കാട്ടുപോത്തിന്റെ ആക്രമണം: വിലങ്ങാട് ജനകീയ പ്രതിഷേധം

വിലങ്ങാട് വനംവകുപ്പ് സെക്ഷൻ ഓഫീസിനുമുന്നിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാർച്ച്.
വിലങ്ങാട്
കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അധികൃതർക്കെതിരെ വിലങ്ങാട് ജനകീയ പ്രതിഷേധം. വന്യമൃഗങ്ങളിൽനിന്ന് മലയോര ജനതക്കും കർഷകർക്കും ശാശ്വതമായ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നവാസകേന്ദ്രത്തിലുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വായാട് ഉന്നതിയിലെ സുനിൽ മരിച്ച സംഭവത്തിലാണ് ജനകീയ പ്രതിഷേധമുയർന്നത്. വൈകിട്ട് ആറോടെ വിലങ്ങാട് ടൗണിൽനിന്ന് വനംവകുപ്പിന്റെ വിലങ്ങാട് സെക്ഷൻ ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാകുന്നതുവരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ വ്യക്തമാക്കി. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വനംവകുപ്പ് ഓഫീസിനുമുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. ഫാ. വിൽസൺ മാത്യു മുട്ടത്ത് കുന്നേൽ, പഞ്ചായത്തംഗം രാജു അലക്സ്, വിപിൻ മാത്യൂസ് എന്നിവർ സംസാരിച്ചു. എൻ പി വാസു, ജോണി മുല്ലക്കുന്നിൽ, ബിനോയ് തോമസ് എന്നിവർ നേതൃത്വം നൽകി.










0 comments