രവിശങ്കർ എൻ അന്തരിച്ചു

രവിശങ്കർ എൻ
പാലക്കാട്
എഴുത്തുകാരൻ ചിറ്റൂർ കടമ്പിടി സബർമതിയിൽ രവിശങ്കർ എൻ (71) അന്തരിച്ചു. സംസ്‌കാരം തിങ്കൾ രാവിലെ 10ന് ചിറ്റൂർ നഗരസഭാ ശ്‌മശാനത്തിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായർ പുലർച്ചെയായിരുന്നു അന്ത്യം. കവി, പരിഭാഷകൻ, നിരൂപകൻ, നാടകകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. റാഷ് എന്ന തൂലികാനാമത്തിലാണ് എഴുതിയത്. ആർക്കിടെക്ചർ ഓഫ് ഫ്ലഷ്, ദ ബുള്ളറ്റ് ട്രെയിൻ ആൻഡ് അദർ ലോഡഡ് പോയംസ്, കിന്റ്‌സുഗി ബൈ ഹാദ്‌നി, ബുദ്ധ ആൻഡ് ബിരിയാണി തുടങ്ങിയ ഇംഗ്ലീഷ് കവിതാ സമാഹാരങ്ങൾ പുറത്തിറക്കി. മാധ്യമപ്രവർത്തകയും ഡോക്യുമെന്ററി നിർമാതാവുമായ ഋതംബര ഭട്ടാചാര്യക്കൊപ്പം ‘ഇൻ ദ മിറർ, ഒൗവർ ഗ്രേവ്സ്’ എന്ന ലഘുഗ്രന്ഥം എഴുതി. ഇത് മലയാളത്തിലും ബംഗാളിയിലും പ്രസിദ്ധീകരിച്ചു. നൂറ്റൊന്ന് മലയാള കവികളുടെ കവിതകൾ അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ‘ഹൗ ടു ട്രാൻസിലേറ്റ് ആൻ എർത്ത്‌വേം’ എന്ന സമാഹാരത്തിൽ പ്രസിദ്ധീകരിച്ചു. ‘ദില്ലി കാ കലാകാർ ആദ്മി’ 1980കൾമുതൽ ഡൽഹിയിൽ ജോലി ചെയ്തിരുന്ന കാലത്തുള്ള ഓർമക്കുറിപ്പുകളാണ്. ബ്ലൈൻഡ്‌മെൻ റൈറ്റ്സ് എന്ന നാടകവും എഴുതി. കേന്ദ്ര സർക്കാരിന്റെ ഊർജ വകുപ്പിൽ ഡസ്‌ക് ഓഫീസർ തസ്തികയിൽനിന്ന് സ്വയം വിരമിച്ചു. ഭാര്യ: ഗീതകുമാരി. മകൾ: അവർണ. മരുമകൻ: ശ്രീകുമാർ.
നിശബ്‌ദതയുടെ എഴുത്തുകാരൻ
വി കെ രഘുപ്രസാദ്
ചിറ്റൂർ
അത്തിക്കോട് എന്ന നാട്ടിൻപുറത്ത് ജനിച്ച രവിശങ്കറിൽ വലിയൊരു എഴുത്തുകാരനും കലാകാരനുമുള്ളത് അധികമാരും അറിഞ്ഞിരുന്നില്ല. എന്നാൽ ഭാഷാസംഗമ ഭൂമിയുടെ മണ്ണിൽനിന്ന് പകർന്നുകിട്ടിയ സർഗാത്മകത അദ്ദേഹത്തിന്റെ ഉള്ളിൽ ഉറച്ചിരുന്നു. കേന്ദ്ര സർവീസിൽ ജോലിയിൽ പ്രവേശിച്ച് ഡൽഹിയിൽ എത്തിയപ്പോഴാണ് അത് അരങ്ങിലും അക്ഷരത്തിലുമായി ഉയിർത്തത്. ഒ വി വിജയൻ, എം മുകുന്ദൻ, ആനന്ദ്, എ അയ്യപ്പൻ എന്നിവരുമായുള്ള സൗഹൃദം കൂടുതൽ കരുത്തായി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ അഗാധജ്ഞാനം കൈമുതലായി. മദർ ഫോറസ്റ്റ്, വാക്കിങ് ഇൻ അനദർ ഡ്രീം എന്നീ ശ്രീലങ്കൻ തമിഴ് കവിതകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. മീന കന്തസാമി, ബാമ എന്നിവരുടെ തമിഴ് കവിതകൾ നോവലുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പൗലോ ഫ്രെയറിന്റെ പെഡഗോജി ഓഫ് ദി ഒപ്രസ്‌ഡ് "മർദിതരുടെ ബോധനശാസ്‌ത്രം' എന്ന പേരിൽ മലയാളത്തിലാക്കി. ദാരിയോഫോയുടെ ആൻ ആക്‌സിഡന്റ് ഡത്ത് ഓഫ് ആൻ അനാർക്കിസ്റ്റ് എന്ന നാടകം ഒരു അരാജകവാദിയുടെ അപകട മരണം എന്നപേരിൽ മലയാളത്തിലാക്കി അഭിനയിച്ചു. തമിഴ് കവി ലീന മണിമേഖലയുടെ നൂറിലധികം കവിതകൾ "കൂത്തിച്ചികളുടെ റാണി', "ചിച്ചിലി' എന്നീ സമാഹാരങ്ങളായി മലയാളത്തിലും നാൽപ്പതോളം ദേശീയ/അന്തർദേശീയ ഭാഷകളിലും വിവർത്തനം ചെയ്‌തു. സമകാലിക മലയാള കവികളുടെ കവിതകളടക്കം ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്‌തു. സി കെ ജാനുവിന്റെ ആത്മകഥ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. സമൂഹമാധ്യമങ്ങളിൽ വിവിധ വിഷയങ്ങളിൽ കുറിപ്പുകളെഴുതി. കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ മുഴുകാനാണ് സർവീസിൽനിന്ന് സ്വയം വിരമിച്ചത്.










0 comments