വിമാനത്താവളത്തിന് തടസമെന്ന് വാദം : 136 വർഷം പഴക്കമുള്ള മുസ്ലിം പള്ളി ഇടിച്ചുനിരത്താൻ ബംഗാള്‍ സർക്കാർ

വിമാനത്താവളത്തിന് സമീപം പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം, സുവേന്ദു അധികാരി
കൊൽക്കത്ത: 136 വർഷം പഴക്കമുള്ള മുസ്ലിം പള്ളി ഇടിച്ചുനിരത്താൻ ഒരുങ്ങി ബിജെപി സർക്കാർ. ദേശീയ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന ന്യായീകരണമാണ് പശ്ചിമ ബംഗാൾ സർക്കാർ ഉയർത്തുന്നത്. കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് തടസം നേരിടുന്നു എന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി പള്ളിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലാണ് 'ബൻക്ര മസ്ജിദ്' എന്ന് അറിയപ്പെടുന്ന 136 വർഷം പഴക്കമുള്ള ഗൗരീപൂർ ജുമ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
കൊൽക്കത്ത വിമാനത്താവളം സ്ഥാപിതമായത് 1924 ഡിസംബർ 21 നാണ്. 102 വർഷം പഴക്കമാണ് വിമാനത്താവളത്തിനുള്ളത്. കൊൽക്കത്ത വിമാനത്താവളത്തിന് രണ്ട് റൺവേകളാണുള്ളത്. ഇതിൽ പ്രധാന റൺവേ വിമാനങ്ങൾ പറന്നുയരുന്നതിനും ഇറങ്ങുന്നതിനും ഉപയോഗിക്കുമ്പോൾ, രണ്ടാമത്തെ റൺവേ താരതമ്യേന ചെറുതാണ്. ഈ ചെറിയ റൺവേയിൽ നിന്നും അടുത്തായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. അറ്റകുറ്റപ്പണികൾക്കായി ആദ്യത്തെ റൺവേ താൽക്കാലികമായി അടച്ചിടേണ്ടി വന്നാൽ, വലിയ വിമാനങ്ങൾക്ക് പറന്നുയരുന്നതിനും ലാൻഡ് ചെയ്യുന്നതിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നാണ് സർക്കാർ ഉയർത്തുന്ന വാദം.
പള്ളിയുടെ നിലവിലെ സ്ഥാനം വിമാനങ്ങളുടെ സുരക്ഷിതമായ യാത്രയ്ക്ക് തടസമുണ്ടാക്കുന്നുണ്ടെന്നും, രണ്ടാമത്തെ റൺവേ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതുകാരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചതായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ പള്ളിയിലേയ്ക്കുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.
ദേശീയ സുരക്ഷയ്ക്കും വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കുമായിരിക്കും മുൻഗണന നൽകുക. ചൈനയും ബംഗ്ലാദേശും വളരെ അടുത്തായതിനാൽ കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം വളരെ നിർണായകമാണ്. പുറത്തുനിന്നുള്ളവർക്കായി വിമാനത്താവളത്തിന് അതിന്റെ കവാടങ്ങൾ തുറന്നിടാനാകില്ലെന്നുമാണ് സുവേന്ദു അധികാരിയുടെ നിലപാട്. ബിജെപി എംഎൽഎ സൗരവ് സിക്ദറിന്റെ ആരോപണത്തിന് പിന്നാലെയാണ് ജുമാ മസ്ജിദിന് നേരെ നടപടിക്ക് ഒരുങ്ങുന്നതെന്നാണ് മറ്റൊരു വസ്തുത. പള്ളി പൂർണമായും പൊളിച്ചു നീക്കുകയാണ് പശ്ചിമ ബംഗാൾ സർക്കാരിന്റെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമാകുന്നു.











0 comments