ഇന്ത്യയുടെ ഹൃദയതാളമായൊരു തീവണ്ടി

സുരേഷ് വെട്ടുക്കാട്ട്
Published on Aug 13, 2026, 12:50 AM | 1 min read
കരുനാഗപ്പള്ളി
രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവവികാസങ്ങളിലൂടെ കടന്നുവന്ന തീവണ്ടി അക്ഷരാർഥത്തിൽ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കൂകിപ്പാഞ്ഞ് എത്തി. കരുനാഗപ്പള്ളിയിലെ സാംസ്കാരിക കൂട്ടായ്മ ഗ്രാവിറ്റി കൾച്ചറൽ തിയറ്റര്‍ നേതൃത്വത്തിൽ അരങ്ങേറിയ" കൂ ഹൂ ആൻ ആന്തോളജി ഓൺ റീൽസ്’ എന്ന നാടകത്തിന്റെ വേറിട്ട അവതരണമാണ് ശ്രദ്ധേയമായത്. തീവണ്ടിയുടെ പ്രതീകാത്മക യാത്രയിലൂടെ വർത്തമാനകാല ഇന്ത്യയിലെ മനുഷ്യജീവിതത്തിന്റെ ആശങ്കകളും പ്രതീക്ഷകളും ഒരുപോലെ രേഖപ്പെടുത്തി. തിയറ്റർ രംഗത്തെ വ്യത്യസ്ത പരീക്ഷണം എന്ന നിലയിൽ നടൻ പ്രകാശ് രാജിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ നിർമിച്ച നാടകം സംവിധായകൻ അരുൺ ലാൽ സംവിധാനംചെയ്തത്. പതിനഞ്ചോളം കലാകാരന്മാരുടെ കൂട്ടായ്മയിൽ പാലക്കാട്, ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്ററാണ് നാടകം അവതരിപ്പിക്കുന്നത്. ഇന്ത്യ- പാക് വിഭജനവും തീവണ്ടി യാത്രയിൽ ഗാന്ധി നേരിട്ട ദുരനുഭവങ്ങളും ഗുജറാത്ത് കലാപവും മണിപ്പൂരിലെ കലാപവുമെല്ലാം തീവണ്ടി യാത്രയിലെ വ്യത്യസ്ത കാഴ്ചകളായി വന്നുപോകുന്നു." ട്രങ്ക് പെട്ടികൾ" കൊണ്ട് രൂപപ്പെടുത്തിയ തീവണ്ടി ബോഗികളും അതിൽ നിന്ന് ഉതിർക്കുന്ന താളവും അവസാനംവരെ പ്രേക്ഷകരെ പിടിച്ചിരുത്തും. കർഷകസമരത്തിന്റെ ചരിത്രംപേറുന്ന ‘പൊഡനൂർ’ റെയിൽവേ സ്റ്റേഷൻ, വാഗൺട്രാജഡിക്ക് സാക്ഷിയായ തിരൂർ, പ്രേതഭീതിയിൽ നാൽപ്പത്തിരണ്ട് വർഷം ഉപേക്ഷിക്കക്കപ്പെട്ട ബംഗാളിലെ ‘ബേഗൺകോഡുർ’ തുടങ്ങിയ സ്റ്റേഷനുകളിലൂടെയുള്ള തീവണ്ടിയാത്ര വ്യത്യസ്തമായ കാഴ്ചാനുഭവമായിരുന്നു. നേരത്തെ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന ഇതിഹാസ നാടകത്തിന്റെ അവതരണത്തിലൂടെയും ഗ്രാവിറ്റി കൾച്ചറൽ തിയറ്റർ ശ്രദ്ധ നേടിയിരുന്നു. നാടകാസ്വാദന സംസ്കാരത്തെ നവീകരിക്കുകയും മറ്റൊരു തലത്തിലേക്ക് ഉയർത്തുകയും ചെയ്യാനുള്ള ഇടപെടലാണ് ‘ഗ്രാവിറ്റി’ നടത്തുന്നതെന്നും ഇത് തുടരുമെന്ന് ഗ്രാവിറ്റി ഭാരവാഹികളായ ബി കൃഷ്ണകുമാർ, വി വിമൽറോയ് എന്നിവർ പറഞ്ഞു.









0 comments