ad
Deshabhimani

പഞ്ചസാരയ്‌ക്ക്‌ 
63 രൂപ

മധുരമില്ലാ കാലം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 21, 2026, 12:00 AM | 1 min read

പാലക്കാട്‌

ഓണപ്പായസത്തിന്റെ മധുരം കുറയും. ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ്‌ പഞ്ചസാരയ്‌ക്കും ശർക്കരയ്‌ക്കും. ഒരു കിലോ പഞ്ചസാരയ്‌ക്ക്‌ ചില്ലറവിപണിയിൽ നിലവിൽ 62–63 രൂപയാണ്‌. ഗ്രാമങ്ങളിലെ ചെറിയ കടകളിൽ 65 രൂപവരെ ഇ‍ൗടാക്കുന്നുണ്ട്‌. സപ്ലൈകോയുടെ പീപ്പിൾസ്‌ സ്‌റ്റോറുകളിൽ സബ്‌സിഡിയില്ലാത്ത പഞ്ചസാരയ്‌ക്ക്‌ 51 രൂപയാണ്‌. ഒന്നരമാസത്തിനിടെ ഒരു കിലോ പഞ്ചസാരയ്‌ക്ക്‌ കൂടിയത്‌ 20 രൂപയിലധികമാണ്‌. ഇ‍ൗ മാസം മാത്രം പത്തിലധികം രൂപയാണ്‌ വർധിച്ചത്‌. ജൂലൈ മാസത്തിന്റെ തുടക്കത്തിൽ ചില്ലറവിപണിയിൽ കിലോയ്‌ക്ക്‌ 43 രൂപയായിരുന്നു. ജൂലൈ പകുതിയോടെ 46 ആയി. കഴിഞ്ഞമാസം അവസാനം 52–54 രൂപയായി കൂടി. പത്തുവർഷത്തിനിടെ പത്ത്‌ രൂപയിൽ താഴെയാണ്‌ പഞ്ചസാരയ്‌ക്ക്‌ വർധിച്ചിരുന്നത്‌. ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ മാത്രം 20 രൂപയുടെ വർധനയാണ്‌ ഉണ്ടായത്‌. 2016ൽ ശരാശരി 36 രൂപയും 2017ൽ 37ഉം 2023ൽ 42 രൂപയുമായിരുന്നു കേരളത്തിലെ ചില്ലറവിപണിയിൽ പഞ്ചസാരവില. ഇ-–20 പെട്രോളിനാവശ്യമായ എഥനോൾ നിർമാണത്തിന് കരിമ്പ് കൂടുതൽ ഉപയോഗിച്ചുതുടങ്ങിയതോടെ പഞ്ചസാര ഉൽപ്പാദനത്തിൽ വന്ന കുറവാണ് വിലക്കയറ്റത്തിന്‌ കാരണം. പഞ്ചസാര ഉൽപ്പാദനത്തെ അപേക്ഷിച്ച് കരിമ്പിൽനിന്ന് നേരിട്ട് എഥനോൾ ഉൽപ്പാദിപ്പിക്കുന്നതാണ്‌ പഞ്ചസാരമില്ലുകൾക്ക് കൂടുതൽ ലാഭം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളും വരൾച്ചയും ഉൽപ്പാദനത്തെ ബാധിച്ചു. കേരളത്തിലേക്ക് ആവശ്യമായ പഞ്ചസാരയുടെ നല്ലൊരു ശതമാനവും എത്തിക്കുന്നത് മഹാരാഷ്ട്രയിൽനിന്നാണ്. പഞ്ചസാരയ്‌ക്കൊപ്പം ശർക്കരവിലയും ഉയരുന്നുണ്ട്‌. കിലോയ്‌ക്ക്‌ അറുപതിനുമുകളിലാണ്‌ മൊത്തവിപണിയിലെ വില. ജൂലൈയിൽ 45 രൂപയായിരുന്നു വില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home