ഡിവൈഎഫ്ഐ പൊതുയോഗത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആർഎസ്എസുകാരൻ

കൂറ്റനാട്
ഡിവൈഎഫ്ഐ തിരുമിറ്റക്കോട് പഞ്ചായത്ത് കാൽനട ജാഥയുടെ സമാപന പൊതുയോഗത്തിലേക്ക് ആർഎസ്എസുകാരൻ കാർ ഇടിച്ചുകയറ്റി. ദേശമംഗലം തലശേരി സ്വദേശി പ്രദീപ് (കണ്ണൻ) ആണ് വാഹനം ഇടിച്ചുകയറ്റിയത്. ജാഥയുടെ സമാപന പൊതുയോഗം ഞായർ വൈകിട്ട് ആറങ്ങോട്ടുകര സെന്ററിൽ നടക്കുമ്പോൾ പ്രസംഗംകേട്ട് പ്രകോപിതനായ പ്രദീപ് വേദിയിലെത്തി പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ, പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചു. തൊട്ടടുത്തുള്ള ബാറിലെത്തി മദ്യപിച്ച് തിരിച്ചുവരുമ്പോഴാണ് കാർ പൊതുയോഗത്തിലേക്ക് ഓടിച്ചുകയറ്റിയത്. നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ഇയാളെ ചാലിശേരി പൊലീസിൽ ഏൽപ്പിച്ചു. കാർ വേദിയുടെ അടുത്തുവച്ച് ഓഫായതിനാലാണ് അപകടം ഒഴിവായത്.
ആർഎസ്‌എസ് ആക്രമണത്തെ ശക്തമായി നേരിടും: ഡിവൈഎഫ്‌ഐ
പാലക്കാട്
ജനാധിപത്യ സംഘടനാ പ്രവർത്തനങ്ങൾക്കുനേരെ ആർഎസ്‌എസ് നടത്തിയ ആക്രമണത്തെ ശക്തമായി നേരിടുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്. തിരുമിറ്റക്കോട് പഞ്ചായത്ത് കാൽനട പ്രചാരണ ജാഥയിലേക്ക് വാഹനമിടിച്ചുകയറ്റിയ ആർഎസ്‌എസുകാരനെ ഡിവൈഎഫ്‌ഐ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പൊലീസിൽ ഏൽപ്പിച്ചത്. രാജ്യത്താകെ ആർഎസ്‌എസ് നടത്തുന്ന വർഗീയ പ്രചാരണങ്ങളെ തുറന്നുകാട്ടി ‘ഞങ്ങൾക്ക് വേണം തൊഴിൽ, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' മുദ്രാവാക്യം ഉയർത്തി നടക്കുന്ന പ്രചാരണത്തിൽ വിറളിപിടിച്ചാണ് ആർഎസ്‌എസ് ആക്രമണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.











0 comments