അതിവേഗം ഡിജിറ്റൽ റീ സർവേ

പാലക്കാട്
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജില്ലയിലെ 45 വില്ലേജുകളിൽ ഭൂമിയുടെ ഡിജിറ്റൽ റീ സർവേ അതിവേഗം പുരോഗമിക്കുന്നു. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് മൂന്നുഘട്ടങ്ങളിലായാണ് സർവേ. സര്‍വേ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ ഭൂമിയുടെ അതിരുകളും അളവുകളും രേഖപ്പെടുത്തിയ ഡ്രാഫ്റ്റ് രേഖകള്‍ സെക്ഷന്‍ 9 (2) പ്രകാരം പരിശോധനയ്ക്കായി പ്രദര്‍ശിപ്പിക്കും. പരാതിയില്ലെങ്കില്‍ അന്തിമ വിജ്ഞാപനം പുറത്തിറങ്ങും. ഒന്നാംഘട്ടത്തില്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി താലൂക്കുകളിലെ 14 വില്ലേജുകളില്‍ സര്‍വേ നടന്നു. തിരുമിറ്റക്കോട്-1, 2, തച്ചനാട്ടുകര -1, 2, അലനല്ലൂര്‍- 1, -2, കോട്ടോപ്പാടം -2,3 വില്ലേജുകളിൽ അന്തിമ പ്രസിദ്ധീകരണത്തിനുള്ള ജോലി പൂര്‍ത്തിയായി. മറ്റ് വില്ലേജുകളില്‍ സെക്ഷന്‍ 9(2) പ്രദര്‍ശനവും പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ വിവിധ താലൂക്കുകളിലായി 15 വില്ലേജുകളിലാണ് സര്‍വേ നടക്കുന്നത്. പാലക്കാട് താലൂക്കിലെ കോങ്ങാട് -1, ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം- 1 വില്ലേജുകളിൽ നടപടി പൂര്‍ത്തിയായി. കണ്ണാടി -1, അകത്തേത്തറ, നെന്മാറ, ചാലിശേരി, കുത്തനൂര്‍ -1, ആലത്തൂര്‍ താലൂക്കിലെ വണ്ടാഴി -1 എന്നീ വില്ലേജുകളിലെ സര്‍വേ പൂര്‍ത്തിയാക്കി 9(2) പ്രദര്‍ശനവും നടത്തി. മൂന്നാംഘട്ടത്തില്‍ 16 വില്ലേജുകളിലാണ് സർവേ പൂര്‍ത്തിയാക്കേണ്ടത്. അതിൽ ഏഴിടത്ത് സര്‍വേ പുരോഗമിക്കുന്നുണ്ട്. ഡിജിറ്റല്‍ റീ-സര്‍വേ പൂര്‍ത്തിയായാൽ സര്‍ക്കാരിന്റെ എന്റെ ഭൂമി പോര്‍ട്ടലിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓണ്‍ലൈനായി ലഭിക്കും. ഭൂമിയുടെ കൈമാറ്റം സുതാര്യമാക്കും. കൂടാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും എളുപ്പമാക്കും.









0 comments