ad
Deshabhimani

ഡിയു തെരഞ്ഞെടുപ്പിൽ മികച്ച തുടക്കവുമായി എസ്എഫ്ഐ; ജാനകി ദേവി കോളേജിൽ റഖീബ ത്രന്നം ജനറൽ സെക്രട്ടറി

Raqiba Trannum sfi

ജാനകി ദേവി മെമ്മോറിയൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐയുടെ റഖീബ ത്രന്നം

വെബ് ഡെസ്ക്

Published on Aug 24, 2026, 06:13 PM | 1 min read

ന്യൂഡൽഹി : ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള വിവിധ കോളേജുകളിലേക്കുള്ള യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച തുടക്കവുമായി എസ്എഫ്ഐ. ജാനകി ദേവി മെമ്മോറിയൽ കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ റഖീബ ത്രന്നം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹി യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐയുടെ വർധിച്ചുവരുന്ന സ്വാധീനത്തെയാണ് വിജയം അടയാളപ്പെടുത്തുന്നതെന്ന് എസ്എഫ്ഐ ഡൽഹി വ്യക്തമാക്കി. വരാനിരിക്കുന്ന ഡിയുഎസ്‌യു തിരഞ്ഞെടുപ്പുകൾക്കുള്ള പ്രചാരണം ശക്തമായി നിൽക്കുന്ന ഘട്ടത്തിലാണ് പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് റഖീബയുടെ വിജയം.

ഫീസ് വർധന, അപര്യാപ്തമായ ഹോസ്റ്റൽ സൗകര്യങ്ങൾ, ചെലവേറിയ താമസവും ഭക്ഷണവും, ഗതാഗത സൗകര്യങ്ങളുടെ അഭാവം, മെട്രോ യാത്രയിൽ ഇളവ് ഇല്ലാത്തത് എന്നിവയാണ് ഡൽഹി സർവകലാശാലയിലുടനീളമുള്ള വിദ്യാർഥികൾ വ്യാപകമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്ന് എസ്എഫ്ഐ വ്യക്തമാക്കി.


പൊതുഗതാഗതം വിദ്യാർഥി സൗഹൃദമാക്കണമെന്നും ഡൽഹി മെട്രോയിൽ വിദ്യാർഥികൾക്ക് കൺസെഷൻ നൽകണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. ഹോസ്റ്റലുകളുടെ ക്ഷാമവും ഉയർന്ന ചെലവും വിദ്യാർഥികളിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന് തമാസിക്കുന്നവരിൽ വലിയ ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആവർത്തിച്ചുള്ള ഫീസ് വർധനവും വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണവും സാധാരണ കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് സർവകലാശാലാ പഠനം കൂടുതൽ പ്രയാസകരമാക്കുന്നു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, സ്കോളർഷിപ്പുകൾ, കുറഞ്ഞ നിരക്കിലുള്ള കാന്റീനുകൾ, സുതാര്യമായ പരീക്ഷ നടത്തിപ്പ്, ജനാധിപത്യപരമായ വിദ്യാർഥി പ്രാതിനിധ്യം എന്നിവയും എസ്‌എഫ്‌ഐ ഉന്നയിക്കുന്നു.


സ്ത്രീകളുടെയും ക്വിയർ വിദ്യാർഥികളുടെയും സുരക്ഷയും അവകാശങ്ങളും തുടർന്നും ഉയർത്തുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. സുരക്ഷിതമായ കാമ്പസുകൾ, മതിയായ ഹോസ്റ്റൽ സൗകര്യങ്ങൾ, ലൈംഗിക പീഡന പരാതികൾക്കെതിരെ ഫലപ്രദമായ സംവിധാനങ്ങൾ, ജൻഡർ-ന്യൂട്രൽ ശുചിമുറികൾ, വിവേചനമില്ലാത്ത അന്തരീക്ഷം എന്നിവ ഉറപ്പാക്കണം.


സർവകലാശാലയ്ക്ക് കീഴിലുള്ള പത്തോളം കോളേജുകളിൽ എസ്എഫ്ഐ മത്സരരം​ഗത്തുണ്ട്. വിദ്യാർഥികൾ എസ്എഫ്ഐയിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് റഖീബയുടെ വിജയം. ഡിയു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ വിജയം കരുത്താകുമെന്നും വിദ്യാർഥിസൗഹൃദ പഠനാന്തരീക്ഷത്തിനായി പോരാട്ടം തുടരുമെന്നും എസ്‌എഫ്‌ഐ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home