ക്രഷറിലെ എം സാൻഡ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ രക്ഷിച്ചു

ക്രഷറിലെ എം സാൻഡ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ മുക്കം അഗ്നിരക്ഷാസേന പുറത്തെടുക്കുന്നു
മുക്കം കാരശേരി പഞ്ചായത്ത് ഓടതെരുവിൽ ക്രഷറിലെ എം സാൻഡ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ മുക്കം അഗ്നിരക്ഷാസേന പുറത്തെടുത്തു. ലങ്ക സുബ്രമണ്യന്റെ ഉടമസ്ഥതയിലുള്ള ക്രഷറിലെ സ്ലറിയിലാണ് എള്ളങ്ങൽ അബ്ദുറഹിമാന്റെ പശു അകപ്പെട്ടത്. നാട്ടുകാർ ജെസിബി ഉപയോഗിച്ച് പശുവിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാലുകൾ പൂർണമായും സ്ലറിയിൽ അകപ്പെട്ട് അവശയായ പശുവിനെ അനിമൽ റെസ്ക്യൂ ബെൽറ്റും ഹോസും ഉപയോഗിച്ച് ജെസിബിയുടെ സഹായത്തോടെ ഉയർത്തി. തുടർന്ന് സ്ലറി നീക്കംചെയ്ത് പുറത്തെടുത്തു. മുക്കം അഗ്നിരക്ഷാ സേനാ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സീനിയർ ഫയർ ഓഫീസർ അഹമ്മദ് റഹീഷ് നടുവീട്ടിൽ, ഓഫീസർമാരായ കെ അഭിനേഷ്, പി നിയാസ്, സി വിനോദ്, അനു മാത്യു, ഹോം ഗാർഡ് ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.










0 comments