ചിറ്റൂർ പുഴപ്പാലം അടച്ചു; യാത്രാദുരിതം ഇരട്ടിയാകും

ചിറ്റൂർ പുഴപ്പാലം അടച്ചപ്പോൾ
ചിറ്റൂർ
കേരള – തമിഴ്നാട് അന്തർ സംസ്ഥാനപാതയിലെ ചിറ്റൂർ പുഴപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചു. തിങ്കളാഴ്ച മുതൽ കാൽനടയാത്രികരെ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. രണ്ടുമാസത്തേക്ക് അടച്ചിടാനാണ് തീരുമാനമെങ്കിലും പണിപൂർത്തിയാകാൻ മൂന്നുമാസമെങ്കിലും വേണ്ടിവരും. പാലം അടച്ച ആദ്യദിനംതന്നെ ഗതാഗതക്കുരുക്കിൽപ്പെട്ട് ജനം വലഞ്ഞു. തത്തമംഗലം ഭാഗത്തുനിന്ന് ചിറ്റൂർ വഴി പോകേണ്ട വാഹനങ്ങൾക്ക് പെരുവെമ്പ് ജങ്‌ഷനിൽനിന്ന് പാലത്തുള്ളി പാലം വഴി അത്തിക്കോട് അണിക്കോട്ടിലെത്താം. തത്തമംഗലം -മേട്ടുപ്പാളയം ജങ്‌ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മീനാക്ഷിപുരം -വണ്ടിത്താവളം വിളയോടി വഴിയുമാണ് യാത്രാസൗകര്യം ഒരുക്കിയത്. നിലവിൽ തത്തമംഗലത്തുനിന്ന് ചിറ്റൂരിലെത്താൻ പത്ത് കിലോമീറ്ററിലധികം യാത്ര ചെയ്യണം. പാലം അടച്ചതോടെ നാട്ടുകാർക്ക് യാത്രാച്ചെലവും കൂടി. തത്തമംഗലത്തുനിന്ന് ചിറ്റൂരിലേക്ക് 15 രൂപയായിരുന്നു ബസ് നിരക്ക്. പാലം അടച്ചതോടെ പാലത്തിന് ഇരുവശത്തുമായി നിർത്തുന്ന ബസുകളിൽ മാറിക്കയറി ചിറ്റൂരിലെത്താൻ 23 രൂപ നൽകേണ്ടിവരും. കറങ്ങിത്തിരിഞ്ഞ് പോകുന്നതിനാൽ ഓട്ടോ നിരക്കും വർധിക്കും. ദൂരക്കൂടുതൽ ചൂണ്ടിക്കാട്ടി വിദ്യാർഥികളുടെ സ്‌കൂൾ വാഹന വാടകയും ഉയർത്തിയിട്ടുണ്ട്. അതേസമയം, പാലം അടയ്‌ക്കുന്ന തീയതി പൊതുമരാമത്ത് വകുപ്പ് പലതവണയാണ് മാറ്റിയത്. ഒന്നിന് അടയ്‌ക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തിരുത്തി അഞ്ചിലേക്കും ശേഷം ഏഴിലേക്കും മാറ്റി. അവസാനം അടച്ചത് 14നും. ബദൽസംവിധാനം ഒരുക്കുന്നതിലെ കാലതാമസമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ചിലയാളുകളുടെ സൗകര്യം മാത്രം കണക്കിലെടുത്താണ് അറ്റകുറ്റപ്പണി വൈകിച്ചതെന്നും ആക്ഷേപമുണ്ട്. അറ്റകുറ്റപ്പണി തുടങ്ങിയതോടെ പാലത്തിലൂടെയുള്ള കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നുണ്ട്. ഇത് തടയാൻ ജല അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ മുൻകരുതലെടുത്തില്ലെന്നും ആക്ഷേപമുണ്ട്.










0 comments