ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല
പുതുക്കിയ പദ്ധതിരേഖ ഉടൻ

നിധിൻ ഈപ്പൻ
Published on Apr 22, 2025, 02:00 AM | 1 min read
പാലക്കാട്
-കോഴിക്കോട് –-പാലക്കാട് ഗ്രീൻഫീൽഡ് പാതയുടെ പുതുക്കിയ പദ്ധതി രൂപരേഖ ഉടൻ സമർപ്പിക്കും. ഇതിന് അംഗീകാരം ലഭിച്ചാൽ നിർമാണം ആരംഭിക്കും. കാൽനട യാത്ര പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ കൂടി ഒഴിവാക്കിയുള്ള രൂപരേഖ നൽകാനാണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യ രൂപരേഖയിൽ വിവിധയിടങ്ങളിൽ റോഡുകൾ കൂടിച്ചേരുന്നുണ്ട്. പുതിയതിൽ പാതകൾ ചേരുന്നത് കുറവാണ്. ഇത് അംഗീകരിക്കുന്നതോടെ നാല്ചക്ര, ഹെവി വാഹനങ്ങൾക്കുമാത്രമാകും പ്രവേശനം. പരമാവധി വേഗം ൧൦൦ കിലോമീറ്ററാക്കി നിജപ്പെടുത്തി. പദ്ധതിക്ക് അനുവദിച്ച തുകയിലും ആനുപാതിക മാറ്റം വരുത്താൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ആദ്യം അനുവദിച്ച ൧൦,൮൧൮ കോടിയിൽ ൪൦൦൦ കോടി രൂപ ഭൂമി ഏറ്റെടുക്കാനും ൬൮൧൮ കോടി രൂപ നിർമാണങ്ങൾക്കുമാണ്. വനം–-വന്യജീവി സൗഹൃദമായാണ് പാതയൊരുങ്ങുക. ആകെ ഏറ്റെടുക്കേണ്ടത് ൧,൩൨൦ ഏക്കർ ഭൂമിയാണ്. അതിൽ ൩൩൦ ഏക്കർ കാടിനോട് ചേർന്നുള്ളതാണ്. മണ്ണാർക്കാട് മേഖലയിൽ മൃഗങ്ങൾക്ക് മാത്രമായി അടിപ്പാത ഒരുക്കും. വന്യജീവികളുടെ സുരക്ഷയ്‌ക്കായി മന്ത്രാലയം നിർദേശിച്ച നിർമാണങ്ങൾകൂടി ഉൾപ്പെടുത്തുമെന്ന് പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ പറഞ്ഞു.









0 comments