പ്രതിഷേധാഗ്നി

പാലക്കാട്
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ നടന്ന യുഡിഎഫ്–പൊലീസ് ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് പാലക്കാട് സ്റ്റേഡിയം ബസ്‌സ്റ്റാൻഡ് വരെ നടത്തിയ പ്രതിഷേധ മാർച്ചിൽ ആയിരത്തിലേറെപേർ അണിചേർന്നു. തിങ്കളാഴ്‌ച വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ് സംഘം പൊലീസിന്റെ ഒത്താശയോടെ ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. അക്രമം അവസാനിപ്പിക്കാൻ തയ്യാറാകാതെ പൊലീസും ആക്രമണത്തിന് മുമ്പിൽനിന്നു. ഓഫീസ് മുറ്റത്ത് അതിക്രമിച്ചുകടന്ന പൊലീസ് പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചു. മൂന്ന് എൽഡിഎഫ് പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. ഓഫീസിലേക്ക് യുഡിഎഫ് പ്രവർത്തകർ പടക്കവും കല്ലും സോഡാക്കുപ്പിയും എറിഞ്ഞതിന് ശേഷമാണ് ആക്രമണ സംഭവങ്ങൾ അരങ്ങേറിയത്. ഭരണം മാറിയപ്പോൾ പൊലീസുകാരുടെ പെരുമാറ്റം മാറുന്ന കാഴ്‌ചയാണ്. പൊലീസ് ഒരിക്കലും മാന്യത വിട്ട് യുഡിഎഫ് ഗുണ്ടകളായി പെരുമാറരുത്. പൊലീസുമായി ഒരു വിട്ടുവീഴ്‌ചയ്‌ക്കും സിപിഐ എം ഇതുവരെ നിന്നിട്ടില്ല. ഇങ്ങോട്ട് മാന്യമായി പെരുമാറിയാൽ തിരിച്ചും മാന്യമായി നേരിടും. ഇങ്ങോട്ട് ആക്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പറഞ്ഞു. പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ എൻ കൃഷ്ണദാസ്, സി കെ രാജേന്ദ്രൻ, കെ ശാന്തകുമാരി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പ്രഭാകരൻ, ടി കെ നൗഷാദ്, മുതിർന്ന നേതാവ് എ കെ ബാലൻ, ഏരിയ സെക്രട്ടറിമാരായ കെ കൃഷ്ണൻകുട്ടി, നിതിൻ കണിച്ചേരി, ആർ ശിവപ്രകാശ്, എ അനിതാനന്ദൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ഹംസ, എസ് സുഭാഷ് ചന്ദ്രബോസ്, ടി കെ അച്യുതൻ, പി എ ഗോകുൽദാസ്, സി പി പ്രമോദ്, കെഎസ്-കെടിയു ജില്ലാ പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ, ഡോ. പി സരിൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments