പേര്‍ പാടിയും കേട്ടു. ദർഗകളില്‍ ഞാന്‍ വലിയ ശാന്തി അനുഭവിച്ചിട്ടുണ്ട്. ഈ പശ്ചാത്തലംകൂടി എന്റെ ആ പരമ്പരയെ പ്രചോദിപ്പിച്ചിട്ടുണ്ടാകാം. കബീര്‍, മീര, ഇവരെക്കൂടാതെ തുക്കാറാം, നാമദേവ്, ബുല്ലേ ഷാ, ലല്ലേശ്വരി അഥവാ ലല്ലാ ആരിഫ, ബസവണ്ണ, അക്ക മഹാദേവി, ആണ്ടാള്‍, ത്യാഗരാജന്‍ തുടങ്ങിയവരെക്കുറിച്ചും പലപ്പോഴായി എഴുതി.- അവ സ്‌തുതികള്‍ ആയിരുന്നില്ല, ഓരോന്നിലും ഓരോ സാമൂഹ്യമായ ഊന്നല്‍ ഉണ്ട്. വളരെ കഴിഞ്ഞ്, കോവിഡ് മഹാമാരിയുടെ കാലത്ത് ഞാന്‍ ഈ ഗണത്തില്‍പെട്ട അനേകം കവികളെ ഹിന്ദി, ബ്രജ് തുടങ്ങിയ ഭാഷകളില്‍നിന്ന് നേരിട്ടും ഇംഗ്ലീഷ് പരിഭാഷകള്‍ വഴിയും കന്നഡ-, തമിഴ് കവിസുഹൃത്തുക്കളുടെ സഹായത്തോടെയും (ചൊല്ലിക്കേള്‍ക്കാന്‍ മാത്രം) വിവര്‍ത്തനം ചെയ്‌തു. അഞ്ചു സമാഹാരങ്ങള്‍ അങ്ങനെ ഉണ്ടായവയാണ്. ഹിന്ദുത്വരാഷ്‌ട്രീയത്തിനെതിരായ ശക്തമായ ഒരായുധമാണ് ആ ധാരയിലെ മതഭേദങ്ങളെ നിരാകരിക്കുന്ന പാരമ്പര്യം.- കബീര്‍ തന്നെ നല്ല ഉദാഹരണം.
സച്ചിദാനന്ദൻ കുടുംബത്തോടൊപ്പം. ആദ്യകാലചിത്രം
? അപ്പോള്‍ മലയാളകവികളെക്കുറിച്ചുള്ള കവിതകളോ.
= അവയും ഒരു പരമ്പരയായി ആലോചിച്ചവയല്ല. ‘എഴുത്തച്ഛന്‍ എഴുതുമ്പോള്‍’ ആയിരുന്നു തുടക്കം. അത് ഉണ്ടായത് എന്റെ അധ്യാത്മരാമായണ പാരായണത്തില്‍നിന്ന് എന്നപോലെ ആശാന്റെ ‘ചിന്താവിഷ്ടയായ സീത’ പോലുള്ള രചനകളില്‍ നിന്നുകൂടിയാണ്, ഒപ്പം കവിതാരചനയുടെ മുഹൂര്‍ത്തത്തില്‍ ഭാഷയും കവിയും കവിതയും ഒന്നാകുന്നതിന്റെ അനുഭവത്തില്‍നിന്നും. അക്ഷരങ്ങളും ചിഹ്നങ്ങളും ഒക്കെ കഥാപാത്രങ്ങളോ ബിംബങ്ങളോ ഒക്കെ ആകുന്ന അനുഭവം. ഇയ്യിടെ ‘അ’ എന്ന കവിത എഴുതിയപ്പോഴും അതുണ്ടായി. ഒരിക്കല്‍ കായിക്കരയില്‍ ഒരു കവിസമ്മേളനത്തിന് പോയപ്പോഴാണ് ‘കായിക്കരയിലെ മണ്ണ്’ ഉണ്ടായത്. വൈലോപ്പിള്ളിയുടെ ജഡം അഗ്നിക്ക് ഇരയാവുന്നത് കണ്ടുനിന്നപ്പോള്‍ വന്നതാണ് ‘ഇവനെക്കൂടി.’ ഇടശ്ശേരിയും ഇടശ്ശേരിക്കവിതയുമായുള്ള വലിയ അടുപ്പത്തില്‍നിന്ന് ഉണ്ടായതാണ് ‘ഇടശ്ശേരി’ (ഇയ്യിടെ ‘കുറ്റിപ്പുറം പാലം വീണ്ടും’ എഴുതുമ്പോള്‍ വീണ്ടും അദ്ദേഹം എന്നില്‍ ആവേശിച്ചു). ‘രണ്ടാംവരവ്’ പ്രകൃതിവിനാശത്തിന്റെ ഈ കാലത്ത് പി കുഞ്ഞിരാമന്‍ നായര്‍ മടങ്ങിവന്നാലോ എന്ന് ആലോചിച്ചപ്പോള്‍ ഉണ്ടായതാണ്. കടമ്മനിട്ട, എ അയ്യപ്പന്‍, (ധൂമില്‍ പോലുള്ള മറ്റു ഭാഷാകവികളും ഉണ്ട്) തുടങ്ങിയവരെക്കുറിച്ചും കവിതകള്‍ ഉണ്ടെങ്കിലും ഞാന്‍ ഈ പരമ്പരയില്‍ പിന്നെ പെടുത്തുക മഹാമാരിയുടെ കാലത്ത് സുഗതകുമാരിയുടെ ജഡം ആസ്വാദകരും ആരാധകരും ഇല്ലാതെ വൈദ്യുതശ്മശാനത്തിലേക്ക് പ്രവേശിക്കുന്നത് ടെലിവിഷനില്‍ കണ്ടപ്പോഴുണ്ടായ വേദനയില്‍നിന്ന് പിറന്ന ‘ഇല്ല, വരില്ലിനി’എന്ന കവിതയെ ആണ്. അയ്യപ്പപ്പണിക്കര്‍ക്ക് ജീവിച്ചിരിക്കുമ്പോഴും മരിച്ചപ്പോഴും ഞാന്‍ കവിതകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്‌കൂളിലെ രണ്ടുമൂന്ന് അധ്യാപകര്‍ കഴിഞ്ഞാല്‍ അയ്യപ്പപ്പണിക്കരും ദിലീപ് ചിത്രെയും അശോക് വാജ്പൈയും ആണ് എന്റെ ‘മെന്റര്‍’മാര്‍ എന്ന് ഞാന്‍ ആത്മകഥയില്‍ പറയുന്നുണ്ട്. തീര്‍ച്ചയായും മലയാള കവിത, ഇന്ത്യന്‍ കവിത, ലോകകവിത ഇവയുടെ പാരമ്പര്യങ്ങളും എന്റെ കവിതയെ രൂപപ്പെടുത്തുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.
? പാരമ്പര്യത്തെപ്പറ്റി പറഞ്ഞപ്പോഴാണ്-, പാരമ്പര്യം മുഴുവന്‍ പഴഞ്ചനും തിന്മയും ആണെന്നും പുതുമയൊക്കെ നന്മയാണെന്നും കരുതുന്ന ഒരുവിഭാഗം കവികള്‍ കേരളത്തിലും ഉണ്ടല്ലോ. അവരോട് മാഷ് എന്ത് പറയും.
ഫോട്ടോ: വിജേഷ് വള്ളിക്കുന്ന്
= ഒന്നാമത് പാരമ്പര്യം, നവീനത എന്ന ദ്വന്ദ്വത്തെ ഞാന്‍ അംഗീകരിക്കുന്നില്ല. എ കെ രാമാനുജന്‍ ഒരു കഥ പറയുന്നുണ്ടല്ലോ‐ തന്റെ കോടാലി നൂറ്റാണ്ടുകളായി തന്റെ വീട്ടില്‍ ഉള്ളത് തന്നെയാണെന്നും എന്നാല്‍ അതിന്റെ അലകും പിടിയും പല കുറി മാറ്റിയിട്ടുണ്ടെന്നും ഒരേസമയം പറയുന്ന ഒരു വിറകുവെട്ടുകാരന്റെ കഥ. അതുപോലെയാണ് കവിതയുടെ കാര്യവും. അതിന്റെ ഭാവ-രൂപങ്ങള്‍ നിരന്തരം പരിണമിക്കുന്നു, പക്ഷെ താന്‍ ഒരു കവിത തന്നെ എന്ന് അറിയിക്കാനുള്ളതെല്ലാം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇന്നത്തെ കവിക്ക് പല പാരമ്പര്യങ്ങള്‍ ഉണ്ട്, മലയാള കവിത, ദക്ഷിണേന്ത്യന്‍ കവിത, ഇന്ത്യന്‍ കവിത, ഏഷ്യന്‍ കവിത, ലോകകവിത. ഇവയില്‍ തന്നെയുള്ള ഉള്‍പാരമ്പര്യങ്ങള്‍-‐ ക്ലാസിക്കല്‍, ഫോക് ഇങ്ങനെ. ഇതിനെക്കുറിച്ചൊക്കെ ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടാകുന്നത് കവികള്‍ക്കും നിരൂപകര്‍ക്കും നല്ലതാണ്. പഴയത് എന്താണ് എന്നറിയാന്‍പോലും പഴയത് പഠിക്കണം. പുതിയത് ഉണ്ടാക്കാനും അതാവശ്യം. ആവശ്യം കാലബോധവും ത്യാജ്യ-ഗ്രാഹ്യവിവേചനവുമാണ്. സമ്പൂർണമായ നിരാകരണമോ അംഗീകരണമോ അല്ല. ഞാന്‍ പറഞ്ഞല്ലോ, ആദ്യം സംസ്‌കൃത വൃത്തങ്ങളില്‍ എഴുതിയ ആളാണ് ഞാന്‍. പിന്നെ ദ്രാവിഡ വൃത്തങ്ങളും നാടന്‍കവിതാരീതികളും വന്നു. ഒന്നും ഇന്നും ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. എന്റെ പല സമീപകാല കവിതകളും വൃത്തദീക്ഷ ഉള്ളവയാണ്. വിഷയവും ഭാവവും ദര്‍ശനവും എല്ലാം ചേര്‍ന്നാണ് രൂപം തീരുമാനിക്കുന്നത്-. ഇവയില്‍ ഒന്നിനെ മറ്റേതില്‍നിന്ന് വേര്‍പെടുത്താനും കഴിയില്ല. ഗദ്യത്തിലുള്ള പല പുതുകവിതകളിലും പഴയ വൃത്തകവിതകളേക്കാള്‍ അവയില്‍ പലതും ശുഷ്‌കഗദ്യം വൃത്തത്തില്‍ എഴുതി വെച്ചവയാണ്- കൂടുതല്‍ കവിത ഞാന്‍ അനുഭവിച്ചിട്ടുണ്ട്- കാഴ്‌ചയിലും സങ്കേതത്തിലും. മറാഠിയും (ഉദാ: ബി എസ് മര്‍ഢേക്കര്‍) തമിഴും (ഉദാ: കാ നാ സുബ്രഹ്മണ്യം) പോലുള്ള നീണ്ട പാരമ്പര്യം ഉള്ള ഭാഷകളിലെ കവിതയാണ് ആദ്യം വൃത്തം വേണ്ടെന്നുവെച്ചത് എന്ന് നാം കാണണം. ഒപ്പം പല പാശ്ചാത്യ ഭാഷകളിലും വൃത്തം മടങ്ങി വരുന്നുണ്ടെന്നതും. ഛന്ദസ്സ് കവിതയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ഘടകം അല്ലാ എന്നർഥം.- അത് ‘പദ്യ’ ത്തെയാണ് അടയാളപ്പെടുത്തുന്നത്, കവിതയെ അല്ല. പരോക്ഷത, ധ്വനി, രൂപകം, ബിംബം- ഇതെല്ലാം കവിതയെ തിരിച്ചറിയാന്‍ നമ്മെ സഹായിക്കാം.
? പല ലോകങ്ങളിലെ കവിതകളെ മാഷ് അടുത്തറിയുകയും പരിഭാഷപ്പെടുത്തുകയു മൊക്കെ ചെയ്‌തിട്ടുണ്ടല്ലോ. മലയാളകവിത എങ്ങനെ വ്യത്യസ്‌തമാകുന്നു. സാർവകാലികത കവിതയുടെ ഗുണമായി പറയാറുണ്ട്; സാർവലൗകികതയും അങ്ങനെയാണോ. കവിതയിലെ സാംസ്‌കാരിക മുദ്രകളെ ഭയക്കേണ്ടതുണ്ടോ.
= മലയാളകവിത പലപ്പോഴും വ്യത്യസ്‌തമാകുന്നത് അതിന്റെ പ്രാദേശികത കൊണ്ടാണ്. നമ്മുടെ ആഘോഷങ്ങള്‍, ആചാരങ്ങള്‍, സ്ഥലങ്ങള്‍, നദികള്‍, മൊഴിഭേദങ്ങള്‍, ആഹാര-വസ്‌ത്രഭേദങ്ങള്‍, മരങ്ങള്‍, പൂക്കള്‍, മൃഗങ്ങള്‍, പൂർവസ്മൃതികള്‍, വായന, പൊതുവായ സംസ്‌കാരത്തിന്റെ മുദ്രകള്‍, നിത്യജീവിതസംഘര്‍ഷങ്ങള്‍ ഇവയൊക്കെ പലപ്പോഴും നമ്മുടെ കവിതയെ അയല്‍നാട്ടിലെ കവിതയില്‍ നിന്നുപോലും വ്യത്യസ്‌തമാക്കുന്നു. എന്നാല്‍ അത് സാർവലൗകികമായ സമസ്യകളെയും സംഘര്‍ഷങ്ങളെയും പ്രതിഫലിപ്പിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. അതിനുള്ള പ്രത്യക്ഷോദാഹരണങ്ങള്‍ എന്‍ വിയുടെ ആഫ്രിക്കയെക്കുറിച്ചുള്ള കവിതയോ, എന്റെ വിയറ്റ്നാം, ക്യൂബ-ക്യൂബ തുടങ്ങിയ കവിതകളോ, സമീപകാലത്ത് മലയാളത്തില്‍ പരക്കെ ഉണ്ടായ ഗാസ വിഷയമാകുന്ന കവിതകളോ ഒക്കെയാണ്-. എന്നാല്‍ അങ്ങനെ പ്രമേയപരം അല്ലാതെയും കവിതകള്‍ക്ക് സാർവലൗകിക മനുഷ്യാവസ്ഥയുടെ രൂപകങ്ങളാകാം.
? “വേദനയാണെന്നോപ്പോള്‍” എന്ന് മാഷ് പണ്ട് എഴുതി. ആ ഓപ്പോള്‍ ഇപ്പോള്‍ ചൊടിയുള്ള, ചോദ്യം ചെയ്യുന്ന സ്‌ത്രീവാദിയാണ്. ‘പെണ്ണെഴുത്ത്’ എന്ന വാക്ക് തന്നെ ഫെമിനിസ്റ്റ് സാഹിത്യത്തെ കുറിക്കാന്‍ മാഷ് നിർമിച്ചു-. അത് ഒരു പങ്കായമായിരുന്നു. ഈ മാറ്റത്തെക്കുറിച്ച് പറയാമോ.
= ‘ഓപ്പോള്‍’ എന്ന കവിത ഞാന്‍ എഴുതിയത് എം എ പഠനകാലത്ത് നിരന്തരം എഴുതിക്കൊണ്ടിരുന്ന, ഇപ്പോള്‍ ഇല്ലാത്ത, ചങ്ങനാശ്ശേരിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന,‘ കേരള ഡൈജെസ്റ്റ്’ എന്ന മാസികയിലാണ്. ഞാന്‍ ജനിക്കുംമുമ്പേ എന്റെ രണ്ടു ചേച്ചിമാര്‍ മരിച്ചിരുന്നു; അവരില്‍ ഒരാളായ ഗംഗ എന്റെ ജനലില്‍ വന്നു എന്നെ തന്റെ ദേശത്തേക്ക് വിളിക്കുന്നതാണ് ആ കവിതയിലെ സ്വപ്‌നസന്ദര്‍ഭം. അത്തരം സ്വപ്‌നങ്ങൾ കുറേക്കാലം എന്നെ വേട്ടയാടിയിരുന്നു. അത് ഒരുതരം ഡിപ്രഷന്‍ ആയിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്, അന്ന് ഞാന്‍ മിക്കപ്പോഴും മൂകനും വിഷാദിയും ആയിരുന്നു. കവിത അതിന് ഒരു ഔഷധം ആയിരുന്നു. രണ്ടാം വര്‍ഷം എം എയ്‌ക്ക് പഠിക്കുമ്പോഴാണ് ഞാന്‍ സിമോന്ഗ് ദു ബുവയുടെ ‘സെക്കൻഡ് സെക്‌സ്’ വായിക്കുന്നത്, അന്ന് ഞാന്‍ സാര്‍ത്രിന്റെ ഒരു കടുത്ത ആരാധകനുമായിരുന്നു (അതേ മാസികയില്‍ സാര്‍ത്രിന്റെ അന്നോളമുള്ള എല്ലാ കൃതികളെയും ദര്‍ശനത്തെയും കുറിച്ച് പത്തു ലേഖനങ്ങളുടെ ഒരു പരമ്പരയും എഴുതിയിരുന്നു. വിദ്യാർഥി ഫെഡറേഷനും അസ്‌തിത്വവാദവും ഒത്തുപോകുമോ എന്ന എന്റെ സംശയത്തിന് അക്കാലത്ത് സാര്‍ത്ര് മറുപടിയും തന്നു: പാരീസിലെ തെരുവില്‍ മാവോയിസ്റ്റ് മുഖപത്രം വിറ്റുകൊണ്ട്!). പിന്നെ ഫെമിനിസ്റ്റ് സൈദ്ധാന്തികരെ വായിച്ചു തുടങ്ങി.
അതിന്റെയൊക്കെ ഉൽപ്പന്നമാണ് ‘പെണ്ണെഴുത്ത്’ എന്ന വാക്കും ആ വാക്ക് ആദ്യമായി പ്രയോഗിച്ച സാറാ ജോസഫിന്റെ ‘പാപത്തറ’ യുടെ നീണ്ട അവതാരികയും. സ്വാഭാവികമായും ആ സങ്കൽപ്പങ്ങള്‍ ‘കയറ്റം’ മുതല്‍ ‘മീര പാടുന്നു’ വരെയും പിന്നീടും എന്റെ കവിതയെ സ്വാധീനിച്ചു; കവിതയെ മാത്രമല്ല, ഞങ്ങളുടെ രണ്ടു പെണ്മക്കളെയും അങ്ങനെ സ്വതന്ത്രരായി വളര്‍ത്തി, സ്വയം ജീവിതപങ്കാളികളെ കണ്ടെത്താന്‍‐- ക്രിസ്റ്റഫര്‍, നിതിന്‍ ഗുലാത്തി‐- അവരെ പ്രാപ്തരാക്കി.
? സംഗീതം മാഷിന്റെ കവിതയില്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. അതിന്നു കാരണം എന്താവാം.
= എല്ലാവരെയും പോലെ ഞാനും സംഗീതത്തില്‍ വേദന അലിയിച്ചു കളയാന്‍ ശ്രമിക്കുന്ന ഒരാളാണ്. എനിക്ക് പാടാന്‍ കഴിയില്ല. കവികളെ സംബന്ധിച്ച് അത് ഒരു നല്ല കാര്യംപോലും ആകാം എന്ന് ചിലപ്പോള്‍ തോന്നുന്നു. എന്റെ കുട്ടിക്കാലം സംഗീതമയമായിരുന്നു. കടുത്ത ദാരിദ്ര്യത്തിലും അടുത്തുള്ള കച്ചേരികള്‍ക്ക് പോവുക പതിവായിരുന്നു, ഹൈസ്‌കൂളില്‍ പോകുംവഴി ഒരു സംഗീത വിദ്യാലയം ഉണ്ടായിരുന്നു, പാടുന്ന കൂട്ടുകാര്‍ എന്നും ഉണ്ടായിരുന്നു-. മരിച്ചുപോയ ജയചന്ദ്രന്‍ എന്റെ സഹപാഠി ആയിരുന്നു, ഞങ്ങള്‍ ക്ലാസ് വേണ്ടെന്നുവച്ച് ക്രൈസ്റ്റ് കോളേജിലെ തോട്ടത്തില്‍ ഇരുന്ന് പാട്ട് കേള്‍ക്കുമായിരുന്നു, അന്ന് ജയന് ക്ലാസിക്കല്‍ സംഗീതം അത്രയ്‌ക്ക് അറിയില്ലായിരുന്നുവെങ്കിലും. പിന്നെ അത്ര പ്രസിദ്ധരാകാത്ത പലരും. സംഗീതകാരനെക്കുറിച്ചുള്ള എന്റെ ആദ്യകവിത ‘രാമനാഥന്‍ പാടുമ്പോള്‍’ ആകണം, പലര്‍ക്കും ഇഷ്ടമല്ലാത്ത എം ഡി രാമനാഥനെക്കുറിച്ച്. പിന്നെ ലാല്‍ഗുഡി വയലിന്‍ വായിക്കുമ്പോള്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതരെയും (‘നിധി ചാല സുഖമാ’), ത്യാഗരാജസ്വാമികളെയും, കുമാര്‍ ഗന്ധർവിനെയും (‘തോടി’) കുറിച്ച്. മല്ലികാര്‍ജുന്‍ മന്‍സൂര്‍ പ്രചോദിപ്പിച്ച മറ്റൊന്ന് (വീടുമാറ്റം –‘പിയാ നീന്ത് ന ആയ്’ പ്രചോദിപ്പിച്ചത്). ഒടുവില്‍ സ്വയം തന്നെ കുറെ ഗസലുകള്‍ രചിക്കാനിടവന്നു. ചെണ്ട (‘ഒരു വേനല്‍ക്കിനാവ്), നൃത്തം (പീനാ ബോഷിനെക്കുറിച്ച് ‘ജീവിതനടനം’), കഥകളി (ഗോപിയാശാന്റെ കർണനെ ഓര്‍ക്കുന്ന ‘അരങ്ങില്‍’), ചിത്രം (വാന്‍ഗോഗിന്റെ ഷൂസ്, ഗു യെര്‍നിക,ചിത്രകാരന്മാരുടെ താഴ്‌വര, ഞാന്‍ ഒരു ഭാഷയാണ്), ശില്‍പ്പം (‘പിയെത്ത’, പതിറ്റാണ്ടുകള്‍ മുമ്പ് കാനായിക്ക് എഴുതിയ ‘ഉളി’ ). ഇവയുടെയൊക്കെ പ്രഭവങ്ങളെക്കുറിച്ച് എന്റെ ‘അവിരാമം’ എന്ന ആത്മാഖ്യാനത്തില്‍ ഒരു അധ്യായം തന്നെയുണ്ട് . കേരളത്തിലെ കളിയരങ്ങുകളും സംഗീത ശേഖരങ്ങളുംമുതല്‍ ലോകത്തിലെ എല്ലാ പ്രസിദ്ധ മ്യൂസിയങ്ങളിലും ആര്‍ട്ട് ഗാലറികളിലും പോയതിനെക്കുറിച്ചു വരെ.
? “തെളിവാനില്‍ ഒരു കിളിക്കൂട്ടം തൊടുത്തു വി -/ ട്ടരളി തന്‍ ഞാണ്‍ വിറയ്‌ക്കുന്നൂ” (ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു എന്ന കവിത): കവിതകള്‍ തൊടുത്തുവിടുമ്പോള്‍ ഭാഷ വിറയ്‌ക്കുന്നുണ്ടോ. കാവ്യഭാഷയെക്കുറിച്ചുള്ള മാഷുടെ തീര്‍പ്പുകള്‍ എന്താണ്. ഒപ്പം, കവിതയില്‍ സംശയങ്ങളും കൂടുന്നുണ്ടോ.
= ഭാഷയ്‌ക്ക്, ആ ഞാണിലെ അമ്പ് സ്ഥാനത്ത് തന്നെ കൊള്ളുമോ എന്ന തീര്‍ച്ചയില്ല. അതാണ് കവിതയില്‍ ദുര്‍ഗ്രഹത അഥവാ ‘അംബിഗ്യുറ്റി’ സൃഷ്ടിക്കുന്നത്. അത് ഒരു ദൗര്‍ബല്യമല്ല, ബലമാണ്. കണക്കിന്റെ പോലെയല്ല കവിത, അതിലും കൂട്ടലും കിഴിക്കലും ഗുണനവും ഹരണവും ഒക്കെ ഉണ്ടെങ്കിലും അത് അതിനെത്തന്നെ കവിഞ്ഞു പോകുന്നു, ഉദ്ദേശിച്ചത് മാത്രമാവില്ല അത് സംവേദനം ചെയ്യുന്നത്. ഇതുമായി അമ്മു പറഞ്ഞ സംശയത്തിനും ബന്ധമുണ്ട്. ജീവിക്കും തോറും വ്യക്തമാവും എന്ന് കരുതിയിരുന്ന പലതും അവ്യക്തമാകുന്നു. അത് മൂല്യങ്ങളില്‍, ബന്ധങ്ങളില്‍, രാഷ്‌ട്രീയത്തില്‍, ഒക്കെ സംഭവിക്കാം. അടുത്ത സ്‌നേഹിതന്‍ എന്ന് വളരെക്കാലം കരുതിപ്പോന്ന ഒരാള്‍ തന്നെ എക്കാലവും വഞ്ചിക്കുകയായിരുന്നു എന്ന് ഒരു നിമിഷം തിരിച്ചറിഞ്ഞയാളുടെ ഞെട്ടല്‍ ആലോചിക്കുക. (മറിച്ചും ആകാം, അപൂർവമായി.) അല്ലെങ്കില്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ജനങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്ന പുതിയ ഒരിന്ത്യയുടെ സ്വപ്‌നവും, ഇന്നത്തെ ഇരുണ്ട വര്‍ത്തമാനവും താരതമ്യം ചെയ്യുക. വിശ്വാസങ്ങള്‍ക്ക് വിശുദ്ധി നഷ്ടപ്പെടുന്നത് നാം ദിവസവും, പലപ്പോഴും നിസ്സഹായരായി, കണ്ടു നില്‍ക്കുന്നു. അത് വിളിച്ചു പറയുന്നയാള്‍ വിശ്വാസവഞ്ചകനായി ചിത്രീകരിക്കപ്പെടും. പ്രപഞ്ചത്തെക്കുറിച്ചുള്ള വലിയ സംശയങ്ങള്‍ വേറെ. അവ അധിഭൗതികം ആണെന്ന് വെക്കാം.
? സമീപകാല കവിതകളില്‍ ഒരു വ്യസനം കടന്നുകൂടിയതായി കാണുന്നുണ്ടല്ലോ. മുമ്പ് ഉണ്ടായിരുന്നില്ല എന്നല്ല, ഇപ്പോള്‍ അതിനു ദാര്‍ശനികമായ ഒരു കനം കൂടിയതായി കാണുന്നു.
= അത് ഒട്ടും വൈയക്തികമല്ല. വാർധക്യവും രോഗവുമെല്ലാം സ്വാഭാവികമാണ്. അവയെക്കുറിച്ച് പല രീതിയില്‍, നർമരീതിയില്‍ ഉള്‍പ്പെടെ- ഞാന്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമിയുടെ അവസാനം അങ്ങനെയല്ല. വികസനമുതലാളിത്തത്തെക്കുറിച്ച് ആദ്യം ശക്തമായി സംസാരിച്ചത് എംഗല്‍സ് ആണ്. അതിന്റെ പ്രധാനസ്വഭാവം പ്രകൃതിയുടെ അമിത ചൂഷണവും അതുവഴി വരുന്ന മനുഷ്യവംശനാശവും ആണ്.
പ്രകൃതി നമുക്കു വേണ്ടതെല്ലാം എടുക്കാന്‍ അനുവാദം തരുന്നു, പക്ഷെ നാം കള്ളന്മാരെപ്പോലെ അത് തരാന്‍ തയ്യാറാവുന്നതിലും കൂടുതല്‍ കവര്‍ന്നെടുക്കുന്നു, നമുക്കു ഉപജീവനത്തിനല്ല, ലാഭം വർധിപ്പിക്കാന്‍. കൈക്കൂലി കിട്ടാനായി നാം പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. കൃത്രിമബുദ്ധിയുടെ പ്രവര്‍ത്തനം വരെ നമ്മുടെ ജലം നിസ്സീമമായി കവര്‍ന്നെടുക്കുന്നു. നാം തന്നെയാണ് ആഗോള താപനം സൃഷ്ടിച്ചത്, ധ്രുവഹിമം ഉരുകി സമുദ്രനിരപ്പ് ഉയരാന്‍ കാരണമായത്, പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമായി നമ്മുടെ വീടും ഉപജീവനവും ഇല്ലാതാക്കുന്നത്. അത്തരം താക്കീത് നല്‍കുന്നവരെ നാം പരിഹസിക്കുന്നു. പിന്നെ അനുഭവം അവര്‍ പറഞ്ഞത് ശരിയായിരുന്നു എന്ന് തെളിയിക്കുമ്പോള്‍ നാം പരിഹാരം അന്വേഷിക്കുന്നു, നഷ്ടം നികത്താമെന്ന് വാഗ്ദാനം നല്‍കുന്നു-. ഇല്ല, നമുക്ക് നഷ്ടം നികത്താനാവില്ല. മുതലാളിക്ക് വേണ്ടി വെട്ടിനിരത്തിയ കാട് ആദിവാസിക്ക് തിരിച്ചുനല്‍കാന്‍ നമുക്കാവില്ല, അപ്പോള്‍ നാം ആദിവാസിയെ ജയിലിലടയ്‌ക്കും, മാറ്റത്തെക്കുറിച്ച് സംസാരിച്ച അനേകരെപ്പോലെ. ‘ഗൂർണിക്ക’ യെക്കുറിച്ച്, ആരാണ് ഇത് ചെയ്‌തത് എന്ന് അധികാരികള്‍ ചോദിച്ചപ്പോള്‍ ‘നിങ്ങള്‍’ എന്നു പറഞ്ഞ പിക്കാസോവിന്റെ ഉത്തരം തന്നെയാണ് എന്റെ വിഷാദത്തിന് കാരണം. ആരാണെന്ന് ചോദിക്കുന്നവര്‍ക്ക് നല്‍കാന്‍ എനിക്കും ഉള്ളത്: പലചമയങ്ങളില്‍ വരുന്ന ഇരുട്ടിന്റെ ദൂതരായ നിങ്ങള്‍ .











0 comments