ലത്തീഫ ബിൻത് ഹംദാൻ ഇടനാഴി വികസനം; കരാർ 200 കോടി ദിർഹം: 2028ൽ പൂർത്തിയാക്കും

ദുബായ് : ലത്തീഫ ബിൻത് ഹംദാൻ ഇടനാഴി വികസന പദ്ധതിക്കായി 200 കോടി ദിർഹം ചെലവുള്ള കരാർ അനുവദിച്ച് ദുബായ് ആർടിഎ. എമിറേറ്റിലുടനീളം 15 പാലങ്ങളും തുരങ്കങ്ങളും നിർമിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 12 കിലോമീറ്റർ നീളമുള്ള പുതിയ ഇടനാഴി ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവയെ ബന്ധിപ്പിക്കും.
2300 മീറ്റർ നീളത്തിൽ ഏഴ് പാലങ്ങളും 900 മീറ്റർ നീളത്തിൽ എട്ട് തുരങ്കങ്ങളും നിർമിക്കും. ഇതോടെ ദുബായിലെ കിഴക്കുപടിഞ്ഞാറ് ഗതാഗത ഇടനാഴികളുടെ വാഹനശേഷി 12 ശതമാനം വർധിക്കുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ. നാദ് അൽ ഷെബ, അൽ ബറാരി, ദുബായ് ഹിൽസ്, ദുബായ് ഡിസ്ട്രിക്ട് വൺ എന്നിവ ഉൾപ്പെടെയുള്ള പ്രധാന പാർപ്പിട- വികസന മേഖലകളിലെ ആറര ലക്ഷത്തിലധികം ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
രണ്ടു ദിശകളിലുമായി മണിക്കൂറിൽ 16,000 വാഹനങ്ങൾവരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ശേഷിയോടെയാണ് രൂപകൽപ്പന. പദ്ധതി പൂർത്തിയാകുന്നതോടെ ഉം അൽ ഷീഫ് സ്ട്രീറ്റിൽനിന്ന് എമിറേറ്റ്സ് റോഡിലേക്കുള്ള യാത്രാസമയം നിലവിലെ 33 മിനിറ്റിൽനിന്ന് 15 മിനിറ്റായി കുറയും. ഇത് 54 ശതമാനം സമയലാഭത്തിന് വഴിയൊരുക്കും. സുസ്ഥിര ഗതാഗതം പ്രോത്സാഹിക്കാനായി അൽ ഖുദ്രയിൽനിന്ന് ജുമൈറവരെയുള്ള നിലവിലെ സൈക്ലിങ് ശൃംഖലയെ ബന്ധിപ്പിക്കുന്ന 12.5 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ സൈക്കിൾ പാതയും പദ്ധതിയുടെ ഭാഗമായി നിർമിക്കും. പദ്ധതി 2028 അവസാനത്തോടെ പൂർത്തിയാകുമെന്ന് ആർടിഎ അറിയിച്ചു.











0 comments