പാലക്കാട് ഡിവിഷൻ വിഭജനം
റെയിൽവേ ജീവനക്കാരുടെ പ്രതിഷേധക്കൂട്ടായ്‌മ ഇന്ന്

പാലക്കാട്
പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര നടപടിക്കെതിരെ റെയിൽവേ എംപ്ലോയീസ് ട്രേഡ് യൂണിയൻ കോ -–ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ചൊവ്വാഴ്‌ച സതേൺ റെയിൽവേയിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗലാപുരം, പൊള്ളാച്ചി റെയിൽവേ സ്‌റ്റേഷനുകളിലായിരിക്കും പ്രതിഷേധം. പാലക്കാട് റെയിൽവേ ഡിവിഷൻ സംരക്ഷിക്കുക, ഡിവിഷൻ വിഭജന തീരുമാനം ഉടൻ പിൻവലിക്കുക, മംഗലാപുരം മേഖലയിലെ ജീവനക്കാരുടെ ട്രാൻസ്ഫർ, സീനിയോരിറ്റി, പ്രൊമോഷൻ അവകാശങ്ങൾ സംരക്ഷിക്കുക, മിനിമം വേതനാടിസ്ഥാനത്തിൽ ബോണസ് പരിധി ഉയർത്തുക, റെയിൽവേ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിആർഇയു (സിഐടിയു), എഐഎൽആർഎസ്‌എ, എഐജിസി, എഐഎസ്‌എംഎ, എസ്‌ആർഇഎ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്. യാത്രക്കാരുടെ എണ്ണത്തിലും ചരക്കുനീക്കത്തിലും വരുമാനത്തിലും കാര്യക്ഷമതയിലും മുന്നിൽ നിൽക്കുന്ന പാലക്കാട് ഡിവിഷന്റെ ഏറ്റവും തന്ത്രപ്രധാനമായ ഭാഗം ഇല്ലാതാക്കുന്നത് ഡിവിഷന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കും. റെയിൽവേയുടെ സ്വത്തുക്കൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളും വേഗത്തിലാകും. കഴിഞ്ഞ കാലങ്ങളിൽ റെയിൽവേയുടെ വരുമാനത്തിൽ വർധനയുണ്ടായിട്ടും തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതാ ബന്ധിത ബോണസ് ഇപ്പോഴും 7,000 പരിധിയിൽ നിജപ്പെടുത്തിയിരിക്കുന്നത് നീതീകരിക്കാനാകില്ല. ഇൗ സാഹചര്യത്തിലാണ് സംയുക്ത പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.










0 comments