ചെങ്കടലില്‍ ഹൂതി മുന്നേറ്റം; രണ്ട് ദ്വീപുകൂടി പിടിച്ചെടുത്തു

പ്രതീകാതാമക ചിത്രം
അനസ് യാസിന്‍
Published on Sep 15, 2026, 12:59 AM | 1 min read
മനാമ : ഹോര്‍മുസിൽ തർക്കം തുടരവേ, തന്ത്രപ്രധാന ബാബ് അൽ മന്ദബ് കടലിടുക്കിൽ കൂടുതൽ സ്വാധീനമുറപ്പിച്ച് യമനിലെ ഹൂതികൾ. ചെങ്കടലിലെ ഗ്രേറ്റര്‍ ഹനിഷ്, ലെസ്സര്‍ ഹനിഷ് ദ്വീപുകളുടെ നിയന്ത്രണം ഇറാന്റെ പിന്തുണയുള്ള ഹൂതിസേന പിടിച്ചെടുത്തു. ബാബ് അല്‍ മന്ദബിന് 100 മൈല്‍ വടക്കുള്ള ദ്വീപുകളില്‍നിന്ന് യമന്‍ സൈന്യം പിന്മാറി.
മോഖ തുറമുഖവും മയോണ്‍ ദ്വീപും കൈവശപ്പെടുത്തിയതിന് പിന്നാലെ ഹൂതികൾ തുടരുന്ന മുന്നേറ്റം ചെങ്കടലിൽ സൗദിയുടെ എണ്ണ കയറ്റുമതി പ്രതിസന്ധിയിലാക്കും. ആഫ്രിക്കൻ വൻകരയിൽ ജിബൂട്ടിയിലെ യുഎസ് സൈനികതാവളത്തിന് 32 കിലോമീറ്റര്‍ മാത്രം അകലെയാണ് ഹൂതിസേനയുടെ സാന്നിധ്യം.
ഹൂതികൾക്കുനേരെ സൗദി പിന്തുണയുള്ള സേന ആക്രമണം നടത്തിയതോടെ 2022-ലെ വെടിനിര്‍ത്തല്‍ ധാരണ തകര്‍ന്ന് യമന്‍ വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്ക് കൂപ്പുകുത്തി. തായിസ് പ്രവിശ്യയിലടക്കം കരയാക്രമണം ശക്തമായി. സൗദി അറേബ്യയുടെ കിങ് ഖാലിദ് വ്യോമതാവളത്തിനുനേരെ ഹൂതിസേന ബാലിസ്റ്റിക് മിസൈലും ഡ്രോണും പ്രയോഗിച്ചു. രണ്ടാഴ്‌ചയ്‌ക്കിടെ 150-ലേറെ പേര്‍ കൊല്ലപ്പെട്ടു.
എൺപതിനായിരത്തിലധികം പേർ ഭവനരഹിതരായി. ഹോര്‍മുസിലെ തടസ്സം കാരണം സൗദി അറേബ്യന്‍ എണ്ണക്കപ്പലുകള്‍ ആശ്രയിച്ച ബാബ് അല്‍ മന്ദബ് പാതയും ഹൂതി നിയന്ത്രണത്തിലായതോടെ ആഗോള എണ്ണവിതരണം കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞയാഴ്‌ച ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ അഞ്ച് ആഴ്‌ചയെങ്കിലമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില മൂന്ന് ശതമാനത്തിലധികം വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 107.94 ഡോളറിലെത്തി.









0 comments