പി ടി 5 വേനോലിയിൽ; വ്യാപക കൃഷി നാശം

പുതുശേരി
കാഴ്ചശക്തി കുറഞ്ഞതിന് വനംവകുപ്പ് ചികിത്സനൽകി കാട്ടിലേക്ക് കയറ്റിയ പിടി 5 എന്ന ചുരുളിക്കൊമ്പൻ പുതുശേരി വേനോലിയിലെ ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിച്ചു. വേനോലി ചേർമ്പറ്റക്കളം സ്വദേശികളായ കിഷോർ, ശിവനാരായണൻ, ജയശ്രീ, ഉണ്ണികൃഷ്ണൻ എന്നിവരുടെ ഒന്നരയേക്കർ നെൽപ്പാടത്താണ് ആനയിറങ്ങിയത്. കിഷോറിന്റെ പറമ്പിലെ തെങ്ങ്, കവുങ്ങ് എന്നിവ ആന കുത്തിമറിച്ചിട്ടു. കവുങ്ങ് വൈദ്യുതിത്തൂണിൽ വീണ് പോസ്റ്റ് തകർന്നു. പ്രദേശത്ത് ഈ സമയം മറ്റാരും ഇല്ലാത്തത് രക്ഷയായി. രാവിലെ വൈദ്യുതി ലൈൻ പൊട്ടിയത് കണ്ട കിഷോർ മോട്ടോർപുരയിൽനിന്ന് വൈദ്യുതി വിച്ഛേദിച്ചു. വ്യാഴം പുലർച്ചെയാണ് ഒറ്റയാന്റെ പരാക്രമമുണ്ടായത്. കഴിഞ്ഞയാഴ്ച കഞ്ചിക്കോട് പിടി 5, പിടി 14 എന്നീ ആനകൾ വ്യാപകമായി നെൽകൃഷി നശിപ്പിച്ചിരുന്നു. നെൽക്കതിർ മുളച്ചുവരുന്ന വേളയിൽ ആനയുടെ ആക്രമണത്തിൽ ആശങ്കയിലാണ് പുതുശേരി, മരുതറോഡ് പഞ്ചായത്തിലെ കർഷകർ. ഒരിടവേളയ്ക്ക് ശേഷം കാട്ടാനക്കൂട്ടങ്ങളും ജനവാസ മേഖലയോട് ചേർന്ന അയ്യപ്പൻ മലയിലെത്തിയിട്ടുണ്ട്.
വനംവകുപ്പ് അടിയന്തരമായി ഇടപെടണം: കർഷകസംഘം
പുതുശേരി
നെൽച്ചെടി കതിരിടുമ്പോൾ ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഇവയെ തുരത്താൻ ആർആർടിയെ അടിയന്തരമായി എത്തിക്കണം. ഏറെ അപകടകാരിയായ ചുരുളിക്കൊമ്പൻ വേനോലിയിൽ തെങ്ങും കവുങ്ങും കുത്തിമറിച്ചിട്ടത് വൈദ്യുതിത്തൂണിലാണ്. ഉടൻ ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം ജില്ലാ ട്രഷറർ എസ് സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെട്ടു.
ജനപ്രതിനിധികളും നേതാക്കളും സ്ഥലം സന്ദർശിച്ചു
പുതുശേരി
വേനോലിയിൽ ഒറ്റയാൻ കൃഷി നശിപ്പിച്ച സ്ഥലങ്ങൾ ജനപ്രതിനിധികളും കർഷക സംഘം നേതാക്കളും സന്ദർശിച്ചു. കർഷക സംഘം ജില്ലാ ട്രഷറർ എസ് സുഭാഷ് ചന്ദ്രബോസ്, പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ്, സിപിഐ എം ലോക്കൽ സെക്രട്ടറി സി പ്രശാന്ത്, കർഷക സംഘം ഏരിയ ജോയിന്റ് സെക്രട്ടറി എസ് മനോജ്, വില്ലേജ് സെക്രട്ടറി പി ഉന്മേഷ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. കൂടുതൽ വാച്ചർമാരെ നിയമിക്കാനും ആർആർടി സംഘത്തെ എത്തിക്കാനും വനം വകുപ്പിന് നിർദേശം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ് പറഞ്ഞു.










0 comments