എക്സ്പ്രസ് ട്രെയിനുകളുടെ നിയന്ത്രണം പിൻവലിക്കണം: കെ രാധാകൃഷ്ണൻ എംപി

പാലക്കാട്
യാത്രക്കാരെ ദുരിതത്തിലാക്കി പ്രധാന എക്സ്പ്രസ് ട്രെയിനുകൾ പാലക്കാട് ടൗൺ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്നതും നീട്ടുന്നതിനുമെതിരെ കെ രാധാകൃഷ്ണൻ എംപി ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർക്കും കത്ത് നൽകി. 16731/16732, 22651/22652 എന്നീ ട്രെയിനുകളുടെ സർവീസ് അടിയന്തരമായി പാലക്കാട് ജങ്‌ഷൻവരെ പുനഃസ്ഥാപിക്കണമെന്നും ഷൊർണൂരിലെ അനാവശ്യ പിടിച്ചിടൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പാലക്കാട് ടൗൺ സ്റ്റേഷനിലെ യാർഡ് റീമോഡലിങ് അടക്കമുള്ള പണികളുടെ പേരിൽ ഒക്ടോബർ 15 മുതൽ 29 വരെയാണ് ട്രെയിനുകൾക്ക് ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്. പണി പൂർത്തിയായിട്ടും 25, 26 തീയതിവരെ നിയന്ത്രണം തുടരുകയാണ്. ചെന്നൈ –എക്സ്പ്രസ് (രണ്ട് ട്രെയിനുകൾ) 13 മുതൽ 24 വരെയും തിരുച്ചെന്തൂർ എക്സ്പ്രസ് (രണ്ട് ട്രെയിനുകൾ) 14 മുതൽ മുതൽ 26 വരെയും പാലക്കാട് ടൗണിനും പാലക്കാട് ജങ്‌ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ ഭാഗങ്ങളിൽനിന്ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ പുലർച്ചെ 5.50ന് പാലക്കാട് ജങ്‌ഷനിലെത്തുന്ന യാത്രക്കാർക്ക് പഴനി, മധുര, ഏർവാടി, രാമേശ്വരം എന്നിവിടങ്ങളിലേക്കുള്ള ട്രെയിനും തിരിച്ച് രാത്രി 9.30ന് എത്തുന്ന ട്രെയിനിൽനിന്ന് 10.50നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലേക്കുള്ള കണക്ഷനും തടസ്സപ്പെട്ടു. ചെന്നൈ, പഴനി ഭാഗങ്ങളിൽനിന്ന് രാവിലെ ഒമ്പതിന് എത്തുന്ന യാത്രക്കാർക്ക് തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള 13351 –ാം നമ്പർ ട്രെയിനും മലബാർ ഭാഗത്തേക്കുള്ള 16323–ാം നമ്പർ ട്രെയിനും ലഭിക്കാത്തതിനാൽ റോഡ് മാർഗം യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ട്രെയിനുകൾ റദ്ദാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമ്പോൾ ഒരാഴ്ച മുമ്പെങ്കിലും അറിയിക്കണമെന്ന നിർദേശമാണ് ലംഘിക്കുന്നത്. 13ന് പുറത്തിറക്കിയ നിയന്ത്രണ സർക്കുലർ അന്ന് മുതൽതന്നെ നടപ്പാക്കിയതോടെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ പെരുവഴിയിലായി. മംഗളൂരു– ചെന്നൈ എഗ്മോർ എക്സ്പ്രസ് ഷൊർണൂർ ജങ്‌ഷനിൽ ദിവസവും ഒരു മണിക്കൂറിലേറെ പിടിച്ചിടുന്നതും എം പി ശ്രദ്ധയിൽപ്പെടുത്തി. പട്ടാമ്പിയിൽ കൃത്യസമയം എത്തുന്ന ഈ ട്രെയിൻ, രപ്തിസാഗർ എക്സ്പ്രസിനും ശബരി എക്സ്പ്രസിനും കടന്നുപോകാൻ ഷൊർണൂരിൽ പിടിച്ചിടുന്നതിനാൽ മലബാർ മേഖലയിലെ യാത്രക്കാർക്ക് പാലക്കാട്ടുനിന്ന് ഹൈദരാബാദ്, വിജയവാഡ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര കണക്ഷൻ ട്രെയിനുകൾ നഷ്ടപ്പെടുന്നു. പാലക്കാട് ജങ്‌ഷനിലെ പ്ലാറ്റ്‌ഫോം വിനിയോഗം, യാർഡ് പ്രവർത്തനങ്ങൾ, ട്രെയിനുകൾക്ക് മുൻഗണന നൽകുന്ന രീതി എന്നിവയിൽ സമഗ്ര പരിശോധന നടത്തണമെന്നും യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ ജനറൽ മാനേജർ നേരിട്ട് ഇടപെടണമെന്നും കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.








0 comments