7 മാസം; പൊലിഞ്ഞത് 111 ജീവൻ

സ്വന്തം ലേഖകൻ
Published on Jul 31, 2026, 12:42 AM | 1 min read
പാലക്കാട്
കഴിഞ്ഞ ഏഴ് മാസത്തിനിടെ ജില്ലയിൽ വിവിധ വാഹനാപകടങ്ങളിൽ മരിച്ചത് 111 പേർ. ദേശീയ, സംസ്ഥാന പാതകളിൽ നടന്ന 1,135 അപകടങ്ങളിൽനിന്നുള്ള കണക്കാണിത്. 1310 പേർക്ക് ഗുരുതര പരിക്കേറ്റു. 2021 മുതൽ 2025 വരെ 13,537 അപകടങ്ങളിലായി 1593 പേരാണ് മരിച്ചത്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചവരാണ് മരണപ്പെട്ടവരിലേറെയും. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് മിക്ക അപകടങ്ങൾക്കും കാരണം. ഹെൽമെറ്റില്ലാത്തതും ശരിയായ രീതിയിൽ ഹെൽമെറ്റ് ധരിക്കാത്തതും പരിക്കുകൾ കൂടുതൽ സങ്കീർണമാക്കുന്നു. കാർ അപകടങ്ങളിലും അമിതവേഗം കാരണമാകുന്നുണ്ട്. വലിയ വാഹനങ്ങൾ വന്നിടിച്ച കേസുകളും നിരവധി. റോഡരികിലെ കാൽനടയാത്രക്കാരെ നിയന്ത്രണംതെറ്റി ഇടിച്ചുവീഴ്‌ത്തിയ സംഭവങ്ങളുമുണ്ട്. മഴക്കാലം ആരംഭിച്ചശേഷം അപകടങ്ങൾ പെരുകുന്നത് ആശങ്ക വർധിപ്പിക്കുന്നു. താരതമ്യേന അപകടസാധ്യത കൂടുതലുള്ള മഴക്കാലത്ത് ഒരു നിയന്ത്രണവുമില്ലാതെ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് വാഹനങ്ങൾ പോകുന്നത്. അമിതവേഗംതന്നെയാണ് പ്രധാന വെല്ലുവിളി. വാഹനങ്ങളിൽനിന്ന് താഴെ വീഴുന്ന എണ്ണത്തുള്ളികള്‍ റോഡിൽ വഴുക്കലുണ്ടാക്കും. വേഗത്തിൽ സഞ്ചരിക്കുന്നതും സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് അമർത്തുന്നതും അപകടമുണ്ടാക്കുന്നു. ടയറിന്റെ നിലവാരം പരിശോധിക്കാത്തതും അപകടം വിളിച്ചുവരുത്തുന്നു. പണം ലാഭിക്കാന്‍ തേയ്‌മാനമുള്ള ടയര്‍ പരമാവധി ഉപയോഗിക്കാമെന്നാണ് ചിന്ത. ഇത് ഗ്രിപ്പ് കുറയ്‌ക്കുകയും വാഹനങ്ങൾ തെന്നിമാറുന്നതിനും കാരണമാകുന്നുണ്ട്.










0 comments