റെഗുലേറ്റര്‍ കം ബ്രിഡ്ജുകൾ യാഥാർഥ്യത്തിലേക്ക്
പുഴ നിറയും; ദൂരം കുറയും

അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് അന്തിമഘട്ടത്തില്‍
സ്വന്തം ലേഖകൻ
കൂറ്റനാട് പാലക്കാട്– മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയില്‍ നിർമിക്കുന്ന കുമ്പിടി കാങ്കക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് അന്തിമഘട്ടത്തില്‍. വില നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ നവംബറോടെ സ്ഥലം ഏറ്റെടുത്ത് 2026 ഫെബ്രുവരിയോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി പൂര്‍ത്തിയായി. അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ ദേശീയപാതയില്‍നിന്ന് തൃത്താല ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 102 കോടി വിനിയോഗിച്ചാണ് നിര്‍മാണം പ്രാവര്‍ത്തികമാക്കുന്നത്. ഗതാഗതത്തിന് പുറമേ പാലക്കാട്, മലപ്പുറം ജില്ലകളിലെ കാര്‍ഷികമേഖലയ്ക്കും വലിയൊരു മുതല്‍ക്കൂട്ടാകാന്‍ പദ്ധതിക്ക് കഴിയും. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ഇരുമ്പിളിയം പഞ്ചായത്തുകളിലെയും ജില്ലയിലെ തിരുവേഗപ്പുറ, ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളിലെയും കൃഷിക്കും കുടിവെള്ളത്തിനും പദ്ധതി ഗുണകരമാകും. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. 418 മീറ്റര്‍ നീളം വരുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 11 മീറ്റര്‍ വീതിയാണുള്ളത്. പാലത്തിന്റെ മുകളില്‍ ഇരുഭാഗത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഒരുക്കിയിട്ടുണ്ട്.











0 comments