കുവൈത്ത് കല ട്രസ്റ്റ് പുരസ്‌കാരം ഇന്ദ്രൻസിന്

പാലക്കാട് : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്തിന്റെ ഈ വർഷത്തെ കല ട്രസ്റ്റ് പുരസ്‌കാരം നടൻ ഇന്ദ്രൻസിന്. അരലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക, സാമൂഹിക, രാഷ്‌ട്രീയ, കലാസാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് പുരസ്‌കാരം നൽകുന്നത്. ആഗസ്‌ത് മൂന്നിന് കണ്ണൂരിൽ നടക്കുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. എസ്‌എസ്‌എൽസിക്ക് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള 7500 രൂപയുടെ എൻഡോവ്മെന്റും വിതരണം ചെയ്യും. സിപിഐ എ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കുവൈത്ത് കല ട്രസ്റ്റ് ചെയർമാൻ എ കെ ബാലൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് കുവൈത്ത് കല ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
2000-ൽ ആരംഭിച്ച കുവൈത്ത് കല ട്രസ്റ്റ് പുരസ്‌കാരം മുൻവർഷങ്ങളിൽ പാലോളി മുഹമ്മദ്കുട്ടി, ഒ എൻ വി കുറുപ്പ്, പ്രൊഫ. എം കെ സാനു, ശ്രീകുമാരൻ തമ്പി, ഏഴാച്ചേരി രാമചന്ദ്രൻ, മുരുകൻ കാട്ടാക്കട, അശോകൻ ചരുവിൽ, വിദ്യാധരൻ മാസ്റ്റർ, നിലമ്പൂർ ആയിഷ, കെപിഎസി സുലോചന, ബെന്യാമിൻ, കെ ആർ മീര, പ്രഭാവർമ, ശരത് ചന്ദ്രൻ, ആലങ്കോട് ലീലാകൃഷ-്‌ണൻ എന്നിവർക്ക് സമ്മാനിച്ചിട്ടുണ്ട്. കുവൈത്ത് കല ട്രസ്റ്റ് ചെയർമാൻ എ കെ ബാലൻ, സെക്രട്ടറി സുദർശനൻ കളത്തിൽ, ചന്ദ്രമോഹനൻ പനങ്ങാട്, മൈക്കിൾ ജോൺസൺ, കെ ശിവൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.











0 comments