അയോധ്യ രാമക്ഷേത്ര കൊള്ള; പ്രത്യേക അന്വേഷണ സംഘത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ന്യുഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനയിൽ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹർജികളിൽ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തോട്(എസ്ഐടി) റിപ്പോർട്ട് തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, കേന്ദ്രസർക്കാർ, ഉത്തർപ്രദേശ് സർക്കാർ, ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് എന്നിവർക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
അന്വേഷണ പുരോഗതിയും സംഘത്തിന്റെ ഘടനയും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ യുപി സർക്കാർ രൂപീകരിച്ച എസ്ഐടിയോട് കോടതി നിർദേശിച്ചു.റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന ഹർജിക്കാരുടെ ആവശ്യം സോളിസിറ്റർ ജനറൽ എതിർത്തു.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയക്കുന്നതിനെ സോളിസിറ്റർ ജനറൽ എതിർത്തെങ്കിലും കോടതി അത് തള്ളി. എസ്ഐടി. രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ഹർജിക്കാർ ആവശ്യപ്പെടുന്ന കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.










0 comments