ad
Deshabhimani

ആറുവരിപ്പാത നിർമാണം

കായൽ മണ്ണെടുക്കുന്നത്‌ മന്ത്രിമാർ ഇടപെട്ട്‌ നിർത്തിവയ്‌പ്പിച്ചു

കരുനാഗപ്പള്ളി എലിവേറ്റഡ് പാതനിര്‍മാണം നിലച്ചപ്പോള്‍

കരുനാഗപ്പള്ളി എലിവേറ്റഡ് പാതനിര്‍മാണം നിലച്ചപ്പോള്‍

avatar
..സ്വന്തം ലേഖകൻ ..

Published on Aug 13, 2026, 12:56 AM | 1 min read

കൊല്ലം

ദേശീയപാത നിർമാണത്തിന്‌ കായൽ മണ്ണെടുക്കുന്നത്‌ ആലപ്പുഴ എംപിയും കായംകുളം, ചവറ എംഎൽഎമാരായ മന്ത്രിമാരും ഇടപെട്ട്‌ നിർത്തിവയ്‌പ്പിച്ചതായി ആക്ഷേപം. കായംകുളം കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപാസ്‌ (കാവനാട്‌ ആൽത്തറമൂട്‌)വരെയുള്ള റീച്ചിലെ ഉയരപാത നിർമാണത്തിനു കായംകുളം ദേവികുളത്തുനിന്ന് നീണ്ടകരയിൽ ഒരു എക്‌സ്‌പോർട്ട്‌ കന്പനിക്ക്‌ സമീപത്തുനിന്ന്‌ അഷ്‌ടമുടി കായലിൽനിന്ന് മണ്ണ്‌ ഡ്രഡ്‌ജിങ് നടത്തിയെടുക്കുന്നതാണ്‌ മന്ത്രിമാർ തടഞ്ഞത്‌. മണ്ണെടുക്കാൻ വലിയ വണ്ടികൾ വന്നുപോകുന്നത്‌ എക്‌സ്‌പോർട്ട്‌ കന്പനിയെ ബാധിക്കുന്നു എന്നാണ്‌ കൊല്ലത്തെ മന്ത്രിയുടെ വാദം. അതിനിടെ മന്ത്രിയുടെ വകയാണ്‌ എക്‌സ്‌പോർട്ട്‌ കന്പനിയെന്നാണ്‌ സൂചന. അതിനിടെ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായുള്ള നിർമാണം കൊറ്റുകുളങ്ങര –കൊല്ലം ബൈപാസ്‌ റീച്ചിൽ നിലച്ചു. മണ്ണ്‌ കിട്ടാനില്ലാത്തതിനു പുറമെ കരാറുകാരായ വിശ്വസമുദ്ര കന്പനിയുടെ സാന്പത്തിക പ്രതിസന്ധിയും തമിഴ്‌നാട്ടിൽനിന്ന് ക്വാറി ഉൽപ്പന്നങ്ങൾ എത്താത്തതും നിർമാണം നിലയ്‌ക്കാൻ കാരണമായി. ടാർ കിട്ടാനില്ലാത്തത്‌ മെയിൻ, സർവീസ്‌ റോഡുകളുടെ ടാറിങിനെ പൂർണമായും ബാധിച്ചു. വിഷയത്തിൽ ജില്ലാ ഭരണകേന്ദ്രവും ശക്തമായ നടപടിക്ക്‌ തയ്യാറായിട്ടില്ല. പരവൂർ കായലിൽനിന്ന് മണ്ണ്‌ ഡ്രഡ്‌ജിങ് നടത്തിയെടുക്കാനുള്ള വിശ്വസമുദ്ര കന്പനിയുടെ അപേക്ഷയിലും നടപടിയുണ്ടായില്ല. കായംകുളം, ഓച്ചിറ, ഇടപ്പള്ളിക്കോട്ട എന്നിവിടങ്ങളിൽ മണ്ണിട്ട്‌ നിറയ്‌ക്കുന്ന ഉയരപാതയ്‌ക്ക്‌ പകരം എലിവേറ്റഡ്‌ പാത വേണമെന്ന നാട്ടുകരുടെ ആവശ്യത്തിൽ എൻഎച്ച്‌എഐയുടെ നടപടി വൈകുന്നതും നിർമാണത്തെ ബാധിച്ചു. ക്വാറി ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനുപുറത്ത് വിൽക്കുന്നത് നിരോധിച്ച്‌ തമിഴ്‌നാട്‌ സർക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഉത്തരവ്‌ ലംഘിച്ച്‌ ക്വാറി ഉൽപ്പന്നങ്ങളുമായി കേരളത്തിലേക്ക്‌ വരുന്ന ലോറികൾ തമിഴ്‌നാട്ടിലെ ചെക്ക്‌ പോസ്റ്റുകളിൽ പൊലീസ്‌ തടയുകയാണ്‌. ഇതിനെതിരെ ഇടപെടൽ നടത്താൻ കേരള സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. തമിഴ്‌നാട്ടിൽനിന്ന് പാറ, മെറ്റൽ, എം സാൻഡ്‌, ജിഎസ്‌പി എന്നിവ ധാരാളമായി ദേശീയപാത നിർമാണത്തിന്‌ കൊണ്ടുവന്നിരുന്നു. അതിനിടെ കരുനാഗപ്പള്ളിയിൽ ഉൾപ്പെടെ മേൽപ്പാലം നിർമാണവും വൈകുകയാണ്‌. കന്നേറ്റിയിലും ചവറയിലും പാലം നിർമാണം ഏതാണ്ട്‌ നിലച്ചു. നീണ്ടകരിയിൽ പാലം നിർമാണം പൂർത്തീകരിക്കാൻ ഇനിയും സമയമെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home