കടുമേനിയിൽ ഇന്ന് ഓഫ് റോഡ് ആവേശം

കടുമേനിയിൽ ഓഫ് റോഡ് ചലഞ്ചിന് മുന്നോടിയായി നടന്ന പരീക്ഷണ റൈഡ്
ചിറ്റാരിക്കൽ
സാഹസിക ഡ്രൈവിങ് ഇഷ്ടപ്പെടുന്നവർക്ക് ഞായറാഴ്ച കടുമേനിയിലേക്ക് വരാം. മലയോര മേഖലയിൽ ആദ്യമായി ഓഫ് റോഡ് ചലഞ്ചിന് കടുമേനി വേദിയാവുകയാണ്. കണ്ണൂർ റൈഡേഴ്‌സ് ആൻഡ് ഓഫ് റോഡേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആവേശകരമായ മത്സരം. പച്ചപ്പും മലനിരകളുടെ വന്യതയും നിറഞ്ഞ സ്വകാര്യ വ്യക്തിയുടെ 18 ഏക്കർ സ്ഥലത്താണ് മത്സരം. ആറ് ഇനങ്ങളിലായി ഫോർവീലുകളുടെ കരുത്തരായ വാഹനങ്ങളും മികച്ച ഡ്രൈവർമാരും മാറ്റുരയ്ക്കുന്ന പോരാട്ടമാണ് നടക്കുക. മണ്ണും ചെളിയും കയറ്റവും നിറഞ്ഞ കഠിനമായ ട്രാക്കിലൂടെയുള്ള നാല് ചക്ര വാഹനങ്ങളുടെ പ്രകടനം കാണികൾക്ക് പുതിയ അനുഭവമായിരിക്കും. മത്സരത്തിന്റെ ട്രാക്ക് നിർമാണം ഒരാഴ്ച മുന്നേ പൂർത്തിയായി. ട്രാക്കിന്റെ സുരക്ഷയും നിലവാരവും ഉറപ്പുവരുത്താൻ നിരവധി പ്രമുഖ ഓഫ് റോഡ് വാഹനങ്ങൾ ഇവിടെയെത്തി പരീക്ഷണ റൈഡ് നടത്തിയിരുന്നു. പരീക്ഷണ റൈഡുകളിൽ വാഹനങ്ങളുടെ കരുത്തും ഡ്രൈവർമാരുടെ പ്രകടനവും കാണികളെ ആവേശം കൊള്ളിച്ചു. ഞായറാഴ്‌ച രാവിലെ ആറിന് രജിസ്ട്രേഷൻ നടപടി തുടങ്ങും. 8.30ന് മത്സരം ആരംഭിക്കും. പുരുഷന്മാർ 5000, സ്ത്രീകൾ 4000 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ഫീസ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് 30000, 20000,10000 രൂപ ക്രമത്തിൽ സമ്മാനം ലഭിക്കും.










0 comments