ad
Deshabhimani

ഗ‍ൗതം കൃഷ്‌ണന്‍ എവിടെ...?

പതിമൂന്നാം ദിവസവും ഉത്തരമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
....സ്വന്തം ലേഖകൻ

Published on Aug 13, 2026, 12:55 AM | 2 min read

കൊല്ലം

ഗ‍ൗതം കൃഷ്‌ണനായുള്ള കുടുംബത്തിന്റെയും നാട്ടുകാരുടെയും കാത്തിരിപ്പിന്‌ ബുധനാഴ്‌ചയും വിരാമമായില്ല. മീൻ പിടിക്കാൻപോയി കാണാതായ ചവറ പുത്തൻതുറ സ്വദേശി ഗ‍ൗതം കൃഷ്‌ണനായുള്ള തെരച്ചിൽ പതിമൂന്നാം ദിനവും വിഫലം. തെരച്ചിലിനു ബുധനാഴ്‌ച കോസ്‌റ്റ്‌ഗാർഡിന്റെ ഹെലികോപ്‌റ്റർ എത്തിയിരുന്നു. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന്‌ ഫിഷറീസിന്റെ ബോട്ടിലും വള്ളത്തിലും നീണ്ടകര, ശക്തികുളങ്ങര, ശക്തികുളങ്ങര ഹാർബറിന്‌ കിഴക്കുമാറി അഷ്‌ടമുടിക്കായൽ ഭാഗങ്ങളിലായിരുന്നു പ്രധാനമായും തെരച്ചിൽ. നീണ്ടകര, ശക്‌തികുളങ്ങര ഭാഗത്തുനിന്നാണ്‌ ഗ‍ൗതമിന്റെ അച്ഛൻ രാധാകൃഷ്‌ണന്റെ മൃതദേഹം കിട്ടിയത്‌. അതിനിടെ നേവിയുടെ മുങ്ങൽ വിദഗ്‌ധർ ബുധനാഴ്‌ച തെരച്ചലിന്‌ എത്തിയിരുന്നില്ല. എന്നാൽ, തെരച്ചിൽ കൂടുതൽ വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കടലിൽ വിവിധ ഭാഗങ്ങളിലായി തെരച്ചിൽ ടീമുകളെ നിയോഗിക്കണം.നേവിയുടെ മുങ്ങൽ വിദഗ്‌ധരെ വീണ്ടും എത്തിക്കണം. ഇതിനായി ഫിഷറീസ്‌ വകുപ്പ്‌ ഇടപെടണം. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഷിബു ബേബിജോൺ സ്ഥലത്ത്‌ കേന്ദ്രീകരിച്ച്‌ തെരച്ചൽ നടപടി ശക്തമാക്കണമെന്നും പരാതി ഉയരുന്പോൾ നീണ്ടകരയിലും പുത്തൻതുറയിലും വന്നുപോയി മുഖംകാണിക്കുന്ന ഫോട്ടോഷൂട്ട്‌ അവസാനിപ്പിക്കണമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സംഭവമുണ്ടായ ഉടനെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള തെരച്ചിൽ നഷ്‌ടപ്പെടുത്തിയ സർക്കാരിന്റെ വീഴ്‌ചയ്ക്കെതിരെ പ്രതിഷേധം തീരമേഖലയിൽ ശക്തമാണ്‌.


തിരച്ചിലിന്‌ മത്സ്യത്തൊഴിലാളികൾ വേണ്ട, 
സർക്കാർ നിലപാട്‌ വിവാദമാകുന്നു

സ്വന്തം ലേഖകൻ

കൊല്ലം

ദുരന്തഘട്ടങ്ങളിൽ കടലിൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്താമെന്ന്‌ പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളുടെ സേവനം ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താൻ ഉപയോഗപ്പെടുത്താതെ ഫിഷറീസ്‌ വകുപ്പ്‌. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഷിബു ബേബിജോണും ഇക്കാര്യത്തിൽ മ‍ൗനംപാലിക്കുകയാണ്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മുൻകൈയെടുത്ത്‌ കൊല്ലത്തെ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളെ ഗോവയിൽ വിട്ട്‌ പരിശീലിപ്പിച്ചത്‌. എന്നാൽ, ഇവരുടെ സേവനം വേണ്ടെന്ന നിലപാടിലാണ്‌ സർക്കാർ. നിരുത്തരവാദപരമായ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്‌. മീൻ പിടിത്തത്തിനിടെ ബോട്ടപകടത്തിൽപ്പെട്ട്‌ കാണാതായ പുത്തൻതുറ സ്വദേശി ഗ‍ൗതം കൃഷ്‌ണയെ 13 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. അപകടം നടന്നയുടനെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യം ഉയർന്നതാണ്‌. ഫിഷറീസ്‌ വകുപ്പും സ്ഥലം എംഎൽഎയും ഇക്കാര്യത്തിൽ രാഷ്‌ട്രീയം കണ്ടു. മുൻ സർക്കാരിന്റെ കാലത്ത്‌ പരിശീലിപ്പിച്ചവരുടെ സേവനം പുതിയ സർക്കാരിന്‌ ആവശ്യമില്ലെന്ന ചിന്താഗതിയാണ്‌ മന്ത്രിമാർക്കുണ്ടായത്‌. ഇത്‌ തിരിച്ചടിയായത്‌ മത്സ്യത്തൊഴിലാളികൾക്കും. മീൻ പിടിത്തത്തിലുള്ള വർഷങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ കടലിന്റെ അടിത്തട്ട്‌ അറിയാവുന്ന മത്സ്യത്തൊഴിലാളികളെ മുൻ സർക്കാർ പരിശീലിപ്പിച്ചത്‌. നീന്തൽ നൈപുണ്യവും പ്രായോഗിക പരിചയവുമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളെ കൂടി തെരച്ചലിന്‌ നിയമിക്കണമെന്നും ഇവരെക്കൂടി എൻഫോഴ്‌സ്‌മെന്റ്‌ ബോട്ടിലും കോസ്‌റ്റൽ പൊലീസ്‌ ബോട്ടിലും കയറ്റിവിടണമെന്നും ഗ‍ൗതം കൃഷ്‌ണന്റെ കുടുംബത്തിന്റെ ആവശ്യം ഇതേവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. കടലിലും പാറക്കെട്ടുകൾക്കിടയിലും ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ പ്രദേശത്തെ ഭൂപ്രകൃതിയും കടലിന്റെ ഗതിയും നന്നായി അറിയാവുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിയും. എന്നാൽ, സർക്കാർ അനുമതിക്ക്‌ കാത്തുനിൽക്കാതെ ഗ‍ൗതമിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ മത്സ്യത്തൊഴിലാളികൾ കടലിൽ സ്വന്തമായി തെരച്ചിൽ നടത്തുന്നുണ്ട്‌. അതിനിടെ പോർട്ട് ഡിപ്പാർട്ട്മെന്റിലെ സീമാന്മാരെയും തെരച്ചലിന്‌ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home