Deshabhimani

ഡിസംബർ 3ന് പാർലമെന്റ് മാർച്ച്

ഡിബിടി നീക്കത്തിനെതിരെ 
റേഷൻ വ്യാപാരികൾ 
പ്രക്ഷോഭത്തിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2026, 01:22 AM | 1 min read

പാലക്കാട്

റേഷൻ ഭക്ഷ്യധാന്യ വിതരണത്തിന് പകരം പണം നേരിട്ട് നൽകുന്ന ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) സമ്പ്രദായം നടപ്പാക്കാനുള്ള കേന്ദ്ര നയത്തിനെതിരെ റേഷൻ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 25-ന് തിരുവനന്തപുരം എജി ഓഫീസിനുമുന്നിൽ സത്യഗ്രഹവും ഡിസംബർ മൂന്നിന് പാർലമെന്റ് മാർച്ചും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. സബ്‌സിഡി ഭക്ഷ്യധാന്യ വിതരണം നിർത്തലാക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ തകിടം മറിക്കുമെന്നും പൊതുവിപണിയിൽ പൂഴ്‌ത്തിവയ്‌പ്പിനും വിലക്കയറ്റത്തിനും വഴിവയ്‌ക്കുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. റേഷൻ വ്യാപാരികൾ, സെയിൽസ്‌മാന്മാർ, എഫ്സിഐ തൊഴിലാളികൾ, കയറ്റിറക്ക്‌ തൊഴിലാളികൾ തുടങ്ങിയവരുടെ ഉപജീവനമാർഗം ഇല്ലാതാക്കും. പ്രതിമാസം ഒരാൾക്ക് 13.5 കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കുക, മുഴുവൻ കാർഡുടമകൾക്കും നിശ്ചിത നിരക്കിൽ 10 കിലോ ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും നൽകുക, വ്യാപാരികൾക്ക് കേന്ദ്രസർക്കാർ വേതനവും പെൻഷനും ഇൻഷുറൻസും സെയിൽസ്‌മാന്മാർക്ക് വേതനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണ, -പഞ്ചസാര വിഹിതം പുനഃസ്ഥാപിക്കുക, എഎവൈ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. വാര്‍ത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ വി പി ജയപ്രകാശ്, ജനറൽ സെക്രട്ടറി എ കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കെ എം അബ്ദുൾ സത്താർ, ജില്ലാ വൈസ് പ്രസിഡന്റ്‌ വി പി രഘുനാഥ്, താലൂക്ക് പ്രസിഡന്റ് എസ് ഗണേശൻ, സെക്രട്ടറി എച്ച് റാഫി, ജോയിന്റ് സെക്രട്ടറി പി എം അബ്ദുൾഖാദർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home