ചരിത്ര സ്‌മൃതികളുടെ തിളക്കം

ഡോ കെ എച്ച് സുബ്രഹ്മണ്യൻ
Published on Jul 13, 2026, 03:34 PM | 2 min read
ദാരിദ്ര്യം അനന്തദു:ഖമാണ്. ദരിദ്ര നാരായണൻമാരായി വാഴുന്ന നമ്മുടെ സഹജാതരുടെ കഷ്ടതകൾ അറിയുക, അവരുടെ കഷ്ടതകൾക്ക് അന്ത്യം വരുത്താൻ പോരാടുക എന്നത് മനുഷ്യത്വത്തിന് വലിയ അർത്ഥമേകുന്നു. ഇരുട്ടടഞ്ഞ ഒരു കാലഘട്ടത്തിൽ ഇങ്ങനെ കുറേപ്പേർ പ്രവർത്തിച്ചതിൻ്റെ സൗഭാഗ്യമാണ് നാമിന്ന് അനുഭവിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ഏതൊരു നാടിൻ്റെയും സാംസ്കാരിക ചരിത്രത്തിൽ എക്കാലത്തേക്കും ഒളി ചിതറി നിലനിൽക്കുന്നു. മുപ്പത്തെട്ടര വർഷക്കാലം പത്രപ്രവർത്തന രംഗത്ത് അരങ്ങു കാണാത്ത നടനായി പ്രവർത്തിച്ച മധു നീലകണ്ഠൻ്റെ 41 ലേഖനങ്ങളുടെ സമാഹാരമാണ് 'വാര്യരും കുചേലനും മാർക്സും'.
ദേശാഭിമാനി പത്രത്തിൻ്റെ പത്രാധിപ സമിതിയിൽ നാലു പതിറ്റാണ്ടോളം പ്രവർത്തിച്ച മധു നീലകണ്ഠൻ ചരിത്രത്തിൻ്റെ താളുകളിൽ എത്രയോ കുറിപ്പുകൾ കുറിച്ചിട്ടത് സ്വജീവിതം സഹജരുടെ ജീവിതത്തിന് വെളിച്ചമേകണം എന്ന കാഴ്ചപ്പാട് മുറുകെപ്പിടിച്ചുകൊണ്ടാണ്. മാധ്യമ പ്രവർത്തനരംഗത്തേക്ക് തന്നെ തിരിച്ചുവിട്ട അച്‌ഛൻ മണപ്പിള്ളി നീലകണ്ഠൻ നമ്പൂതിരിക്കാണ് സ്നേഹാദരങ്ങളോടെ ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. 'വാര്യരും കുചേലനും മാർക്സും' എന്ന തലക്കെട്ട് തന്നെ ഗ്രന്ഥകാരൻ്റെ മാനുഷിക വീക്ഷണത്തെ ധ്വന്യാത്‌മകമായി സൗഹൃദയ മനസ്സിൽ അങ്കുരിപ്പിക്കുന്നു. ദസ്തയോവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിലെ റസ്കോൾ നിക്കോവ് പറഞ്ഞ മാനവരാശിയുടെ ആകെ അനന്ത ദു:ഖങ്ങൾക്കു മുന്നിലാണ് ഞാൻ മുട്ടുകുത്തിയത് എന്ന വാക്യം മധു നീലകണ്‌ഠൻ്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
"ഇല്ല ദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും
ഇല്ലം വീണു കുത്തുമാറായത് കണ്ടാലും" എന്ന രാമപുരത്ത് വാര്യരുടെ സത്യോദ്ഘോഷണവും ദാരിദ്യ ദു:ഖത്തിൻ്റെ നാനാവശങ്ങൾ അന്വേഷിക്കാനും പഠിക്കാനും ഈ ഗ്രന്ഥകാരനെ പ്രേരിപ്പിച്ചിട്ടുണ്ട്. രാമപുരത്തു വാര്യർ കുചേലവൃത്തം വഞ്ചിപ്പാട്ടിൽ കലാസൃഷ്ടികളെ സാമൂഹ്യ പരിണാമം സ്വാധീനിക്കും എന്ന് ദർശിച്ചത് മധു നീലകണ്‌ഠൻ സമർത്ഥിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.
2017 ൽ ഇറങ്ങിയ ഇ എം എസ് സ്മരണികയിൽ ഇദ്ദേഹം എഴുതിയ" ലോകം ശ്രദ്ധിച്ച മാർക്സിസ്റ്റ് ദാർശനികൻ" എന്ന ലേഖനത്തിലൂടെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇ എം എസിൻ്റെ സംഭാവനകൾ സംക്ഷേപിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. പാറേമ്മാക്കൽ തോമാക്കത്തനാരെ പരിചയപ്പെടുത്തുന്ന മൂന്നു ലേഖനങ്ങളും ഇതേ കോടിയിൽ വരുന്നതാണ്. മാർക്സിസ്റ്റ് ധനശാസ്ത്ര പണ്ഡിതനായ അശോക് മിത്രയെ വായനക്കാരുടെ സ്മരണകളിൽ ജ്വലിപ്പിച്ചു നിർത്താൻ സമർത്ഥമാണ് മധുവിൻ്റെ ലേഖനം.
ചെറുപ്രായത്തിൽ ദേശാഭിമാനി പത്രത്തിൽ എത്തിയ യശ:ശരീരനായ ടി വി പത്മനാഭൻ്റെ പത്രപ്രവർത്തന ജീവിതം മാധ്യമപ്രവർത്തകർക്ക് മാത്രം അറിയാവുന്നതായിരിക്കും. ദേശാഭിമാനിയെ സാധാരണ ജനങ്ങളിലേക്കെത്തിച്ച ടി വി പത്മനാഭനെ വീണ്ടും സ്മൃതി പഥങ്ങളിലേക്ക് കൊണ്ടുവരുന്ന" അറിയപ്പെടാത്തൊരു മഹാശില്പി" എന്ന ലേഖനം സവിശേഷ പരാമർശമർഹിക്കുന്നു. ഷഡ്കാല ഗോവിന്ദമാരാർ, " വാസേവൻ നമ്പൂരി" എന്ന ആർട്ടിസ്റ്റ് നമ്പൂരി, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ആനപ്പുറത്ത് ആലവട്ടം പിടിക്കാൻ കൗമാരപ്രായത്തിൽ കയറിയ കവി എം എൻ പാലൂർ, കഥകളിരംഗം അടക്കിവാണ നെല്ലിയോട് വാസുദേവൻ നമ്പൂതിരി, നവോത്ഥാന മൂല്യങ്ങൾ സഫലമാക്കാൻ മുൻപന്തിയിൽ നിന്ന എം എസ്, മാടമ്പ് കുഞ്ഞുക്കുട്ടനെ കണ്ടെത്തിയ കോവിലൻ തുടങ്ങി പലരുടെയും ജീവിതങ്ങളെ ഈ പുസ്തകത്തിലൂടെ വായനക്കാർക്ക് മുന്നിലെത്തിക്കാൻ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.
" അഗ്നിസാക്ഷി"യിലൂടെ അനശ്വര യശ്ശസിന് പാത്രീഭൂതയായ ലളിതാംബിക അന്തർജനത്തെ അതീവ ഹൃദ്യമായാണ് മധു അവതരിപ്പിച്ചിരിക്കുന്നത്. എം ആർ ബിയെയും പ്രേംജിയെയും" ഇരുട്ടിനെ ജീവിതം കൊണ്ട് ചെറുത്തവർ" എന്നാണ് ഈ ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്. " നിളയുടെ നൈർമല്യങ്ങളിലൂടെ" എന്ന ലേഖനം ഒരു സംസ്കാരത്തിൻ്റെ പൂത്തുലഞ്ഞ അന്തരീക്ഷത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു.
പലപ്പോഴായി ദേശാഭിമാനിയിലെഴുതിയ നിരവധി ലേഖനങ്ങളിൽ നിന്ന് തൻ്റെ കൈകൾ പതിഞ്ഞ ഒരു പിടി ലേഖനങ്ങളാണ് മധു നീലകണ്‌ഠൻ വിശ്രമ ജീവിതത്തിൻ്റെ ആദ്യം, ചരിത്ര സ്മൃതികളിലൂടെ വായനക്കാരെ ഉണർത്തുന്ന ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വയലാറിൻ്റെ മരണം സംഭവിച്ച അന്നുതന്നെ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയ ഏക പത്രം ദേശാഭിമാനിയാണെന്ന് 52 വർഷങ്ങൾക്കു ശേഷം ഈ പുസ്തകത്തിലൂടെ വായനക്കാരറിയുന്നു. ചരിത്രത്താളുകളിൽ മറഞ്ഞു കിടക്കുന്ന പല സംഭവങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും നമ്മുടെ സ്‌മൃതിപഥങ്ങളിലെത്തിക്കാൻ ഇനിയും മധു നിലകണ്ഠന് സാധിക്കും , സാധിക്കട്ടെ.
വാര്യരും കുചേലനും മാർക്സും
മധു നീലകണ്ഠൻ,
വില 175 രൂപ
പ്രസാധാകർ, നമ്മളൊന്ന് സാംസ്കാരിക കൂട്ടായ്മ, തൃശൂർ
9446266726











0 comments