കെഎസ്ആർടിസി ബസ് ഇടിച്ചു കയറി യുവാവ് മരിച്ചു

എസ് സെയ്ദലി
കൊല്ലം
ചിന്നക്കട ബസ്‍ബേയ്ക്ക് മുന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവ് മരിച്ചു. ചിന്നക്കടയിലെ മൊബൈൽ കടയിലെ ജീവനക്കാരന്‍ മേവറം സെയ്ദലി മൻസിൽ എസ് സെയ്ദലി (22)യാണ് മരിച്ചത്. ബുധന്‍ വൈകിട്ട് 3.30നാണ് സംഭവം. കൊട്ടാരക്കരയിൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ഓർഡിനറി ബസ്, ചിന്നക്കട ബസ് ബേയിലേക്ക് കയറുന്നതിനിടെ സെയ്ദലിയെ ഇടിക്കുകയായിരുന്നു. സെയ്ദലിയും ബൈക്കും ബസിനടിയിൽപ്പെട്ടു. 10 മീറ്ററിലധികം വലിച്ചിഴച്ച് പോയി. ബസ് കാത്തുനിന്നവർ ബഹളം വച്ചതോടെയാണ് ബസ് നിർത്തിയത്. യാത്രക്കാരും കച്ചവടക്കാരും ചേർന്നാണ് സെയ്ദലിയെ ബസിനടിയിൽ നിന്ന് വലിച്ചെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ബസിന്റെ ടയറിന്റെ അടിയിൽനിന്ന് ഏറെ പരിശ്രമിച്ചാണ് ഇയാളെ പുറത്തെടുത്തത്. ബസ് ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പട്ടതായും ആക്ഷേപമുണ്ട്. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽനിന്ന് മേവറത്തെ മെഡിസിറ്റിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ബസ് പിന്നീട് കൊല്ലം ഡിപ്പോയിലെത്തിച്ച ശേഷം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഷാജഹാനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. മരിച്ച സെയ്ദലിയുടെ ബാപ്പ: ഷംനാദ്, ഉമ്മ: ബീവിജാൻ, സഹോദരൻ അക്ബർ ഷാ.










0 comments