print edition പ്രതീക്ഷയറ്റ് ഒരു ജനത; നൊമ്പരം ആ കാഴ്ച

നുവാകോട്ട് ജില്ലയിലെ ദേവിഘട്ടിൽ ചെളിയിൽ മൂടിയ കെട്ടിടങ്ങളുടെ ആകാശദൃശ്യം
കാഠ്മണ്ഡു: ആശുപത്രികൾക്ക് പുറത്ത് പതിച്ച മരിച്ചവരുടെ ചിത്രങ്ങൾ നോക്കാൻ വരിനിൽക്കുന്നവർ; ചെളിയിലും അവശിഷ്ടങ്ങളിലും വീട്ടുസാധാനങ്ങൾ തിരയുന്നുവർ; തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ കുട്ടിയെയും കൊണ്ടുപോകുന്നസ്ത്രീ; അവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്ന ചത്ത നായ. വിനാശകരമായ മിന്നൽ പ്രളയം ഇളക്കിമറിച്ച നേപ്പാളിലെ ചില കാഴ്ചകളാണിവ.
ചെളിക്കൂമ്പാരത്തിനിടയിൽ ജീവൻ തിരയുന്ന രക്ഷാപ്രവർത്തകർ പ്രതികൂല സാഹചര്യങ്ങളോട് പൊരുതുമ്പോഴും പ്രതീക്ഷകൾ മങ്ങുകയാണ്. ആയിരക്കണക്കിന് കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും ഒഴുകിപ്പോയി. റോഡുകളും പാലങ്ങളും വ്യാപകമായി തകർന്നു. ജലവൈദ്യുത പദ്ധതികൾക്ക് കേടുപാടുകളുണ്ടായി. ബുധനാഴ്ചത്തെ പ്രളയത്തിന്റെ ആഘാതത്തിൽനിന്ന് കരകയറാൻ പാടുപെടുകയാണ് നേപ്പാൾ.
ചികിത്സയിൽ കഴിയുന്ന പരിക്കേറ്റ ആളുകളുടെ പട്ടിക പരിശോധിക്കാൻ ആശുപത്രികൾക്ക് പുറത്ത് നീണ്ട വരികൾ ദൃശ്യമാണ്. പരിചയക്കാരെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങിയവർ കനത്ത ഹൃദയത്തോടെ മരിച്ചവരുടെ ചിത്രങ്ങൾ അടങ്ങിയ പട്ടിക പരിശോധിക്കുന്നു. രക്ഷാപ്രവർത്തകർ രാപ്പകലില്ലാതെ അധ്വാനിക്കുന്നു. ചിലയിടങ്ങളിൽ മഴയെ അതിജീവിച്ചും മറ്റു ചിലയിടങ്ങളിൽ ഉണങ്ങുന്ന ചെളി കുഴിച്ചുമാറ്റിയുമാണ് തിരച്ചിൽ.
അപ്പർ ത്രിശൂലി 3എ ജലവൈദ്യുത പദ്ധതി പ്രദേശത്ത് നൂറിലധികം ആളുകളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ടൺ കണക്കിന് ചെളി നീക്കം ചെയ്യാൻ എക്‌സ്‌കവേറ്ററുകൾ പാതിരാത്രിയിലും പ്രവർത്തികൊണ്ടിരുന്നു. മധ്യ നേപ്പാളിലെ ഗ്രാമങ്ങളിൽ ഉടനീളം നാശനഷ്ടത്തിന്റെ തോത് പ്രകടമാണ്. കെട്ടിടങ്ങൾ പൂർണമായി ചെളിയിൽ മൂടപ്പെട്ടു. രക്ഷപ്പെട്ടവരിൽ ഏറെപേരും അഭയം തേടി അലയുകയാണ്.
നുവാകോട്ട് ജില്ലയിലെ ദേവിഘട്ട് ഗ്രാമത്തിൽ ആളുകൾ ചെളിയിലൂടെയും അവശിഷ്ടങ്ങളിലൂടെയും നടക്കുന്നത് കാണാം. വീട്ടുസാധനങ്ങൾ കണ്ടെത്താകുമോയെന്ന അന്വേഷണത്തിലാണവർ. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വീണ്ടെടുക്കാൻ കഴിഞ്ഞ ഗ്യാസ് സിലിണ്ടറുമായി ഒരാൾ നടന്നു നീങ്ങുന്നു.
കരകവിഞ്ഞൊഴുകുന്ന നദിക്കരികിൽ തകർന്നുകിടക്കുന്ന കെട്ടിടങ്ങളുടെ ആകാശക്കാഴ്ച വെള്ളപ്പൊക്കം വരുത്തിയ നാശത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് ഒഴുക്ക്
കാഠ്മണ്ഡു: നേപ്പാളിലേക്ക് സാമ്പത്തിക സഹായം ഒഴുകിയെത്തുന്നു. മൂന്ന് ദിവസത്തിനുള്ളിൽ നേപ്പാൾ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 35040 കോടിയിലധികം നേപ്പാളി രൂപ സംഭാവനയായി ലഭിച്ചു. ബുധനാഴ്ച പകൽ മുതൽ വ്യാഴം അർധരാത്രിവരെയുള്ള ആദ്യ 36 മണിക്കൂറിൽ 29,160 കോടി നേപ്പാളി രൂപയും വെള്ളിയാഴ്ച മാത്രം 5,880 കോടിയിലധികം നേപ്പാളി രൂപയുമാണ് ലഭിച്ചത്. ഇതോടെ ദുരിതാശ്വാസ നിധിയിലുള്ള ആകെ തുക 217 കോടിയിൽ നിന്നും 409 കോടി നേപ്പാളി രൂപയായി വർധിച്ചു. നേപ്പാളിലെ അപ്പസ്തോലിക് നുൺഷിയേച്ചറുമായി സഹകരിച്ച് ലിയോ പതിനാലാമൻ മാർപാപ്പയും സാമ്പത്തിക സഹായം കൈമാറി.
‘സഹായഹസ്‌തങ്ങൾക്ക് നന്ദി’
സഹായഹസ്‌തവുമായെത്തിയ രാജ്യങ്ങൾക്ക് നന്ദി പറഞ്ഞ് നേപ്പാൾ വിദേശമന്ത്രി. അന്താരാഷ്‌ട്ര സഹായം വേണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് മന്ത്രി ശിശിർ ഖനാൽ പ്രതികരിച്ചു. രക്ഷാപ്രവർത്തനത്തിൽ മാത്രമല്ല പുനർനിർമാണത്തിലും സഹായം വേണമെന്ന് ഖനാൽ പറഞ്ഞു. അഭ്യർഥനയ്ക്കുപിറകെ ഇന്ത്യയിൽനിന്നുള്ള 11 അംഗ മെഡിക്കൽ സംഘം നേപ്പാളിലെത്തിയിട്ടുണ്ട്.
ടിബറ്റിൽ കുടുങ്ങിയ ഇന്ത്യൻ തീർഥാടകർ മടങ്ങുന്നു
ബിജിങ്: മിന്നൽ പ്രളയത്തിൽ ജിറോംഗ് അതിർത്തി പോസ്റ്റ് തകർന്നതിനെ തുടർന്ന് ടിബറ്റിൽ കുടുങ്ങിയ ഇന്ത്യൻ തീർഥാടകർ ശനിയാഴ്ച മറ്റൊരു അതിർത്തി വഴിയിലൂടെ നേപ്പാളിലേക്ക് മടങ്ങാൻ തുടങ്ങി. കൈലാസ് മാനസരോവർ യാത്രയിൽ പങ്കെടുക്കുന്ന തീർഥാടകരാണ് ഇവിടെ കുടുങ്ങിയതിൽ ഏറെയും. ഭൂകമ്പം, ഉരുൾപൊട്ടൽ എന്നിവയെത്തുടർന്ന് നേരത്തെ അടച്ചിട്ടിരുന്ന ഷാങ്മു അതിർത്തി വഴിയാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഇപ്പോൾ നേപ്പാളിലേക്ക് കടക്കുന്നത്.
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) മുൻ ചെയർമാൻ ജി സതീഷ് റെഡ്ഡിയും ശനിയാഴ്ച ഷാങ്മു വഴി നേപ്പാൾ അതിർത്തിയിലേക്ക് മടങ്ങിയ ഇന്ത്യൻ തീർഥാടകരിൽ ഉൾപ്പെടുന്നു. ജിറോംഗിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള കൈലാസ പർവ്വതത്തെയും മാനസരോവർ തടാകത്തെയും മിന്നൽ പ്രളയം ബാധിച്ചിട്ടില്ലെന്ന് റെഡ്ഡി പറഞ്ഞു.
പ്രളയ പ്രദേശങ്ങളിൽ മഴ മുന്നറിയിപ്പ്
മിന്നൽപ്രളയമുണ്ടായ സ്ഥലങ്ങളിൽ വീണ്ടും മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് നേപ്പാൾ കാലാവസ്ഥാ പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയേക്കും. മഴ മുന്നറിയിപ്പ് നിരീക്ഷിച്ച് വരികയാണെന്നും രക്ഷാരപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും നേപ്പാൾ വിദേശ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു. നിലവിൽ 15000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുള്ളത്.
ഒഴുകിയെത്തിയ ബാങ്ക് ലോക്കർ കുത്തിത്തുറന്ന് ലക്ഷങ്ങൾ തട്ടി
നേപ്പാളിലെ മിന്നൽപ്രളയത്തിൽ ഒഴുകിയെത്തിയ ബാങ്ക് ലോക്കർ കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപ കവർന്നു. ധാഡിങ് ജില്ലയിലെ ഗൽച്ചി ബെൽഖുഖോളയ്ക്ക് സമീപം ത്രിശൂലി നദീതീരത്തടിഞ്ഞ ലോക്കറാണ് പ്രാദേശികവാസികൾ തകർത്ത് പണം കവർന്നത്. സംഭവത്തിൽ 29 പേരെ നേപ്പാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽനിന്ന് 92.68 ലക്ഷത്തിലധികം നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം ഇന്ത്യൻ രൂപ) കണ്ടെടുത്തു. നദിയിലൂടെ ഒഴുകിവന്ന പ്രളയബാധിതയായ യുവതിയുടെ മൃതദേഹത്തിൽനിന്ന് സ്വർണക്കമ്മലുകൾ മോഷ്ടിച്ച രണ്ട് പേരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു.










0 comments