ad
Deshabhimani

മുടങ്ങുന്നു റോഡ്‌ പണിയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പ്രത്യേക ലേഖകൻ

Published on Mar 14, 2026, 12:23 AM | 1 min read

പാലക്കാട്

അമേരിക്കയും ഇസ്രയേലും ചേർന്ന്‌ ഇറാനെതിരെ തുടങ്ങിയ യുദ്ധം കേരളത്തിൽ റോഡ്‌ പണിയേയും പ്രതിസന്ധിയിലാക്കി. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്‌ ക്ഷാമം നേരിട്ടതോടെ റോഡിൽ ഉപയോഗിക്കുന്ന ബിറ്റുമിൻ (ടാർ) ഒരുടണ്ണിന്‌ ഒറ്റയടിക്ക്‌ 75,000 രൂപ വർധിച്ചു. ഓയിൽ കന്പനികളാണ്‌ ഇത്തരത്തിൽ ഗണ്യമായി വിലകൂട്ടിയത്‌. ഇതോടെ റോഡ്‌ പണി കരാർ എടുത്ത ചെറുകിട കരാറുകാർ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലായി. ഫെബ്രുവരി 17-ലെ ഇൻവോയ്‌സ് പ്രകാരം ബിറ്റുമിൻ (വി ജി -30), എമൽഷൻ എന്നിവയുൾപ്പെടെയുള്ള ആകെ തുക 7,30,180 രൂപയായിരുന്നിടത്ത്, മാർച്ച് ഒന്പതിന്‌ 8,04,959 രൂപയായി ഉയർന്നു. സിഡ്‌കോ മുഖേനയുള്ള പ്രൊഫോർമ ഇൻവോയ്‌സുകളിലാണ്‌ പുതിയ വില രേഖപ്പെടുത്തിയിരിക്കുന്നത്. ഐഒസി, ബിപിസിഎൽ എന്നിവയാണ്‌ പ്രധാനമായും ബിറ്റുമിൻ വിതരണം ചെയ്യുന്നത്‌. പണം മുൻകൂറായി അടച്ചാൽ പോലും ബിറ്റുമിൻ എപ്പോൾ ലഭിക്കുമെന്ന്‌ അധികൃതർ ഉറപ്പുനൽകുന്നില്ല. ഏറ്റെടുത്ത ജോലികൾ മാർച്ച് 25-നകം പൂർത്തിയാക്കണമെന്ന് പഞ്ചായത്ത് അധികൃതർ കർശന നിർദേശം നൽകി. എന്നാൽ ബിറ്റുമിൻ ലഭിക്കാതെ ടാറിങ്‌ ജോലികൾ പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കരാറുകാർ. എസ്‌റ്റിമേറ്റിൽ രേഖപ്പെടുത്തിയ തുകയിൽനിന്നും അധിക തുക ചെലവഴിക്കേണ്ടിവരുന്നത്‌ വലിയ സാന്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന്‌ മാത്രമല്ല, നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കരാറുകാർ കരിന്പട്ടികയിൽപ്പെടുകയും ചെയ്യും. സാന്പത്തിക വർഷം അവാസാനിക്കുന്ന ഘട്ടത്തിൽ കരാറുകാർ വലിയ സമ്മർദത്തിലുമാണ്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചാൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ തുക ലഭിക്കാൻ സാങ്കേതിക പ്രശ്‌നവുമുണ്ടാകും. മാർച്ചിന്‌ മുമ്പ്‌ റോഡ്‌ പണി പൂർത്തിയാക്കണമെന്ന നിർദേശത്തിൽ ഇളവ്‌ അനുവദിക്കണമെന്നും യുദ്ധം അവസാനിക്കുന്നതുവരെ സമയപരിധി വേണമെന്നും കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡന്റ് എം ശ്രീധരൻ, സെക്രട്ടറി ഡി ഗോപിദാസൻ, ട്രഷറർ എ സുരേഷ് എന്നിവർ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ റോഡ് പണി നിർത്തിവച്ച് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ കരാറുകാർ നിർബന്ധിതരാകുമെന്നും ഫെഡറേഷൻ ഭാരവാഹികൾ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home