നേരിയ മഴ; ചൂടിന് കുറവ്

മഴയിൽ മിന്നും നഗരം... കനത്ത ചൂടിന് ആശ്വാസമേകി പാലക്കാട് മഴ പെയ്തപ്പോൾ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുനിന്നുള്ള ദൃശ്യം /ഫോട്ടോ : സുമേഷ് കോടിയത്ത്
പാലക്കാട്
മഞ്ഞ ജാഗ്രതയായിരുന്ന തിങ്കളാഴ്‌ച ജില്ലയിൽ നേരിയ മഴ ലഭിച്ചു. വൈകിട്ട് ആറിനുശേഷമാണ് മഴ പെയ്‌തത്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാലത് ലഭിച്ചില്ല. അതേസമയം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ചൂടിന് കുറവുണ്ടായി. നിലവിൽ വേനലിന് സമാനമാണ് ജില്ലയിലെ കാലാവസ്ഥ. 34 ഡിഗ്രി മുതൽ 35 ഡിഗ്രി സെൽഷ്യസ്‌വരെയാണ് ദിവസവും അടയാളപ്പെടുത്തുന്ന താപനില. പകൽനേരം പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. രാത്രിയിലെ അത്യുഷ്ണവും സഹിക്കാനാകുന്നില്ല. മഴ തകർത്തുപെയ്യേണ്ട കാലം ജലസ്രോതസ്സുകൾ വറ്റിവരളുകയാണ്. ജൂൺ ഒന്നുമുതൽ ഇതുവരെ 28 ശതമാനം മഴയാണ് കുറഞ്ഞത്. 1,039.1 മില്ലിമീറ്റർ മഴ മാത്രമാണ് ജില്ലയിൽ ലഭിച്ചത്. കഴിഞ്ഞ വർഷംവരെ 1,449.6 മില്ലിമീറ്റർ ലഭിച്ചിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ഒഴികെ ബാക്കി ജില്ലകളെയെല്ലാം മഴക്കുറവുള്ള "ഡെഫിഷ്യന്റ്' പട്ടികയിലാണ് കാലാവസ്ഥാ വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്.










0 comments