print edition കെഎസ്ഇബിയെ പഴിചാരൽ; മുഖ്യമന്ത്രിയുടെ പ്രസ്‌താവന അപലപനീയം

തിരുവനന്തപുരം: വൈദ്യുതിവകുപ്പ് ജീവനക്കാരാണ് വൈദ്യുതി ഓഫ് ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു). ഇത്തരം പ്രവൃത്തികൾ സംസ്ഥാനത്തൊരിടത്തും റിപ്പോർട്ട് ചെയ്യപ്പെടുകയോ അതിന്റെ ഭാഗമായി ആർക്കെങ്കിലുമെതിരെ അന്വേഷണമോ നടപടിയോ ഉണ്ടാവുകയോ ചെയ്‌തിട്ടില്ല.
പ്രതിസന്ധി മറികടക്കാൻ ശാശ്വതമാർഗം കണ്ടെത്തുന്നതിനുപകരം തൊഴിലാളികളെ സമൂഹമധ്യത്തിൽ തെറ്റായി ചിത്രീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല. അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾക്ക് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടയിൽ ജീവൻ നഷ്ടമായിട്ടുണ്ട്.
ആത്മാർഥതയോടെ പണിയെടുക്കുന്നവരുടെ മനോവീര്യം കെടുത്താനും തൊഴിലാളികളെയും കെഎസ്ഇബി ഓഫീസുകളെയും ആക്രമിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കാനുമാണ് ഈ പ്രസ്‌താവന. വിഷയത്തിൽ ഐഎൻടിയുസി ഉൾപ്പെടെയുള്ള ഭരണപക്ഷ സംഘടനകളുടെ നിലപാട് വ്യക്തമാക്കണം. തെറ്റിദ്ധരിപ്പിക്കുംവിധമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രി പ്രസ്താവന തിരുത്തണം– അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് ശ്രീധരൻ ആവശ്യപ്പെട്ടു.










0 comments