മള്ളിയൂര്‍ വിനായക ചതുര്‍ഥി ഇന്ന് സമാപിക്കും
ആനയൂട്ടിന് ആയിരങ്ങൾ

വിനായക ചതുര്‍ഥി ദിനത്തിൽ മള്ളിയൂർ മഹാ ഗണപതി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്
കടുത്തുരുത്തി മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുര്‍ഥി ദർശനത്തിന് ആയിരങ്ങളെത്തി. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. എട്ടുദിവസത്തെ വിനായക ചതുര്‍ഥി മഹോത്സവം ചൊവ്വ ആറാട്ടോടെ കൊടിയിറങ്ങും. 10,008 നാളികേര മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ ഹോമകുണ്ഠത്തിൽ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം പകൽ 11 ന് പൂർത്തിയായി. ഗജപൂജയും തുടർന്ന് ആനയൂട്ടും നടത്തി. തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ഗജപൂജ. 13 ഗജവീരന്മാർ പങ്കെടുത്ത ആനയൂട്ടിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി നേതൃത്വം നൽകി. പാമ്പാടി രാജൻ, ചെര്‍പ്പുളശേരി അനന്തപത്മനാഭന്‍, ഗുരുവായൂര്‍ ബല്‍റാം, തിരുവാണിക്കാവ് രാജഗോപാല്‍, പാമ്പാടി സുന്ദരന്‍, കാളിയാര്‍മഠം ശേഖരന്‍, ഇത്തിത്താനം വിഷ്ണുനാരായണന്‍, കുളമാക്കില്‍ പാര്‍ഥസാരഥി, മച്ചാട് ശ്രീഅയ്യപ്പന്‍, പരിമണം വിഷ്ണു, വാഴപ്പള്ളി മഹാദേവന്‍, വേമ്പനാട് അനന്തപത്മനാഭൻ, മഹാലക്ഷ്മി കുട്ടികൃഷ്ണന്‍ എന്നീ ആനകളാണ് മള്ളിയൂരിലെത്തിയത്. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 120-ലേറെ കലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളവും ശ്രദ്ധേയമായി. വൈകുന്നേരം കാഴ്ചശ്രീബലിയും വലിയവിളക്കും നടന്നു. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും പാറമേക്കാവിന്റെ കുടമാറ്റവും അരങ്ങേറി. തുടർന്ന് മള്ളിയൂരപ്പന്റെ പള്ളിവേട്ട നടന്നു. ചൊവ്വാഴ്‌ച ആറാട്ടോടെ മഹോത്സവം സമാപിക്കും.










0 comments