നൈജീരിയയിൽ സംസ്കാര ചടങ്ങുകൾക്കിടെ വെടിവയ്പ്; 8 പേർ കൊല്ലപ്പെട്ടു

പ്രതീകാത്മകചിത്രം
അബുജ : വടക്കൻ-മധ്യ നൈജീരിയയിൽ ശവസംസ്കാര ചടങ്ങിനിടെ തോക്കുധാരികളുടെ ആക്രമണം. 8 പേർ കൊല്ലപ്പെട്ടു. ബെനു സംസ്ഥാനത്തെ ഒട്ടുക്പോ-നോബി സമൂഹത്തിൽ ഞായറാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.. അഞ്ച് പേർക്ക് പരിക്കേറ്റതായി സംസ്ഥാന പൊലീസ് വക്താവ് ഉദേമെ എഡെറ്റ് പറഞ്ഞു. തോക്കുമായെത്തിയ അക്രമികൾ ജനക്കൂട്ടത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളും ഒരു വാഹനവും കത്തിച്ചതായും പ്രദേശത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും എഡെറ്റ് പറഞ്ഞു.
ആക്രമണത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. നൈജീരിയയിലെ പ്രധാന ഭക്ഷ്യോൽപ്പാദന സംസ്ഥാനമായ ബെനുവിൽ വിഭവങ്ങൾക്കായി പലപ്പോഴും ഏറ്റുമുട്ടലുകൾ നടക്കാരുണ്ട്. കാലിവളർത്തലും കൃഷിയും പ്രധാന ഉപജീവനമാർഗമായ ബെനുവിൽ കഴിഞ്ഞ വർഷം യെലെവാട്ട സമൂഹത്തിലുണ്ടായ സംഘർഷത്തിൽ 150 പേർ കൊല്ലപ്പെട്ടിരുന്നു.
കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ നൈജീരിയ പറയുന്നു. ആക്രമണത്തിന് ശേഷം പ്രദേശത്ത് യുവാക്കൾ പ്രതിഷേധിച്ചു. നിലവിൽ സങ്കീർണ്ണമായ സുരക്ഷാ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് നൈജീരിയ. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ വർഷങ്ങളായി കലാപവും മോചനദ്രവ്യത്തിനും അനധികൃത ഖനനത്തിനുമായി തട്ടിക്കൊണ്ടുപോകലുകലും നടത്തുന്ന സായുധ സംഘങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ കലാപത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേർ പലായനം ചെയ്യുകയും ചെയ്തു.











0 comments