ad
Deshabhimani

ഡിവിഷൻ വെട്ടിമുറിക്കൽ

റെയിൽവേ പെൻഷൻകാരും വലയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2026, 02:00 AM | 1 min read

വി കെ രഘുപ്രസാദ്‌

പാലക്കാട്‌

റെയിൽവേയുടെ പാലക്കാട്‌ ഡിവിഷൻ വെട്ടിമുറിച്ച്‌ മംഗളൂരു ഭാഗം മൈസൂരുവിൽ ലയിപ്പിച്ച കേന്ദ്ര സർക്കാർ നീക്കം അടുത്തിടെ സർവീസിൽനിന്ന്‌ വിരമിക്കാനുള്ള ജീവനക്കാരെ വെട്ടിലാക്കും. അടർത്തിമാറ്റിയ ഭാഗത്തെ സ്‌റ്റേഷനുകളായ മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ, പനമ്പൂര്‌, ജൊക്കാട്ടെ, കുലശേഖരം, പടിയിൽ തുടങ്ങിയ ഇടങ്ങളിൽ ജോലിചെയ്യുന്ന മലയാളികളായ ആയിരക്കണക്കിന്‌ ജീവനക്കാരാണ്‌ വലയുക. പാലക്കാടുൾപ്പെടെയുള്ള സ്‌റ്റേഷനുകളിൽനിന്ന്‌ സ്ഥാനക്കയറ്റം നേടി മംഗളൂരു ഭാഗത്ത്‌ ജോലിചെയ്യുന്നവരാണ്‌ ഇവരിൽ 90 ശതമാനവും. പാലക്കാട്‌ ഡിവിഷന്റെ ഭാഗമായിരുന്നെങ്കിൽ ഇവർക്ക്‌ വിവിധ ആവശ്യങ്ങൾക്ക്‌ ഒലവക്കോടുള്ള ഡിവിഷണൽ ഓഫീസിനെ സമീപിക്കാമായിരുന്നു. എന്നാൽ ഇനിമുതൽ നാട്ടിൽനിന്ന്‌ ഏറെ ദൂരത്തുള്ള മൈസൂരു ഡിവിഷണൽ ഓഫീസിനെ ആശ്രയിക്കേണ്ടിവരും. പെൻഷൻ വിതരണ ഉത്തരവുകളിൽ മാറ്റംവരുത്തൽ, റെയിൽവേയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ആശുപത്രികളിലെ ചികിത്സയ്‌ക്കുള്ള റ‍‍‍ീ ഇംപേഴ്‌സ്‌മെന്റ്‌ തുടങ്ങി ഇടയ്‌ക്കിടെ ഡിവിഷണൽ ഓഫീസിനെ സമീപിക്കേണ്ടിവരുന്ന സാഹചര്യം പെൻഷൻകാർക്കുണ്ട്‌. അടിയന്തരമായി ചികിത്സ തേടേണ്ടിവരുമ്പോഴാണ്‌ ഏറെ ദുരിതം. റെയിൽവേയുമായി സഹകരിച്ചുപ്രവർത്തിക്കുന്ന ആശുപത്രികൾ മിക്ക സ്‌റ്റേഷനുകളിലുമുണ്ട്‌. ഇവിടങ്ങളിൽ ചികിത്സ തേടുന്നവർ ഫയൽനീക്കത്തിന് ഇനി ആശ്രയിക്കേണ്ടിവരിക മൈസൂർ ഡിവിഷനെയാണ്‌. ജോലി മംഗളൂരു മേഖലയിലെ സ്‌റ്റേഷനുകളിലാണെങ്കിലും മിക്കവരുടെയും സ്വദേശം കേരളത്തിലെ വിവിധ ജില്ലകളാണ്‌. ആയിരക്കണക്കിന്‌ പെൻഷൻകാരും അവരുടെ കുടുംബങ്ങളുമാണ്‌ പ്രതിസന്ധിയിൽ. ഡിവിഷൻ വിഭജനം സംബന്ധിച്ച്‌ അന്തിമ തീരുമാനം വരുമ്പോൾ നിശ്ചിതവർഷത്തിനകം വിരമിച്ചവരും മൈസൂർ ഡിവിഷണൽ ഓഫീസിന്റെ കീഴിലാകുമോ എന്ന ആശങ്കയിലാണ്‌. സങ്കുചിത രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്ക്‌ വഴങ്ങിയുള്ള ഡിവിഷൻ വിഭജനം റെയിൽവേയിലെ എല്ലാ മേഖലകളെയും ബാധിക്കും. അംഗീകൃത സംഘടനകളുമായിപ്പോലും കൂടിയാലോചിക്കാതെയാണ്‌ ഡിവിഷൻ വിഭജനം നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home