ad
Deshabhimani

ഐഎഎസ്‌ സ്ഥലംമാറ്റം; മന്ത്രിമാർക്കും അതൃപ്‌തി

ias transfer udf
avatar
സ്വന്തം ലേഖകൻ

Published on Sep 15, 2026, 01:07 AM | 1 min read

തിരുവനന്തപുരം: വകുപ്പ്‌ മന്ത്രിമാരെ ഇരുട്ടിൽനിർത്തി ഐഎഎസുകാരെ സ്ഥലംമാറ്റുന്നതിൽ അതൃപ്‌തി പുകയുന്നു. ഉദ്യോഗസ്ഥ നിയമനത്തിൽ മുഖ്യമന്ത്രി തീരുമാനം അടിച്ചേൽപ്പിക്കുന്നതിനെതിരെ മന്ത്രിമാർ രംഗത്തുവന്നു തുടങ്ങി. പൊതു വിദ്യാഭ്യാസ ഡയറക്‌ടറെ വീണ്ടും മാറ്റിയതിനെതിരെ മന്ത്രി എൻ ഷംസുദ്ദീൻ പരസ്യമായി പ്രതികരിച്ചു.


രണ്ടു ദിവസം മുമ്പാണ്‌ മുപ്പതിലേറെ ഐഎഎസുകാരെ സ്ഥലംമാറ്റിയത്‌. മറ്റു വകുപ്പുകളിലും ഉന്നത ഉദ്യോഗസ്ഥരെ മന്ത്രിമാരുടെ താൽപ്പര്യത്തിന്‌ വിരുദ്ധമായാണ് നിയമിച്ചത്‌. ആഴ്‌ചകൾമുമ്പ്‌ ചുമതല നൽകിയ ഉദ്യോഗസ്ഥരെ വീണ്ടും മാറ്റി. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ (ഡിജിഇ) സ്ഥാനത്തുനിന്ന് മൂന്നര മാസത്തിനിടെ മൂന്നുപേരെ മാറ്റി.


പൊതുവിദ്യാഭ്യാസ വകുപ്പിന്‌ പൂർണസമയ സെക്രട്ടറിയും ഇല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഡിജിഇ എൻ എസ്‌ കെ ഉമേഷിനെ യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സ്‌പെഷൽ ഓഫീസറാക്കി. ആസിഫ്‌ കെ യൂസഫിനെ ഡിജിഇ ആക്കി. ഒരു മാസത്തിനകം ആസിഫിനെ മാറ്റി സ്‌നേഹിൽ കുമാർ സിങ്ങിനെ നിയമിച്ചു.


ഇപ്പോള്‍ സ്‌നേഹിൽ കുമാറിനെ മാറ്റി അരുൺ കെ വിജയനെ നിയമിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന ഡോ. ഡി സജിത്‌ ബാബുവിനെ കഴിഞ്ഞമാസം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറാക്കി. അതോടെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടേത്‌ അധികച്ചുമതലയായി ഒതുങ്ങി. ആരോഗ്യ വകുപ്പിലാകട്ടെ, ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ തസ്‌തികയിലേക്ക്‌ രാഷ്‌ട്രീയ നിയമനത്തിനാണ്‌ നീക്കം.


സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്ന അനു എസ്‌ നായരെ മാറ്റി പുതുതായി സൃഷ്‌ടിച്ച മാനേജിങ്‌ ഡയറക്‌ടർ തസ്‌തികയിലേക്ക്‌ രേണു എസ്‌ നായരെ നിയമിച്ചു. എക്‌സിക്യൂട്ടിവ്‌ ഡയറക്‌ടർ തസ്‌തിക ഒഴിച്ചിട്ടത്‌ രാഷ്‌ട്രീയ നിയമനത്തിനെന്നാണ്‌ സൂചന.


പ്രതിസന്ധിയുണ്ടാക്കും: 
മന്ത്രി ഷംസുദ്ദീൻ


കോട്ടയം : പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറെ അടിക്കടി മാറ്റുന്നത്‌ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന്‌ മന്ത്രി എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട്‌ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ നിരന്തരമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആള്‍ സ്ഥിരമായിരിക്കണം.


വകുപ്പിന്‌ പ്രതിസന്ധിയുണ്ട്‌. അതൃപ്തി ആരെയെങ്കിലും അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയുന്നത് എല്ലാവരും കേള്‍ക്കുകയല്ലേ എന്നായിരുന്നു മറുപടി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home