കഥ
എൻഡുൽക്കർ

സബാഹ്
Published on Jul 13, 2026, 03:11 PM | 8 min read
ലിവിങ്റൂമിലെ സോഫയുടെ പിന്നിൽനിന്ന് തുടങ്ങി ഡൈനിങ് ടേബിളിനരികിലൂടെ കോർട്ട്‌യാർഡ് വരെ ചെല്ലുന്ന പന്ത്രണ്ട് ഫ്ലോർടൈലുകളുടെ ദൂരം. അതാണ് ഡെന്നീസിന്റെ വാംഖഡെ ക്രിക്കറ്റ് പിച്ച്. സോഫയുടെ പിൻവശം സ്റ്റമ്പാക്കി അതിനോടുചേർന്ന ടൈൽ ക്രീസായി കണക്കാക്കി ബാറ്റുംപിടിച്ച് ഡെന്നീസ് വരയ്‌ക്കുപുറത്ത് സ്റ്റാൻഡെടുത്ത് നിൽക്കും. സ്വയം സച്ചിൻ ടെണ്ടുൽക്കറാണെന്ന് സങ്കൽപ്പിക്കുമ്പോൾ സ്റ്റെയറിലും ഹാളിലും ബാൽക്കണിയിലുമിരുന്ന് മുംബൈയിലെ കാണികൾ "സിക്സർ... സിക്സർ...' എന്നാർപ്പുവിളിക്കും. എതിരെ വഖാർ യൂനിസോ അലൻ ഡൊണാൾഡോ പാഞ്ഞുവരുന്നതായി തോന്നുമ്പോൾ ബാറ്റിന്റെ ഗ്രിപ്പിൽ കൈമുറുകും.
"റയാൻ നീ ഇങ്ങനെ ബോൾ തറയിലൂടെ ഉരുട്ടി എറിയല്ലേ'
"എനിക്ക് ക്രിക്കറ്റ് കളിക്കേണ്ട പപ്പാ'
"പ്ലീസ് നീ ഒരു ബോൾ നന്നായെറിയ്. അതുകഴിഞ്ഞ് നിനക്ക് ഞാൻ രണ്ടോവർ ബൗൾ ചെയ്‌തുതരാം. പപ്പേട ചങ്കല്ലേ...'
"എനിക്ക് രണ്ടോവറും വേണ്ട ഓരോവറും വേണ്ട. എനിക്ക് വൺ അവർ ഗെയിം തന്നാമതി.'
"തരാം, നീ ഇപ്പോൾ പപ്പയ്‌ക്ക് രണ്ടുബോൾ എറിഞ്ഞുതാ...'
റയാനിപ്പോൾ ഫിഫ്തിൽ പഠിക്കുന്നു. ക്രിക്കറ്റ് എന്നല്ല ശരീരമനങ്ങുന്ന ഒരു കളിയും അവനു വേണ്ട.
ചിത്രീകരണം: നാസർ ബഷീർ
ഡെന്നീസ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന വർഷമാണ് സച്ചിൻ ഇന്ത്യയ്‌ക്കുവേണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പാഡണിയുന്നത്, 1989-ൽ. അന്ന് കളി ലൈവ് ടെലികാസ്റ്റിങ്ങുണ്ടെങ്കിലും കാണാൻ നിർവാഹമില്ല. പള്ളിക്കൂടത്തിനടുത്ത് ഒരു വീട്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനുണ്ട്. ഇന്റർവെൽ ബെല്ലടിക്കുന്ന നേരം സ്‌കൂളിലെ ആൺപിള്ളേരെല്ലാം പറ്റത്തോടെ പാറിച്ചെന്ന് ആ വീടിന്റെ രണ്ടുപാളി ജനലിനുവെളിയിൽ തേനീച്ചകളെപ്പോലെ പറ്റിയിരിക്കും. അടുത്ത ബെല്ല് കേൾക്കുന്നതുവരെയുള്ള അഞ്ചുമിനിറ്റ് സമയം. അതിനിടയ്‌ക്ക്, ആ ഞെരുക്കത്തിൽ, ടെലിവിഷനിലെ പരസ്യത്തിനും റീപ്ലേക്കും മധ്യേ കളികണ്ടാൽ തന്നെ എത്ര കാണാൻ.
അപ്പൻ ഗൾഫിലായിരുന്നെങ്കിലും വീട്ടിൽ ടിവി വാങ്ങിയിരുന്നില്ല. പിള്ളേരുടെ പഠിത്തം പോകുമെന്ന പേടിയായിരുന്നു. കളിയുള്ളതിന്റെ പിറ്റേദിവസം പത്രം വരാനായി കാത്തിരിക്കും. പത്രത്തിലുണ്ടാകും ലിറ്റിൽ മാസ്റ്ററുടെ ബാറ്റങ്കം വടക്കൻപാട്ട്. പാകിസ്ഥാന്റെ അബ്ദുൽ ഖാദിർ മുതൽ ലോകത്തുള്ള പല വമ്പൻ ബൗളർമാരെയും അടിച്ചുനൂത്തതിന്റെ വീരകഥകൾ.
പുതിയ വീട് പൂർത്തിയാക്കി അതിന്റെ ഇന്റീരിയർ ചെയ്യുമ്പോൾ ടെലിവിഷൻ പാനൽ സിനിമാസ്‌ക്രീൻപോലെ വേറിട്ട് നിൽക്കണമെന്ന് ഡിസൈനറോട് ഡെന്നീസ് പ്രത്യേകം പറഞ്ഞു. അതിൽ ഇൻസ്റ്റാൾ ചെയ്യുന്ന അമ്പത്തിയഞ്ച് ഇഞ്ചിന്റെ സ്മാർട്ട് ടിവിയിൽ കളി കാണുമ്പോൾ സ്റ്റേഡിയത്തിലെന്നപോലെ സോഫയിൽ റയാൻ ഒരാർപ്പുവിളിയാകുമെന്ന് അയാൾ കരുതി. പക്ഷേ ചുമലിൽ തോക്കിന്റെ ബട്ട് ചേർത്തുവെച്ച് എതിരാളിയുടെ നേർക്ക് ബാരൽചൂണ്ടി അവരെ പിന്തുടർന്ന് തുടരെത്തുടരെ വെടിയുതിർക്കുന്ന എഫ് പി എസ്* ഗയിമറുടെ ആനന്ദമായാണ് അവിടെയവൻ നിറഞ്ഞത്.
"അവന് ക്രിക്കറ്റ് കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ നിങ്ങളിങ്ങനെ നിർബന്ധിക്കുന്നതെന്തിനാണ്’, എത്രയൊക്കെ വിളിച്ചിട്ടും റയാൻ വരാതാകുമ്പോൾ ചൂടാവുന്ന ഡെന്നീസിനോട് ഗ്രേസ് ചോദിക്കും. അല്ലെങ്കിലും ഈ വീടിനകത്തെ ക്രിക്കറ്റ് ശരിയാവൂല്ല. എന്റെ പ്ലാന്റ്സിനെല്ലാം പണി കിട്ടിക്കൊണ്ടിരിക്കേണ്. ബോൾകൊണ്ട് തലപ്പോ തണ്ടോ ഒടിഞ്ഞ ചെടികളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കവൾ മാറ്റിവയ്‌ക്കും.
"ഇത് കളിയല്ല ഗ്രേസ്, അക്രമമാണ്’, ഡെന്നീസ് ഒച്ചയെടുക്കും. ഇവനിങ്ങനെ ചടഞ്ഞിരുന്ന് വീഡിയോഗെയിം കളിക്കാനല്ല ഞാൻ നാടും വീടും കളഞ്ഞ് നിങ്ങളേംകൊണ്ട് ഇങ്ങോട്ട് വന്നത്.
"നോക്ക്, പോട്ടിൽ വളരുന്ന പ്ലാന്റിനെയെടുത്ത് പറമ്പിൽ നടാൻ നോക്കിയാൽ എന്താകും അവസ്ഥ?’
"എന്താകാൻ? അവിടെയത് അന്തസ്സായിട്ട് വളരും. പോട്ടിനകത്തിട്ട് പാലും വെള്ളോം കൊടുത്താ അതിനകത്തിരുന്ന് മുരടിക്കും.’
94-ൽ ന്യൂസിലാൻഡിൽവച്ച് സച്ചിൻ ആദ്യമായി ഓപ്പണറായതിന്റെ രണ്ടുമാസം കഴിഞ്ഞാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഡെന്നീസ് കോളേജിലേക്ക് ചെല്ലുന്നത്. അപ്പോഴേക്കും അതുവരെയുള്ള സച്ചിന്റെ എല്ലാ ഷോട്ടുകളും ഡെന്നീസിന് കാണാപ്പാഠമായിരുന്നു.
കോളേജ് ടീമിന്റെ സെലക്ഷന് പങ്കെടുക്കുമ്പോ ജില്ലാ ലീഗിൽ ജൂനിയർ കളിക്കുന്നവരും ലോക്കൽ ക്ലബ്ബുകളുടെ പ്ലെയേഴ്സും ഉണ്ടായിരുന്നു. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തുകാര്യമെന്ന് കരുതിയാണ് ഗ്രൗണ്ടിലേക്ക് ചെന്നത്. പേടിച്ചുപേടിച്ചാണ് പാഡ് ചെയ്‌തത്. എന്നിട്ടും നാലഞ്ചാറ് ബോൾ നേരിട്ടു കഴിഞ്ഞപ്പോൾ ക്രിക്കറ്റ് കോച്ച് ബിജുവച്ചൻ ലിസ്റ്റിലേക്ക് പേരെഴുതിച്ചേർത്തു. തിരുവനന്തപുരം എംജിയോട് സെമിയിൽ തോറ്റു പുറത്തായ ദിവസം ബിജുവച്ചൻ ഡെന്നീസിനോട് പറഞ്ഞു: "ബാറ്റെടുത്ത് വീശാൻ മിക്കവാറും എല്ലാർക്കും പറ്റും. പക്ഷേ ചെലര് വീശുമ്പോഴത് പോയട്രിയാകും. അവനാണ് കളിക്കാരൻ. ഡെന്നീസേ, നീ നല്ലൊരു കളിക്കാരനാണ്. പക്ഷേ കൊല്ലത്തേക്കാമെച്ചം ക്രിക്കറ്റിന് തിരുവനന്തപുരമാണ്. അവിടാകുമ്പോ കുറച്ചൂടെ അറ്റൻഷൻ കിട്ടും. ഡിഗ്രിക്ക് അങ്ങോട്ടെങ്ങാനും ചേരുന്നതാണ് നല്ലത്.’
ഡിഗ്രിക്ക് നഗരം മാറാനൊരു ശ്രമം നടത്തിയെങ്കിലും അപ്പൻ വിട്ടില്ല, "കളിക്കാനാണാ പഠിക്കാനാണാ വീട്ടീന്നെറങ്ങുന്നതെന്ന് തീരുമാനിച്ചിട്ടിനി കോളേജിൽ പോയാമതി.’
ചിത്രീകരണം: നാസർ ബഷീർ
അമ്മച്ചിക്ക് മറുത്തൊന്നും പറയാൻ കഴിയുമായിരുന്നില്ല, "കുറേക്കൊല്ലം വെളിരാജ്യത്ത് കെടന്ന് ജീവിതം നീറ്റിയ മനുഷ്യനാണ്. അപ്പനതിന്റെ ആധികാണും, നീയിങ്ങനെ കളിയെന്നും പറഞ്ഞ് നടക്കുമ്പോ...’
ജോലികിട്ടി തിരുവനന്തപുരത്തേക്ക് വരുമ്പോൾ മനസ്സിലുണ്ടായിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കോച്ചിങ് സെന്റർ മാത്രമായിരുന്നു. ഒരു കുഞ്ഞു ജനിച്ചാ അതാണായാലും പെണ്ണായാലും ബാറ്റുംകൊടുത്ത് ഗ്രൗണ്ടിലേക്കിറക്കിവിടും.
"അപ്പൊ കൊച്ചിന് സ്‌കൂളിലൊന്നും പോണ്ടേ?’ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ പ്രഭാത നടത്തത്തിനിടെ ഒരിക്കൽ ഗ്രേസ് ചോദിച്ചു. അന്ന് റയാന് അവളുടെ വയറ്റിൽ ഏഴുമാസം.
"വേണ്ട, ആദ്യം കളി. പിന്നെമതി സ്‌കൂൾ.’
അതുകേട്ട് വയറുനിള്ളിൽ തലകുലുങ്ങുന്നത് ഗ്രേസ് തൊട്ടുകാണിച്ചപ്പോ തോന്നിയ സന്തോഷം. ആ സന്തോഷമാണ് ഗെയിംപാഡും പിടിച്ച് സദാനേരവും ടെലിവിഷനു മുന്നിലിരുന്ന് പല്ലിറുമ്മുന്നത്.
വായടയ്‌ക്കാതെ ചിലയ്‌ക്കുന്ന ഏതോ വികൃതജീവിയുടെ ഒച്ചപോലെ നിർത്താതെ തുടരുന്ന ഗൺഷൂട്ടിന്റെ ശബ്ദത്തിൽ ഡെന്നീസിന് കടുത്ത തലവേദനവരും. പിടിച്ചാൽ കിട്ടാത്ത ദേഷ്യംവരും.
ഗെയിമിനോടുള്ള എതിർപ്പല്ല, മുഴുവൻസമയവും അതായാലോ? ഗ്രൗണ്ടിലേക്ക് കൊണ്ടുപോകാമെന്ന് വച്ചാൽ ഒരുവിധത്തിലും സമയത്ത് റെഡിയാകില്ല. നിർബന്ധിച്ചാൽ പിന്നെ ഒട്ടും നടക്കില്ല. അങ്ങനെ കണ്ടെത്തിയ ഉപായമാണ് വീടിനകത്തുള്ള ക്രിക്കറ്റ്. ഒരു മണിക്കൂർ ക്രിക്കറ്റ്, ഒരു മണിക്കൂർ വീഡിയോ ഗെയിം.
"റയാൻ, പപ്പേട ട്വന്റീസിലൊക്കെ ഞങ്ങക്കുണ്ടായിരുന്ന ഒരു സ്ലോഗൻ അറിയോ?’ ബാറ്റിങ് എൻഡിൽ സോഫയ്‌ക്ക് പിന്നിലായി ഡെന്നീസ് സ്റ്റമ്പ് മാർക്ക് ചെയ്‌തു.
"ഇല്ല, ടെൽ മീ.’
"ക്രിക്കറ്റ് എന്റെ മതമാണെങ്കിൽ സച്ചിനാണ് എന്റെ ദൈവം.’
"മതമോ, വാട്ട് ഈസ് ഇറ്റ് ഫോർ?’, കോർട്ട്‌യാർഡിലെ കൃത്രിമ പുല്ലിന് നടുക്കുകിടന്ന ബോൾ റയാൻ കുനിഞ്ഞെടുത്തു.
"ഒരുകൂട്ടം ആൾക്കാർക്കുള്ള ഒരേ വികാരം, മീൻസ് ഫീൽ.’
"ഓഹോ, അപ്പോൾ ഫ്രീഫയർ പോലെ, ഇറ്റ് ഈസ് മൈ റിലീജ്യയൻ, ഐ തിങ്ക്’, റയാൻ കൈയിൽനിന്നും അലസമായി പന്ത് റിലീസ്ചെയ്‌തു. രണ്ടുവട്ടം കുതിച്ചശേഷം മുന്നോട്ടുനീങ്ങാനാകാതെ ബോൾ പിച്ചിനു നടുവിൽ നിന്നുപോകുമെന്ന് തോന്നി. ഡെന്നീസ് ക്രീസിൽനിന്നും പുറത്തേക്ക് ചാടിയിറങ്ങി അതിന്റെ അവസാന കുതിപ്പിനെ ബാറ്റിന്റെ ബോട്ടത്തിലേക്കുചേര്‍ത്ത് ഉയർത്തിയടിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ ബൗൺസിൽ ഉള്ളിൽ കുത്തിയുയർന്ന ദേഷ്യത്തെ റിലീസ് ചെയ്യാൻ അപ്പോഴങ്ങനെയാണ് തോന്നിയത്. ചുമരിലെ ക്ലോക്ക് താഴെവീണു ചിതറിയപ്പോഴാണ് അത്ര ശക്തിയോടെ അടിക്കേണ്ടായിരുന്നു എന്ന് കണ്ണുതുറന്നത്.
ചിത്രീകരണം: നാസർ ബഷീർ
"തന്തേം മോനുംകൂടെ ക്ലീൻ ആക്കീട്ട് കളിച്ചാമതി. എനിക്ക് പറ്റില്ല.’ ഗ്രേസ് ചൂലും ചവറുകോരിയുമെടുത്ത് ഹാളിലേക്കിട്ടു.
"ടീ, അത് വേണോന്നും പറഞ്ഞ് അടിച്ചതല്ല.’ തുടർന്ന് വന്നേക്കാവുന്ന ഗ്രേസിന്റെ പേസാക്രമണത്തിൽനിന്നും രക്ഷപ്പെടാൻ ഡെന്നീസ് ഗാർഡെടുത്തു. "സദാ നേരവും ഇവനീ വീഡിയോ ഗെയിമിന്റെ ഒറ്റച്ചിന്തയിൽ മയങ്ങിയണ് നടപ്പ്. അവൻ ബൗൾചെയ്‌തത് നീ കണ്ടായിരുന്നോ? സ്വപ്‌നലോകത്തൂന്ന് പൂനുള്ളിയെറിയും പോലെ ആയിര്ന്ന്. ഒന്നുമില്ലെങ്കിലും അവന്റെ പ്രായത്തിന്റെ എനർജി കാണിക്കണ്ടേ; അതെങ്ങനെ അതിന് ദേഹമനങ്ങണ്ടേ?’
"ശരി, ദേഹമനങ്ങലിന്റെ ട്രെയിനിങ് കഴിയുമ്പോഴേക്കും വീടിനകത്തുള്ള സകലതും ഡസ്റ്റ്പാനില് കോരിയെടുത്ത് പുറത്തേക്ക് കളയാം.’
"അപ്പൊ ഇവനിങ്ങനെ സോഫേടമേളില് ഗെയിം കൺട്രോളറും പിടിച്ചോണ്ട് മിഴിച്ചിരിക്കട്ടെന്നാണാ?’
"വേണ്ടാ... കൂടുതൽ നേരം പന്തടിക്കട്ടെ, അപ്പോൾ കൂടുതൽ വേഗത്തിൽ സ്‌ക്രാപ്പ്ഷോപ്പ് നിറയ്‌ക്കാം.’
ഗ്രേസിന്റെ ബൗളിങ്ങിന് മൂർച്ചകൂടുന്നതായും ഇനിയും അവളെക്കൊണ്ട് സംസാരിപ്പിച്ചാൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിപ്പോയേക്കുമെന്നും ഡെന്നീസിന് തോന്നി. "ലോകത്തെ വിറപ്പിച്ചവനാണ് ഷെയ്ന്‍ വോണ്‍. ആ ഷെയ്ന്‍ വോണിന്റെ ഉറക്കം കെടുത്തിയവനാണ് സച്ചിൻ, അതുമറക്കണ്ട’, ഇന്നിങ്സ് ഡിക്ലയർ ചെയ്‌ത് പിൻവാങ്ങാൻ ശ്രമിക്കുന്നതിനിടയിലും ഡെന്നീസ് ഒരു ബൗണ്ടറിക്ക് ശ്രമിച്ചു.
"കൊച്ചുപിള്ളേരോടക്കെടന്ന് വാശി എടുക്കുന്നതിന് സച്ചിൻ എന്നല്ല പറയുന്നത്.’
"പിന്നെ...?’
ആവശ്യമില്ലാത്തൊരു ബോളിനെ ബാറ്റുകൊണ്ട് തൊടാതെ ഒഴിവാക്കുന്നതുപോലെ ഗ്രേസ് ആ ചോദ്യത്തെ കേട്ടതായിപ്പോലും ഭാവിച്ചില്ല. അപൂർണമായ വിരാമം തൊണ്ടയിൽ വീണ്ടും പല ചോദ്യങ്ങളായി വന്ന് കുത്തലുണ്ടാക്കിയെങ്കിലും എതിരാളി മൊത്തത്തിൽ അവഗണിച്ചതിനാൽ ഡെന്നീസ് ഒട്ടും സമയം കളയാതെ ചൂലെടുത്ത് തകർന്നുവീണ ക്ലോക്കിനെ നീക്കി കൂട്ടാനാരംഭിച്ചു.
2007-ല്‍ വെസ്റ്റിൻഡീസിൽ വച്ചു നടന്ന ലോകകപ്പിൽ പുറത്തായി ഇന്ത്യൻ ടീം മടങ്ങിയെത്തിയപ്പോൾ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട കളിക്കാരൻ സച്ചിനാണ്. കളി നിർത്താൻ നേരമായി എന്ന് സൂചിപ്പിക്കുംവിധം ‘എൻഡുൽക്കർ' എന്ന തലക്കെട്ട് പത്രങ്ങൾ ആഘോഷിച്ചു. നമ്മൾ പരാജയപ്പെട്ടു എന്ന് മറ്റുള്ളവർക്ക് തീരുമാനിക്കാം. പക്ഷേ സ്വയം അതംഗീകരിക്കാൻ തയ്യാറാകാത്തിടത്തോളം നമ്മുടെ വഴി മുന്നിൽത്തന്നെയുണ്ടാകും. കൂറ്റനടികൾക്ക് ശ്രമിച്ചില്ലെങ്കിലും സിംഗിളുകളെടുത്ത് മുന്നോട്ട് പോയ്‌ക്കൊണ്ടേയിരിക്കണം. ഒരുനാൾ നിങ്ങളുടെ ബാറ്റിന്റെ മധ്യഭാഗത്തേക്ക് പന്തുകൾ കൂട്ടമായി വന്നുചേരുകയും അവ അവിശ്രമം ബൗണ്ടറിലൈൻ മുറിച്ചുകടന്ന് ഗാലറികളുടെ ആർപ്പുവിളികളിലേക്ക് പറന്നുപോയിക്കൊണ്ടിരിക്കുകയും ചെയ്യും. സച്ചിൻ അത് തെളിയിച്ചു.
"റയാൻ...’ ഡെന്നിസ് മകനരികിലേക്കിരുന്നു. "നിന്റെയീ ഗെയിം പപ്പയ്‌ക്കുകൂടി ഒന്ന് പഠിപ്പിച്ചുതാ.’
"ആർ യൂ പ്ലേയിങ് വിഥ് മീ’, റയാന് പപ്പ പറഞ്ഞത് വിശ്വസിക്കാനായില്ല.
"യെസ് നിന്നെ ഞാൻ പൊട്ടിക്കും.’
"എന്നാ നമുക്ക് നോക്കാലോ ആരാണ് ജയിക്കുന്നേന്ന്’, റയാൻ ആവേശത്തിലായി. "ആദ്യം ഞാനിതിന്റെ റൂൾസ് പറഞ്ഞുതരാം.’
"ശരി, കേൾക്കട്ടെ.’
"ഇറ്റ്‌സ് വെരി ഈസി പപ്പാ. സീ, നമുക്ക് രണ്ടു മോഡാണുള്ളത്. ബാറ്റിൽ റോയലും ക്ലാഷ് സ്‌ക്വാഡും.’ മേഘങ്ങൾ ഒഴിഞ്ഞുമാറിയ ആകാശം പോലെ അതുവരെ കനം തൂങ്ങിനിന്ന റയാന്റെ മുഖം പെട്ടെന്ന് പ്രകാശിക്കാൻ തുടങ്ങി. "ബാറ്റിൽ റോയലിൽ നമ്മൾ ഫിഫ്റ്റി മെമ്പേഴ്‌സുള്ള ഒരു ഗെയിം വേൾഡ് തുടങ്ങും. ഇത്രേംപേരും വിമാനത്തിൽ ഒരു ഐലന്റിന് മേളിലൂടെ ഫ്ലൈചെയ്യും. നമുക്കിഷ്ടമുള്ള സ്ഥലമാവുമ്പോ നമ്മളാ ഐലന്റിലേക്ക് ചാടി നമ്മുടെ ഓപ്പോണന്റ്സ് എത്തുംമുമ്പേ വെപ്പൺസ് സ്വന്തമാക്കും.’
ആയുധങ്ങൾ കൈക്കലാക്കി എതിരാളികളെ ഒന്നൊന്നായി വെടിവെച്ചുവീഴ്‌ത്തി വിജയത്തിലേക്ക് കുതിക്കുന്നത് റയാൻ വിവരിക്കുമ്പോൾ ഡെന്നീസിന് ശ്വാസംമുട്ടി-. "കൊന്നുമുന്നേറുന്ന കളി! ഇതാര് കണ്ടുപിടിച്ചതാണാവോ?’
"ഡെന്നീസ്, അതു വെറും ഗെയിമല്ലേ, എന്തിനാണ് വെറുതേയിങ്ങനെ കടന്നു ചിന്തിക്കുന്നത്. ഇപ്പോ എല്ലാപ്പിള്ളേരും ഇതൊക്കെ തന്നെയാണ് കളിക്കുന്നത്’, വൈകുന്നേരത്തെ ചായക്കൊപ്പം ഗ്രേസ് ഒന്നുരണ്ട് ആശ്വാസവാക്കുകൾ നീട്ടി. "അല്ലെങ്കിലും ഈ ആക്രമിക്കലും കീഴ്പ്പെടുത്തലുമൊക്കെ ഇപ്പൊത്തുടങ്ങിയതാണോ; പണ്ടുതൊട്ടേ ഇവിടെ ഉണ്ടായിരുന്നതല്ലേ?’
"പക്ഷേ അതെങ്ങനെ കുഞ്ഞുങ്ങളുടെ കളിയാകും ഗ്രേസ്?’
"എത്രയൊക്കെ കളിച്ചാലും പിള്ളേർ വളരുമ്പോ അതിനൊത്ത് അവർ തനിയെ മാറിക്കോളും.’
"അപ്പൊ പേരന്റ്സിന് ഒന്നും ചെയ്യാനില്ല എന്നാണോ; അഥവാ ഇനി മാറിയില്ലെങ്കിൽ എന്ത് ചെയ്യും?’
ചായയിൽനിന്നും പറന്നുയർന്ന ആവി പെട്ടെന്നന്തരീക്ഷത്തിൽ നിശ്ചലമായതുപോലെ ഗ്രേസിന്റെ കണ്ണുകൾ ഇമകൾവെട്ടാതെ അൽപ്പനേരം ഡെന്നീസിനെ നോക്കി. അയാളുടെ ചോദ്യത്തിന് ഗ്രേസിന് ഉത്തരമുണ്ടായിരുന്നില്ല.
കളിയെ ഒരു യുദ്ധമായി കണക്കാക്കുകയാണെങ്കിൽ ക്രിക്കറ്റിൽ എത്രയധികം ആയുധങ്ങളുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് എണ്ണുക അത്ര എളുപ്പമല്ല. ഓരോ പൊസിഷനിൽ കളിക്കുന്ന ബാറ്റ്സ്മാൻമാർ, അതിൽത്തന്നെ ഇടതുകൈയ്യൻ -വലതുകൈയ്യൻ, പല വേഗത്തിൽ പന്തെറിയുന്ന ബൗളർമാർ, അസാധ്യമായ പ്രതികരണശേഷിയോടെ ഗ്രൗണ്ടിന്റെ പല ഭാഗങ്ങളിൽ ഫീൽഡ് ചെയ്യാൻ കഴിവുള്ള കളിക്കാർ... ഓരോ കളിക്കാരന്റെയും ഉയരം, ആരോഗ്യം, അവർ വരുന്ന രാജ്യം, കളിക്കുന്ന പിച്ചിന്റെ സ്വഭാവം, ആ നാട്ടിലെ കാലാവസ്ഥ... ഇതെല്ലാം എത്ര വൈവിധ്യമാർന്നതാണ്. ഇതിൽ പലതിന്റെയും ഒത്തുചേരലുകൾ പലരീതിയിൽ ക്രമപ്പെടുത്തി നോക്കിയാൽ എണ്ണിയാൽ തീരാത്തത്രയും ടെക്‌നിക്കുകളുടെയും ടൂളുകളുടെയും ഏറ്റുമുട്ടലുകളാണ് ഓരോ മത്സരങ്ങളും.
"റയാൻ നോക്ക്, നിന്റെ ഗെയിമിൽ നിനക്കുള്ളതിനേക്കാൾ എത്ര വെപ്പൺസാണ് ഈ ക്രിക്കറ്റിൽ നമുക്കുള്ളതെന്ന്’, കളിച്ചുകൊണ്ടിരുന്ന സെഷനിൽ പരാജിതനായി ബാക്റെസ്റ്റിനു മുകളിലൂടെ സോഫയുടെ പുറകിലേക്ക് കഴുത്തുതൂക്കിയിട്ട് കിടന്ന റയാനെ ഡെന്നീസ് പിച്ചിലേക്ക് വിളിച്ചു.
"ക്രിക്കറ്റിലോ...?’ റയാൻ മുഖമുയർത്തി നോക്കാതെ ചിരിച്ചു. "ഒരാൾ എറിയുന്നു, ഒരാൾ അടിക്കുന്നു-... ഒരേ മോണോട്ടണി. അതും ഡേലോങ് ടൈം. ഐ കാന്റ് തിങ്ക് പപ്പാ.’
"അത് നിനക്കീക്കളി അത്രേമങ്ങോട്ട് അറിയാത്തോണ്ടാ. ഒരിക്കൽ നിനക്കിതിൽ ഇൻട്രസ്റ്റ് ആയാൽ പിന്നെ നീ വേറൊന്നും ചിന്തിക്കില്ല.’ റയാന്റെ തല കൈകൊണ്ടുയർത്തി ഡെന്നീസ് അയാളുടെ മുഖത്തിനുനേരെ വച്ചു.
"ഊം... പപ്പ പറ, വാട്ട് മേക്‌സ് ദിസ് ഗെയിം സോ ഇൻട്രസ്റ്റിങ്?’
"ഒരുപാടുണ്ട്. ഉദാഹരണത്തിന്, അടിക്കുന്ന രീതികൾ മാത്രമെടുക്കാം. അതായത് ഷോട്സ്’, ബാറ്റെടുത്ത് ഡെന്നീസ് റെഡിയായി. തോളിനുമുകളിലേക്ക് കുതിച്ചുയർന്നുവന്ന പന്ത് വലതുകാലിന്റെ തള്ളവിരലിൽപൊങ്ങി വൃത്താകൃതിയിൽ കൈചുഴറ്റി ഒരു ഹുക് ഷോട്ടായി. ലെഗ് സൈഡിലൂടെ അപകടം പിടിച്ച് തിരിഞ്ഞുവന്ന സ്‌പിൻബോൾ നിലത്തേക്ക് താഴ്‌ന്നിരുന്ന് ഒരു സ്വീപ് ഷോട്ടായി. ഫുൾ ലെങ്ത്തിൽ കാൽപ്പാദത്തിന് അൽപ്പം മുന്നിലേക്കായി വളരെ വേഗത്തിൽ താഴ്‌ന്നുവീണ പന്ത് ഫ്രണ്ട്ഫൂട്ടിൽ സിക്‌സറായി. ഓഫ് സ്റ്റമ്പിന് അൽപ്പം പുറത്തുകൂടി പാറിപ്പോകാനൊരുങ്ങിയ ഷോർട്ബോൾ കൊറ്റിയെപ്പോലെ അതിർത്തിവരയിലേക്ക് നീന്തിയ കവർ ഡ്രൈവായി. ഫ്ളിക്, സ്ട്രോക്, പുൾ... ഒരു നർത്തകന്റെ മെയ്‌വഴക്കത്തോടെ മകനുമുന്നിലേക്ക് ഡെന്നീസ് ഓരോ ഷോട്ടുകളായി രൂപം മാറിക്കൊണ്ടിരുന്നു.
"നോക്ക്, ബാറ്റിങ് എന്ന് പറയുന്നത് ഇന്ത്യ പോലൊരു രാജ്യമാണെങ്കിൽ, നമ്മളതിന്റെ സൗത് സോൺ പോലും ഇത്രേം നേരമായിട്ടും കണ്ടുതീർന്നിട്ടില്ല’, ഡെന്നീസ് ആവേശത്തോടെ മകനോട് പറഞ്ഞു. "അതുകൂടാതെ എത്രയോ ഷോട്ടുകൾ നമുക്ക് നമ്മുടേതായി ഇംപ്രൊവൈസ് ചെയ്യാൻ കഴിയുന്നത് പിന്നെയും കിടക്കുന്നു. സീ, ക്രിക്കറ്റ് എത്ര രസകരമാണല്ലേ.’
"യെസ് പപ്പാ...’ റയാൻ തലകുലുക്കി. "പക്ഷേ എനിക്കിപ്പം വേറൊരു ഐഡിയ തോന്നുന്നു.’
"പറയൂ... കേൾക്കട്ടെ.’ ഡെന്നീസിന് ഉത്സാഹമായി.
"ഗെയിംവേള്‍ഡ് ഇന്ത്യപോലൊരു രാജ്യമാണെങ്കിൽ നമുക്ക് റിയലായി ഗൺസ് കിട്ടുകയാണെങ്കിൽ...’, ഒന്നു നിർത്തി റയാൻ കൗതുകത്തോടെ ഡെന്നീസിനെ നോക്കി.
ഒരു യുദ്ധടാങ്കിന്റെ ഇരുമ്പുചക്രങ്ങള്‍ പെട്ടെന്ന് ഹൃദയത്തിനു മുകളിലേക്ക് ഞെരിഞ്ഞു കയറിയതുപോലെ ഡെന്നീസിന്റെ നെഞ്ചിനുള്ളിൽ വേദന പുളഞ്ഞു, "തോക്കുകൾ കിട്ടുകയാണെങ്കിൽ..?’
"കൊല്ലും...’ വിജയം ഉള്ളിൽ സങ്കൽപ്പിച്ച് അതിന്റെ ലഹരിയിൽ റയാൻ അഞ്ചാറുതവണ പൊട്ടിച്ചിരിച്ചു.
"ആളുകളെയോ...?’
അതിനു മറുപടിയൊന്നും പറയാതെ റയാൻ സോഫയിൽനിന്നും അത്യുത്സാഹത്തോടെ ചാടിയെഴുന്നേറ്റ് തുരുതുരെ ചുറ്റിലും വെടിയുതിർക്കുന്നപോലെ കൈകൾ ചലിപ്പിക്കാൻ തുടങ്ങി.
2001-ൽ സിംബാബ്‌വെയിൽ നടന്ന ത്രിരാഷ്‌ട്ര പരമ്പരയിൽ വെസ്റ്റിൻഡീസിനെതിരെയുള്ള ഒരു കളിയിൽ സച്ചിന്റെ കാലിന് സാരമായ പരിക്കുപറ്റി. കരിയറിലുടനീളം പരിക്കുകൾ സച്ചിനെ വിടാതെ പിന്തുടർന്നിരുന്നു. പക്ഷേ മാസ്റ്റർ ബ്ലാസ്റ്റർ ഒന്നിനേയും വകവെച്ചില്ല. സർവ ആവേശത്തോടെയും എല്ലാത്തിനെയും മറികടന്ന് കളങ്ങൾ നിറഞ്ഞാടി റൺ മലയുടെ നെറുകയിലേക്കുള്ള കയറ്റം അനസ്യൂതം തുടർന്നു.
കരിയർ തന്നെ അവസാനിപ്പിച്ചേക്കുമെന്ന് ഡോക്ടർ സൂചന കൊടുത്ത പെരുവിരലിലെ പരുക്കിനെ അതിജീവിച്ച് സച്ചിൻ ആദ്യമായി കളിക്കാനിറങ്ങിയത് കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെയാണ്, അതും അവരുടെ നാട്ടിൽ വച്ച്. അവിടെ വച്ചാണ് സച്ചിന്റെ ബാറ്റിൽനിന്നും ‘അപ്പർകട്ട്' പിറവിയെടുക്കുന്നത്. ഷോർട്ട് ഓഫ് ലെങ്‌ത്തിൽനിന്നും കുത്തിയുയർന്ന് വരുന്ന പന്തുകൾ ബാറ്റിന്റെ ടോപ്പ് കൊണ്ട് സ്ലിപ്പിലെ ഫീൽഡർമാർക്ക് മുകളിലൂടെ തിരിച്ചു വിടുക. ‘അപ്പർ കട്ടി’ന്റെ ആദ്യ ഇര ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളർ മഖായ എന്റിനിയായിരുന്നു.
ബൗളറുടെ ആക്രമണത്വരയ്‌ക്കനുസരിച്ച് ബോളിന് വേഗം കൂടുതലാണെങ്കിൽ ബാറ്റ്സ്മാന് അത്രയും നല്ലത്. ആ വേഗംകൂടി ഉപയോഗപ്പെടുത്തി ബോൾ തേർഡ്മാൻ പൊസിഷനിലേക്ക് പായും. ഫീൽഡർമാർക്ക് നിസ്സഹായരായി അത് കണ്ടുനിൽക്കാമെന്നല്ലാതെ മറ്റൊന്നിനും കഴിയില്ല. പാകിസ്ഥാന്റെ ഷുഹൈബ് അക്തർ മുതൽ ആസ്ട്രേലിയയുടെ ബ്രെറ്റ് ലീ വരെയുള്ള കൊടുങ്കാറ്റുകൾ സച്ചിന്റെ കയ്യിൽനിന്നും ഈ ഷോട്ടിന്റെ രുചി ആവോളം അറിഞ്ഞവരാണ്.
ബാറ്റുമെടുത്ത് ഡെന്നീസ് പിച്ചിലേക്ക് നടന്നു, "റയാൻ...’
"ഞാൻ എറിയാൻ പോവുകയല്ലേ പപ്പാ, എന്താണിത്ര വെപ്രാളം?’
"നീ സാധാരണ പോലെ എറിഞ്ഞാൽ പോരാ.’
"പിന്നെ?’
"നിന്റെ സർവശക്തിയും എടുത്തുവേണം എറിയാൻ. നോക്കട്ടെ, നിനക്കെത്ര കഴിയുമെന്ന്. ഒരു ഗൺ കൈയ്യിൽ കിട്ടിയാൽ അതെടുത്ത് ഫയർ ചെയ്യാൻ നല്ല ആരോഗ്യം വേണോല്ലോ.’
"ഞാനിപ്പോ കാണിച്ചുതരാം എനിക്കെത്ര പവറുണ്ടെന്ന്’, റയാൻ ആവേശഭരിതനായി. കോർട്ട് യാർഡിലൂടെ രണ്ടുചുവട് ഓടി പരമാവധി വേഗത്തിൽ റയാൻ ഡെന്നീസിന് നേരെ പന്തെറിഞ്ഞു. മൂളിപ്പറന്ന് അൽപ്പം മുന്നിലായി വീണ് നെഞ്ചിനുമുകളിലേക്ക് കൊമ്പുയർത്തിക്കുതിച്ചുവന്ന പന്തിനെ പിന്നിലേക്കുമാറി ബാറ്റിനു ബലം കൊടുത്ത് ഡെന്നീസ് പുറകിലേക്ക് കുത്തിയുയർത്തി. പെർഫക്റ്റ് അപ്പർ കട്ട്!
തോക്കിൽനിന്നും പുറപ്പെട്ട തിരപോലെ പന്ത് ടെലിവിഷൻ പാനലിന് നേരെ പാഞ്ഞു.
ടെലിവിഷൻ സ്‌ക്രീൻ പുതുമഴത്തുള്ളികൾപോലെ കിലുകിലെ നിലത്തേക്ക് കൊഴിഞ്ഞു!
ചൂലും ഡസ്റ്റ്പാനുമായി വന്ന് ഗ്രേസ് വളരെപ്പെട്ടെന്ന് ചില്ലുകഷ്‌ണങ്ങളെ കോരിമാറ്റാൻ തുടങ്ങി, "അവസാനിച്ചു എന്ന് എഴുതിയ ഇടത്തുനിന്നും മടങ്ങി വന്നാണ് സച്ചിൻ പൂർണതയിലേക്ക് നടന്നുകയറിയത്, അല്ലേ?’ ബോൾ പോയ വഴിയിലേക്കുതന്നെ കണ്ണുപായിച്ച് നിന്നിരുന്ന ഡെന്നീസിനോട് അവൾ ചോദിച്ചു.
"ഈ കളിയിൽ നമുക്കങ്ങനെ തോൽക്കാൻ പറ്റില്ലല്ലോ ഗ്രേസ്’, റയാന്റെ തോളിലൂടെ സ്‌നേഹത്തോടെ കൈ ചുറ്റിപ്പിടിച്ച് ഡെന്നീസ് സോഫയിലേക്ക് വന്നിരുന്നു. ഫ്രെയിം മാത്രമായി പാനലിൽ അവശേഷിച്ച ടെലിവിഷൻ കണ്ണുകൾ നഷ്ടപ്പെട്ടുപോയ ഒരാളെപ്പോലെ അയാൾക്ക് മുന്നിൽ നിന്നു. അതിന്റെ ശൂന്യതയിലേക്ക് ഏറെനേരം നോക്കിയിരുന്നപ്പോൾ വെടിയേറ്റു പിടഞ്ഞുവീണ ആയിരക്കണക്കിനാളുകളുടെ നിലവിളികൾ അകന്നകന്നു പോകുന്നതായും നൂറുനൂറ് കുട്ടികൾ മൈതാനങ്ങളിലേക്ക് ഓടിയോടിയെത്തുന്നതിന്റെ കലപില ബഹളം അടുത്തടുത്തേക്ക് വരുന്നതായും ഡെന്നീസിന് തോന്നി .
* ഫസ്റ്റ് പേഴ്സന്‍ ഷൂട്ട്











0 comments