വെെബാണ്, ആനമൂളിയിലെ തണുപ്പും താറാവ് മുട്ടയും

ആനമുളി മുരുക്കട വിജയന്റെ കടയിലെ താറാമുട്ടയും ചായയും
വി പ്രശോഭ്
Published on Aug 13, 2026, 12:00 AM | 1 min read
മണ്ണാർക്കാട്
സൈലന്റ് വാലി മലനിരകളിൽനിന്ന് വരുന്ന കോടമഞ്ഞിന്റെ തണുപ്പും ആസ്വദിച്ചുകൊണ്ട് ചൂട് ചായയും കാന്താരിയും കുരുമുളക് പൊടിയും ചേർത്ത രണ്ട് താറാവ് മുട്ടയും കഴിച്ചുനോക്കാം. ഓ.... ഒരു വല്ലാത്ത വൈബ് തന്നെ. ഇത് വെറും താറാവ് മുട്ടയല്ല, ഔഷധഗുണമുള്ള മരുന്നുതന്നെയാണ്. കുറച്ച് എരിവുണ്ടെന്ന് മാത്രം. അട്ടപ്പാടി ചുരം കയറുന്നവർക്ക് ഛർദിക്കാതിരിക്കാനുള്ള മരുന്നായാണ് ഈ താറാവ് മുട്ട അറിയപ്പെടുന്നത്. അട്ടപ്പാടി മലനിരകളുടെ താഴ്‌വാരമായ ആനുമൂളിയിലാണ് താറാവ് മുട്ടകൾ വിൽക്കുന്ന കടകളുള്ളത്. തനി നാടൻ താറാവ് മുട്ടകൾ ഉപ്പും ചെറുനാരങ്ങയും ഇട്ട് പുഴുങ്ങി, കാന്താരിയും കുരുമുളകുപൊടിയും ഉപ്പും ചേർത്തുണ്ടാക്കിയ പ്രത്യേക തരം മിശ്രിതവും ചേർത്ത് കഴിക്കാം. ഏത് പ്രായക്കാർക്കും അസുഖമുള്ളവർക്കും ഈ താറാവ് മുട്ട കഴിക്കാമെന്ന് കഴിഞ്ഞ 70 വർഷമായി ആനമൂളി ജങ്‌ഷനിൽ കട നടത്തുന്ന മുരുക്കട വിജയൻ പറഞ്ഞു. ഒരു ദിവസം 350 മുതൽ 450 വരെ മുട്ടകൾ പുഴുങ്ങും. രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെയാണ് മുട്ട വിൽപ്പന. പുഴുങ്ങിയ മുട്ടകൾ മുഴുവൻ വിറ്റുപോകും. പാലക്കാട്, പട്ടാമ്പി, ചെർപ്പുളശേരി ഭാഗങ്ങളിൽനിന്നാണ് നാടൻ താറാവ് മുട്ടകൾ ആനമൂളിയിൽ എത്തുന്നത്. ദിവസവും നിരവധി ആളുകളാണ് ഈ താറാവ് മുട്ടക്കട അന്വേഷിച്ച് ആനമൂളിയിൽ എത്തുന്നത്. ഔഷധഗുണമുള്ള ഈ താറാവ് മുട്ട സ്വാദിഷ്ടമാണെന്ന് കടയിൽ മുട്ട കഴിക്കാൻ എത്തിയവരും പറയുന്നു.









0 comments