ad
Deshabhimani

അരുണാചൽ പ്രദേശിൽ കനത്ത മേഘവിസ്ഫോടനവും മിന്നൽപ്രളയവും; പാലങ്ങൾ ഒലിച്ചുപോയി, ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

arunachal flood

Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 13, 2026, 02:24 PM | 1 min read

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ തുടർച്ചയായി പെയ്യുന്ന കാലവർഷ കെടുതിയിൽ വൻ നാശനഷ്ടം. കുറുങ് കുമേ ജില്ലയിലെ അതിർത്തി പ്രദേശമായ പാർസി പാർലോയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ കനത്ത മിന്നൽപ്രളയത്തിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.


കഴിഞ്ഞ രാത്രി പെയ്ത അതിശക്തമായ മഴയെ തുടർന്ന് കുമേ നദി കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന് കാരണമായത്. അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളെയാണ് ഈ പ്രളയം ഗുരുതരമായി ബാധിച്ചിരിക്കുന്നത്. കുറുങ് കുമേ, കംലെ, പക്കെ കെസ്സാങ് എന്നീ ജില്ലകളിലാണ് കനത്ത നാശനഷ്ടമുണ്ടായത്.


പുലർച്ചെയുണ്ടായ കനത്ത മഴയിൽ പാർസി പാർലോ നദിയിലെ ജലനിരപ്പ് അതിവേഗം ഉയരുകയും ജനവാസ കേന്ദ്രങ്ങളിലേക്കും പൊതു അടിസ്ഥാന സൗകര്യങ്ങളിലേക്കും വെള്ളം ഇരച്ചുകയറുകയുമായിരുന്നു.


കുറുങ് കുമേ ജില്ലയിലെ പാർസി-പാർലോ സർക്കിളിലും ദാമിൻ സബ് ഡിവിഷനിലും പ്രളയം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഹൂരിയെയും ദാമിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലം പ്രളയത്തിൽ ഒലിച്ചുപോയതോടെ ഈ മേഖലയിലേക്കുള്ള റോഡ് ഗതാഗതം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു.


പ്രളയത്തിൽ രണ്ട് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും പ്രദേശത്തെ ബാപ്റ്റിസ്റ്റ് ചർച്ച് പൂർണ്ണമായും തകർന്നുപോവുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ പാഗം ഗ്രാമത്തെ ബന്ധിപ്പിക്കുന്ന മറ്റൊരു പാലവും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ഇതോടെ പ്രദേശത്തെ യാത്രാസംവിധാനങ്ങളും പൊതുമുതലുകളും പൂർണ്ണമായും തകരാറിലായി.


റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ മേഖലയിലെ ഐടിബിപി ക്യാമ്പിലേക്കുള്ള സമ്പർക്കവും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.


നിലവിൽ ജില്ലാ ഭരണകൂടം പാരാമിലിട്ടറി വിഭാഗങ്ങളുമായും പൊലീസുമായും പൊതുജനങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളും നാശനഷ്ടങ്ങളുടെ വിലയിരുത്തലും പുരോഗമിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home